മെക്സിക്കോ ഉൾക്കടലിൽ വീണ ചെറുപ്പക്കാരൻ ജീവനോടെ പൊങ്ങി കിടന്നത് 15 മണിക്കൂറോളം; താങ്ക്സ് ഗിവിംങ് അത്ഭുതങ്ങളിലൊന്നെന്ന് രക്ഷാപ്രവർത്തകർ

മെക്സിക്കോ ഉൾക്കടലിൽ വീണ ചെറുപ്പക്കാരൻ ജീവനോടെ പൊങ്ങി കിടന്നത് 15 മണിക്കൂറോളം; താങ്ക്സ് ഗിവിംങ് അത്ഭുതങ്ങളിലൊന്നെന്ന് രക്ഷാപ്രവർത്തകർ

ബാറ്റൺ റൂജ് (ലൂസിയാന): മെക്സിക്കോ ഉൾക്കടലിൽ നിന്ന് കാർണിവൽ ക്രൂയിസ് കപ്പലിൽ യാത്രചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരനെ താങ്ക്സ് ഗിവിംങിന്റെ തലേദിവസം കാണാതാവുകയും തുടർന്ന് വ്യോമമാർഗവും കടൽ മാർഗവും നടത്തിയ തിരച്ചിലിൽ കടലിൽ പൊങ്ങി കിടക്കുന്ന നിലയിൽ അയാളെ കണ്ടെത്തുകയും ചെയ്ത അസാധാരണ സംഭവത്തെ താങ്ക്സ് ഗിവിംങ് അത്ഭുതങ്ങളിലൊന്ന് എന്നാണ് രക്ഷാപ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

താങ്ക്സ് ഗിവിംങ് ദിനത്തിന്റെ തലേന്ന് ന്യൂ ഓർലിയാൻസിൽ നിന്ന് മെക്സിക്കോയിലെ കോസുമെലിലേക്ക് കാർണിവൽ ക്രൂയിസ് കപ്പൽ യാത്ര പുറപ്പെട്ട് ആദ്യ മണിക്കൂറുകൾക്കുള്ളിലാണ് സംഭവം നടക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒരു സഹോദരനും സഹോദരിയും കപ്പലിലെ ബാറിൽ സമയം ചിലവഴിക്കുകയായിരുന്നു. ഇടയിൽ രാത്രി ഏകദേശം 11 മണിയോടെ വിശ്രമമുറി ഉപയോഗിക്കാനായി പോയ അയാൾ പിന്നീട് തിരികെ വന്നില്ല.

മണിക്കൂറുകൾ കടന്നുപോയി. എന്നിട്ടും 28 കാരനായ സഹോദരൻ തിരികെയെത്താതിനെ തുടർന്ന് സഹോദരി കപ്പലിൽ അവളെക്കൊണ്ട് കഴിയും പോലെ അയാൾക്കായി അന്വേഷണം ആരംഭിച്ചു. തിരച്ചിൽ ഫലം കാണാത്തതിനെ തുടർന്നാണ് താങ്ക്സ് ഗിവിംങ് ദിവസം ഉച്ചയ്ക്ക് അവൾ കപ്പലിലെ അധികൃതരുമായി ബന്ധപ്പെട്ടതെന്ന് കാർണിവൽ വക്താവ് മാറ്റ് ലുപോളി വ്യക്തമാക്കി.

ഉടനെ തന്നെ കാണാതായ യാത്രക്കാരനോട് എത്രയും വേഗം റിപ്പോർട്ട് ചെയ്യാനുള്ള അറിയിപ്പുകൾ കപ്പലിൽ മുഴങ്ങി. രണ്ട് മണിയോടെ റിപ്പോർട്ട് ചെയ്യാനുള്ള അവസാന അറിയിപ്പും നൽകിയ ശേഷം സുരക്ഷ ഉദ്യോഗസ്ഥർ കാണാതായ യാത്രക്കാരന്റെ ഫോട്ടോ ഉപയോഗിച്ചുകൊണ്ട് തിരയാൻ തുടങ്ങി. എന്നാൽ നിരാശയായിരുന്നു ഫലം. ചെറുപ്പക്കാരൻ എങ്ങനെ അപ്രത്യക്ഷമായെന്നോ എവിടേയ്ക്ക് പോയെന്നോ യാതൊരു സൂചനയും ലഭിച്ചില്ല.

യാത്രക്കാരനെ കാണാതായ അടിയന്തിര സാഹചര്യം നിലനിൽക്കുന്നതിനാൽ തങ്ങളുടെ ലക്ഷ്യസ്ഥാനമായ മെക്സിക്കോയിലെ കോസുമെലിൽ എത്തിച്ചേരാൻ വൈകുമെന്ന് കപ്പൽ അധികൃതർ യാത്രക്കാർക്ക് അറിയിപ്പ് നൽകി. കൂടാതെ ചെറുപ്പക്കാരനെ അന്വേഷിക്കാനുള്ള അറിയിപ്പുകൾ കോസ്റ്റ് ഗാർഡിനും നൽകിയിരുന്നു.

ഉച്ചയ്ക്ക് 2:30 ഓടെ ക്രൂയിസ് കപ്പലിൽ നിന്ന് ഒരു യാത്രക്കാരനെ കാണാതായാതായി കോസ്റ്റ് ഗാർഡിന് സന്ദേശം ലഭിച്ചതായി കോസ്റ്റ് ഗാർഡ് ലെഫ്റ്റനന്റ് ഫിലിപ്പ് വാൻഡർവെയ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. താമസിയാതെ, വ്യോമമാർഗവും കടൽ മാർഗവും ചെറുപ്പക്കാരനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മെക്സിക്കോ ഉൾക്കടലിൽ എല്ലാ നാവികർക്കും വിഷയത്തെ കുറിച്ച് അറിയിപ്പ് നൽകി.

സാധ്യമായ എല്ലാ മാർഗങ്ങൾ ഉപയോഗിച്ചും തങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായി യു‌എസ്‌സി‌ജിയുടെ സെർച്ച് ആൻഡ് റെസ്‌ക്യൂ കോർഡിനേറ്റർ ലെഫ്റ്റനന്റ് സേത്ത് ഗ്രോസ് പറഞ്ഞു. ചെറുപ്പക്കാരന് വേണ്ടിയുള്ള തിരച്ചിൽ 200 മൈലിലധികം നീണ്ടു.

ചെറുപ്പക്കാരനെ അവസാനമായി കണ്ടതും കോസ്റ്റ് ഗാർഡിന് മുന്നറിയിപ്പ് നൽകിയതും തമ്മിലുള്ള സമയ വ്യത്യാസം കണക്കിലെടുക്കുമ്പോൾ, മെക്സിക്കോ ഉൾക്കടലിൽ നാവികരുമായി ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമായിരുന്നുവെന്നും ഗ്രോസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലെ ഈ മേഖലയിലെ ജലത്തിന്റെ താപനില 70 ഡിഗ്രിക്ക് മുകളിലായിരുന്നു.

അതിനിടെ രാത്രി 8:25 ഓടെ ലൂസിയാനയിലെ തെക്കുപടിഞ്ഞാറൻ മലയിടുക്കിനും ഏകദേശം 20 മൈൽ തെക്ക് ഒരു മനുഷ്യൻ വെള്ളത്തിൽ കിടക്കുന്നതായി ക്രിനിസ് എന്ന മോട്ടോർ കപ്പലിലെ ജീവനക്കാർ കണ്ടെത്തി. ഉടനെ തന്നെ ന്യൂ ഓർലിയാൻസിൽ നിന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ അവിടെയെത്തുകയും അയാളെ അവിടെനിന്നും രക്ഷിക്കുകയും ചെയ്തു. ചെറുപ്പക്കാരൻ കോസ്റ്റ് ഗാർഡ് ജീവനക്കാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടായിരുന്നു.

സ്വന്തം പേര് ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞതോടെയാണ് കപ്പലിൽ നിന്ന് കാണാതായ വ്യക്തിയെയാണ് തങ്ങൾ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചതെന്ന് യുഎസ്സിജി പെറ്റി ഓഫീസർ റയാൻ ഗ്രേവ്സ് പറഞ്ഞു. ചെറുപ്പക്കാരനെ പിന്നീട് ന്യൂ ഓർലിയൻസ് ലേക്‌ഫ്രണ്ട് എയർപോർട്ടിലെ എമർജൻസി മെഡിക്കൽ ഉദ്യോഗസ്ഥരുടെ അടുത്ത് സുരക്ഷിതമായി എത്തിച്ചതായും ഗ്രേവ്സ് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതർ വിലയിരുത്തി വരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.

രക്ഷിക്കുന്ന സമയത്ത് ചെറുപ്പക്കാരൻ ശരീര താപനില 35 ഡിഗ്രി സെൽഷ്യസിൽ താഴെയാകുന്ന അവസ്ഥയായ ഹൈപ്പോതെർമിയ, നിർജ്ജലീകരണം, അപകടത്തെ തുടർന്നുണ്ടായ മനസികാഘാതം എന്നിവയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടായിരുന്നുവെന്ന് സേത്ത് ഗ്രോസ് പറഞ്ഞു. പക്ഷെ അയാൾക്ക് പ്രതികരിക്കാനും നടക്കാനും കഴിയുന്നുണ്ട്. താൻ എന്തുകൊണ്ടാണ് കപ്പലിൽ വീണതെന്നോ ഏത് സമയത്താണ് അത് സംഭവിച്ചതെന്നോ ഉള്ള ചോദ്യങ്ങൾക് വ്യക്തമായ മറുപടികളൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇത്രയും സമയം ജലത്തിന്റെ ഉപരിതലത്തിന് മുകളിൽ പൊങ്ങിക്കിടക്കാൻ ചെറുപ്പക്കാരന് കഴിഞ്ഞു എന്നത് നിസ്സാരമായി എടുക്കാൻ കഴിയാത്ത കാര്യമാണെന്ന് ഗ്രോസ് പറഞ്ഞു. രക്ഷാപ്രവർത്തകർക്ക് അദ്ദേഹം എത്രനേരം വെള്ളത്തിൽ ഉണ്ടായിരുന്നുവെന്ന് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഏകദേശം 15 മണിക്കൂറിൽ കൂടുതൽ സമയം ചെറുപ്പക്കാരൻ വെള്ളത്തിൽ കിടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

താൻ കേട്ടിട്ടുള്ളതിൽ വച്ച് ഒരാൾ വെള്ളത്തിൽ പൊങ്ങി കിടക്കുന്നതിന്റെ ഏറ്റവും ദൈർഘ്യമേറിയ സമയമാണിതെന്നും തന്റെ 17 വർഷത്തെ ഔദ്യോഗികജീവിതത്തിനിടയിൽ ഇതുവരെ ഭാഗമായിട്ടുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമായ സംഭവമാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു. കൂടാതെ ഒരു താങ്ക്സ് ഗിവിംങ് അത്ഭുതങ്ങളിൽ ഒന്ന് മാത്രമാണിതെന്നും ഗ്രോസ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.