ബീജിംഗ്: മൂന്ന് വർഷമായി തുടരുന്ന കോവിഡ് നിയന്ത്രണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ചൈനയിലെ ഷാങ്ഹായ് മേഖലയിൽ നടന്ന വ്യാപക പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ബിബിസിയുടെ ഉൾപ്പെടെ മാധ്യമപ്രവർത്തകരെ ചൈനീസ് പോലീസ് ആക്രമിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ആരോപണം.
കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ ലോക്‌ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും വീണ്ടും കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ബിബിസിയുടെ മുതിർന്ന മാധ്യമപ്രവർത്തകനും ക്യാമറ ഓപ്പറേറ്ററുമായ എഡ് ലോറൻസിനെ മർദിച്ചതായി ചാനൽ റിപ്പോർട്ട് ചെയ്തു. പിന്നീട് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകൾക്ക് ശേഷം വിട്ടയക്കുകയും ചെയ്തതായും ചാനൽ വ്യക്തമാക്കി.
സംഭവത്തിൽ ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റ് അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. ലോറൻസിനെ തടങ്കലിൽ വച്ചതിന് വിശ്വസനീയമായ ഔദ്യോഗിക വിശദീകരണമോ ക്ഷമാപണമോ ഉണ്ടായിട്ടില്ലെന്നും ബിബിസി പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യുന്നത് തടയാൻ ശ്രമിച്ചതിനെ ഒരു പ്രാദേശിക പൗരനെയും അറസ്റ്റ് ചെയ്തതായി പിന്നീട് ലോറൻസ് ട്വീറ്റ് ചെയ്തു. വിഷയത്തിൽ ലണ്ടനിലെ ചൈനയുടെ എംബസിയെ ബിബിസി സമീപിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തിയ പ്രദേശങ്ങളിലൊന്നായ ഷിൻജിയാംങിലെ ഉറുംചിയിൽ ഏകദേശം 40 ലക്ഷത്തോളം ജനങ്ങൾ 100 ദിവസത്തോളമായി വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ലോക്‌ഡൗൺ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ഉറുംചി നഗരത്തിൽ ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.
കഴിഞ്ഞ ദിവസം ഇവിടുത്തെ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടതോടെയാണ് ജനരോഷം മറനീക്കി പുറത്തെത്തിയത്. കെട്ടിടം ഭാഗിക ലോക്ക്ഡൗണിലായിരുന്നതിനാൽ താമസക്കാർക്ക് കൃത്യസമയത്ത് പുറത്തുകടക്കാനായില്ലെന്നാണ് ആരോപണം. എന്നാൽ ആരോപണം ചൈനീസ് അധികൃതർ തള്ളി.
'ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ മടുത്തു', 'ഷി ചിൻപിങ്ങിനെ മടുത്തു', 'ഉംറുകിയെ സ്വതന്ത്രമാക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനങ്ങൾ തെരുവിൽ പ്രതിഷേധിച്ചത്. അതേ സമയം, ഷിൻജിയാംഗിൽ മാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഇളവ് ചെയ്യുമെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. വ്യാപനശേഷി കുറഞ്ഞ പ്രദേശങ്ങളായി തിരിച്ചാകും ഇളവുകൾ. എന്നാൽ ഇളവുകൾ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.
66 ലക്ഷം പേർ താമസിക്കുന്ന ഷെങ്‌ഷോവിലെ 8 ജില്ലകളിലെ ജനങ്ങളോട് അടുത്ത 5 ദിവസത്തേക്ക് ഭക്ഷണത്തിനോ ചികിത്സയ്ക്കോ അല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചു. രാജ്യത്തെ പല പ്രവിശ്യകളിലെയും ജനങ്ങളോട് കഴിയുന്നത്ര വീടുകളിൽത്തന്നെ കഴിയാനാണു നിർദേശം. ഷോപ്പിങ് മാളുകളും ഓഫിസുകളും ഏറെയും അടച്ചിട്ടിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.