ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം;  ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്. ചാന്‍സലറുടെ അനൂകൂല്യങ്ങളും മറ്റ് ചിലവുകളും സര്‍വ്വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് ബില്ലില്‍ പറയുന്നു.

കരട് ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ചാന്‍സലറുടെ നിയമനം അഞ്ച് വര്‍ഷത്തേക്കായിരിക്കും. കാലാവധി തീരുന്നതിന് അനുസരിച്ച് ഒരു തവണ കൂടെ പുനര്‍നിയമനം ഉണ്ടാകാം. ചാന്‍സലര്‍മാരുടെ ആസ്ഥാനം സര്‍വകലാശാലകള്‍ തന്നെയായിരിക്കും. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരാകും പ്രോ ചാന്‍സലര്‍മാരെന്നും ബില്ല് വ്യക്തമാക്കുന്നു.

ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുകയാണ് ഈ സമ്മേളനത്തിലെ പ്രധാന അജണ്ട. കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന കരട് ബില്‍ നിയമവകുപ്പ് തയ്യാറാക്കി മന്ത്രിസഭ യോഗത്തിന് സമര്‍പ്പിച്ചിരിന്നു. ഇതിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്.

ആര്‍ട്സ് ആന്റ് സയന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സലര്‍ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍ ഉണ്ടാകും.

ഒരു ബില്‍ പാസാാക്കുമ്പോള്‍ സര്‍ക്കാരിന് അധികസാമ്പത്തിക ബാധ്യത വരുമെങ്കില്‍ അത് നിയമസഭയില്‍ കൊണ്ടുവരും മുന്‍പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഈ സാഹചര്യം സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.

ബില്‍ നിയമസഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി സര്‍ക്കാര്‍ തേടിയേക്കും. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസിന് വിയോജിപ്പ് ഉള്ളത് കൊണ്ട് ബില്‍ ഐകകണ്‌ഠ്യേന പാസാകാന്‍ സാധ്യതയില്ല. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകളില്‍ ലീഗിന് അതൃപ്തിയുണ്ടെങ്കിലും ബില്ലിനെ പിന്തുണയ്ക്കാന്‍ സാധ്യതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.