പിന്നോക്കാവാദത്തിന്റെ അപകടത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞർക്ക് മാർപ്പാപ്പയുടെ മുന്നറിയിപ്പ്:കൂടുതൽ സ്ത്രീകൾ ദൈവശാസ്ത്രജ്ഞരാകാൻ ആഹ്വാനം

പിന്നോക്കാവാദത്തിന്റെ അപകടത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞർക്ക് മാർപ്പാപ്പയുടെ മുന്നറിയിപ്പ്:കൂടുതൽ സ്ത്രീകൾ ദൈവശാസ്ത്രജ്ഞരാകാൻ ആഹ്വാനം

വത്തിക്കാൻ സിറ്റി: ദൈവശാസ്ത്രം പഠിക്കാൻ കൂടുതൽ സ്ത്രീകൾ കടന്ന് വരണമെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് മാർപാപ്പയുടെ ആഹ്വാനം. കൂടാതെ പാരമ്പര്യത്തിന്റെ പ്രാധാന്യം, സുവിശേഷത്തിന്റെ സാംസ്‌കാരിക അനുരൂപണം, ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളെക്കുറിച്ചും പാപ്പാ അംഗങ്ങളുമായി സംസാരിച്ചു.

പാരമ്പര്യത്തോടുള്ള ക്രിയാത്മകമായ വിശ്വസ്തതയോടെ മുന്നോട്ടു നീങ്ങുവാനാണ് പരിശ്രമിക്കേണ്ടതെന്ന് പാപ്പ പറഞ്ഞു. പാരമ്പര്യം ഒന്നുകിൽ വളരുകയോ അല്ലെങ്കിൽ നശിക്കുകയോ ചെയ്യണം. 'ഇൻഡിട്രിസം' അഥവാ 'പിന്നാക്കവാദം' ത്തിന്റെ അപകടങ്ങളെക്കുറിച്ചും മാർപാപ്പ മുന്നറിയിപ്പ് നൽകി. അത് വളരാൻ തടസം നിൽക്കുകയും പകരം എപ്പോഴത്തെയും പോലെ പിന്നോട്ട് പോകുകയും ചെയ്യുന്നു. സഭയിലെ ഈ പ്രവണത തിരുത്താൻ സഹായിക്കാൻ പാപ്പ ദൈവശാസ്ത്രജ്ഞരെ ക്ഷണിച്ചു.

പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ദൈവവചനത്തിന്റെയും, ദൈവജനത്തിന്റെ വിശ്വാസത്തിന്റെയും, സഭയുടെ ഔദ്യോഗികപഠങ്ങൾ, പ്രത്യേക പ്രാഭവങ്ങൾ എന്നിവയുടെ ശ്രവണത്തിലൂടെയും, കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിഞ്ഞും ആണ് ഇത് സാധ്യമാകേണ്ടതെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.

ദൈവശാസ്‌ത്രജ്ഞർ മറ്റുള്ളവരിൽ നിന്നും അറിവുകൾ സ്വീകരിക്കാൻ സന്നദ്ധരായിരിക്കണം.സുവിശേഷം കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനും, അത് വിവിധ സംസ്കാരങ്ങളിൽ അനുരൂപണം ചെയ്യുന്നതിനുമായി, അകത്തോലിക്കാരുൾപ്പെടെയുള്ള വിദഗ്ധരുമായി ആലോചിച്ച്, വിവിധ വിഭാഗങ്ങൾ നൽകുന്ന സംഭാവനകൾ വിവേകത്തോടെ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. അനേകം വിജ്ഞാനശാഖകൾ ഉണ്ടാവുക എന്നതിനേക്കാൾ, അവ പരസ്പരം സഹായിച്ച് മുന്നോട്ട് പോവുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു.

ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയുയെക്കുറിച്ചും മാർപാപ്പ സംസാരിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിനഡൽ പ്രക്രിയയുടെ പശ്ചാത്തലത്തിൽ കോളേജിയാലിറ്റി അഥവാ ഒരുമിച്ചുള്ള പ്രവർത്തനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഈ മേഖലയിൽ തികഞ്ഞ സിദ്ധാന്തം പഠിപ്പിക്കുകയും പുതിയവ പഠിപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യണ്ട മതബോധകരും അപകട സാദ്ധ്യതകൾ ഏറ്റെടുത്ത് മജിസ്റ്റീരിയത്താൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ദൈവശാസ്ത്രജ്ഞരും തമ്മിലുള്ള വ്യത്യാസം പാപ്പാ എടുത്തുകാട്ടി .

സഭയുടെ ജീവിതത്തിലും ദൗത്യത്തിലും സിനഡാലിറ്റിക്കുള്ള പ്രാധാന്യം സംബന്ധിച്ച രേഖ പറയുന്നതുപോലെ, മറ്റേതൊരു വിളിയും പോലെ, ദൈവശാസ്ത്രജ്ഞന്റെ ശുശ്രൂഷയും വ്യക്തിപരമെന്നതിനപ്പുറം സമൂഹപരവും കൂട്ടായതുമാണ് എന്ന് പാപ്പാ വിശദീകരിച്ചു.

അങ്ങനെ സഭാപരമായി ഒരുമിച്ചുള്ള പ്രവർത്തനം, ദൈവശാസ്ത്രജ്ഞരുടെ ഇടയിലും പരസ്പരം ശ്രവണത്തിനും സംവാദങ്ങൾക്കും ദൈവശാസ്ത്രം വളർത്തുന്നതിൽ വിവേചനത്തിനും, വൈവിധ്യങ്ങളുടെ സമന്വയത്തിനും പ്രേരിപ്പിക്കുന്നു എന്നും പാപ്പാ കൂട്ടിച്ചേർത്തു.

പരിശുദ്ധാത്മാവിന്റെ ശബ്ദത്തിനായി ഹൃദയം തുറക്കുക

പരസ്‌പര ശ്രവണം, സംവാദം, സാമുദായിക വിവേചനം എന്നിവയിലൂടെയും പരിശുദ്ധാത്മാവിന്റെ ശബ്ദത്തിനായി ഹൃദയം തുറന്നുകൊണ്ടും ഏറ്റെടുക്കുന്ന ദൈത്യത്തിന്റെ പ്രവർത്തനം ശാന്തവും ഫലപ്രദവുമാകുമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു. അവർ അന്വേഷിക്കുന്ന ചിന്താവിഷയങ്ങളുടെ വലിയ പ്രാധാന്യം പാപ്പ വീണ്ടും ഓർമ്മിപ്പിച്ചു.

കേൾക്കുന്നവർക്ക് അത്ഭുതവും വിസ്മയവും ഉണർത്തുന്ന വിധത്തിൽ ദൈവശാസ്ത്രം പഠിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. തുടർന്ന്, അംഗങ്ങളുടെ പ്രവർത്തനത്തിന് ഒരിക്കൽ കൂടി നന്ദി പറയുകയും അവരെ അനുഗ്രഹിക്കുകയും ചെയ്ത ശേഷം, ദൈവശാസ്ത്രജ്ഞരുടെ ഇടയിൽ സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണെന്നും ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു.

അത് ഒരു ഫാഷൻ ആയതുകൊണ്ടല്ല മറിച്ച് സ്ത്രീകൾ വ്യത്യസ്തമായ ബൗദ്ധിക വീക്ഷണം കൊണ്ടുവരുന്നതിനാലാണ്. ദൈവശാസ്‌ത്രം കൂടുതൽ ആഴമുള്ളതും കൂടുതൽ സ്വാദിഷ്ടമായതുമാക്കാൻ അവർക്ക് കഴിയുമെന്നും ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.