സൊമാലിയയിൽ വീണ ഉൽക്കാശിലയിൽ നിന്നും ഭൂമിയിൽ ഇതുവരെ കണ്ടെത്താത്ത രണ്ട് ധാതുക്കൾ വേർതിരിച്ചു; മൂന്നാമതൊന്നിന് സാധ്യതയെന്നും ഗവേഷകർ

സൊമാലിയയിൽ വീണ ഉൽക്കാശിലയിൽ നിന്നും ഭൂമിയിൽ ഇതുവരെ കണ്ടെത്താത്ത രണ്ട് ധാതുക്കൾ വേർതിരിച്ചു; മൂന്നാമതൊന്നിന് സാധ്യതയെന്നും ഗവേഷകർ

ഒട്ടാവ: കിഴക്കൻ ആഫ്രിക്കയിലെ സൊമാലിയയിൽ പതിച്ച ഉൽക്കാശിലയിൽ നിന്നും ഭൂമിയിൽ ഇതുവരെ കണ്ടെത്താത്ത രണ്ട് ധാതുക്കൾ കണ്ടെത്തി കനേഡിയൻ ശാസ്ത്രജ്ഞർ. 15 ടൺ ഭാരമുള്ള ഉൽക്കാശിലയുടെ ഒരു ഭാഗം മാത്രം വിശകലനം ചെയ്ത് കണ്ടെത്തിയ ധാതുക്കൾക്ക് എലാലൈറ്റ്, എൽക്കിസ്റ്റാന്റോണൈറ്റ് എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്.

കൂടാതെ മൂന്നാമതൊരു ധാതുവിനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്ന് ഗവേഷണ സംഘം നിരീക്ഷണങ്ങൾ തുടരുകയാണ്. കണ്ടെത്തിയതിന് പിന്നാലെ ഇരുമ്പ് അധിഷ്ഠിത ഉൽക്കാശിലയുടെ 70 ഗ്രാം വർഗീകരണത്തിനായി കാനഡയിലെ ആൽബെർട്ട സർവകലാശാലയുടെ ഉൽക്കാശില ശേഖരത്തിലേക്ക് അയച്ചിരുന്നു.


ഉൽക്കാശില വേർതിരിക്കുന്നതിനിടയിൽ അസാധാരണ ധാതുക്കളുടെ സാന്നിധ്യം  എർത്ത് ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസ് വിഭാഗത്തിലെ പ്രൊഫസറും ശേഖരത്തിന്റെ ക്യൂറേറ്ററുമായ ഡോ. ക്രിസ് ഹെർഡിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ഡോ. ഹെർഡ് സർവകലാശാലയുടെ ഇലക്‌ട്രോൺ മൈക്രോപ്രോബ് ലബോറട്ടറി മേധാവി ആൻഡ്രൂ ലോക്കോക്കിനോട് കൂടുതൽ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യപ്പെട്ടു.

വിശകലനങ്ങൾ നടത്തിയശേഷം ആദ്യദിനം തന്നെ ലോക്കോക്കും പുതിയ ധാതുക്കളുടെ കണ്ടെത്തൽ ശരിവെച്ചു. പലപ്പോഴും ഒരു പുതിയ ധാതു ഉണ്ടെന്ന് പറയാൻ വളരെയധികം ജോലി ആവശ്യമാണെങ്കിലും ഇത്ര വേഗം കണ്ടെത്തൽ ശരിവെക്കുന്നത് അസാധാരണമായിരുന്നുവെന്ന് ഡോ.ഹെർഡ് പറഞ്ഞു

സമാനമായ ധാതുക്കൾ 1980 കളിൽ ഒരു ലാബിൽ കൃത്രിമമായി സൃഷ്ടിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രകൃതിയിൽ പ്രത്യക്ഷപ്പെടുന്നതായി കണ്ടെത്തിയിട്ടില്ല. "പ്രകൃതിയുടെ ലബോറട്ടറി" എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ഈ പുതിയ ധാതുക്കൾ വഴി കഴിയുമെന്നും ഈ ധാതുക്കൾക്ക് ഇതുവരെ അജ്ഞാതമായ എന്തെങ്കിലും ഉപയോഗങ്ങൾ ഉണ്ടായിരിക്കാമെന്നും ഡോ. ഹെർഡ് വ്യക്തമാക്കി.

2020 ലാണ് സൊമാലിയയിൽ നിന്നും ഈ ഉൽക്കാശില കണ്ടെത്തിയത്. രണ്ട് മീറ്ററിലധികം വീതി ഉൽക്കാശില ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ഒമ്പതാമത്തെ ശിലയാണ്. ഏകദേശം 90 ശതമാനം ഇരുമ്പും നിക്കലുമാണ് ഈ ശിലയിൽ അടങ്ങിയിരിക്കുന്നത്. ഹൈറാൻ മേഖലയിലെ എൽ അലി പട്ടണത്തിന് സമീപം കണ്ടെത്തിയതിനാൽ എൽ അലിയെന്നാണ് ഈ ഉൽക്കാശിലയെ പാശ്ചാത്യ ശാസ്ത്രജ്ഞർ വിളിക്കുന്നത്.

രണ്ട് വർഷം മുമ്പാണ്‌ ഇത് കണ്ടെത്തിയതെങ്കിലും ഉൽക്കശിലയ്ക്ക് അതിൽ കൂടുതൽ പഴക്കമുണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. അവർ കല്ലിനെ നൈറ്റ്ഫാൾ എന്നാണ് വിളിക്കുന്നത്. അഞ്ച് തലമുറകളിലേക്ക് നീളുന്ന കവിതകളിലും പാട്ടുകളിലും നൃത്തങ്ങളിലും നൈറ്റ്ഫാളിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.


സൊമാലിയയിലെ എൽ അലി പട്ടണത്തിന് സമീപം കണ്ടെത്തിയ ഉൽക്കാശില

ലോഹങ്ങളാൽ സമ്പന്നമായ ഛിന്നഗ്രഹത്തിലേക്ക് ബഹിരാകാശ പേടകം അയക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ഭാവി പദ്ധതിയായ സൈക്കി മിഷന്റെ പ്രധാന അന്വേഷകനായ ലിൻഡി എൽക്കിൻസ് ടാൻടണിനോടുള്ള ആദരസൂചകമായാണ് ഒരു ധാതുവിന് എൽക്കിസ്റ്റാന്റോണൈറ്റ് എന്ന് പേരിട്ടിരിക്കുന്നത്. കൂടാതെ ഉൽക്കാശില കണ്ടെത്തിയത് എൽ അലി എന്ന പ്രദേശത്ത് നിന്നായതിനാലാണ് രണ്ടാമത്തെ ധാതുവിന് എലാലൈറ്റ് എന്നും ശാസ്ത്രജ്ഞർ പേര് നൽകിയത്.

ഗ്രഹങ്ങളുടെ കാമ്പുകൾ എങ്ങനെ രൂപം കൊള്ളുന്നു, ഈ ഇരുമ്പ് നിക്കൽ കോറുകൾ എങ്ങനെ രൂപം കൊള്ളുന്നു, നമുക്ക് ഏറ്റവും അടുത്ത അനലോഗ് ഇരുമ്പ് ഉൽക്കാശിലകളാണ് എന്നിങ്ങനെയുള്ള വസ്തുതകൾ തിരിച്ചറിയാൻ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കൂടിയായ ലിൻഡി എൽക്കിൻസ് ടാൻടൺ സഹായിച്ചിട്ടുണ്ട്. അതിനാൽ ധാതുവിന് ലിൻഡിയുടെ പേര് നൽകുകയും ശാസ്ത്രത്തിന് അവർ നൽകിയ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നത് അർത്ഥവത്താണെന്നും ഡോ. ഹെർഡ് പറഞ്ഞു.

ആൽബർട്ട സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇതേ ഉൽക്കാശിലയിൽ നിന്നുള്ള മറ്റ് സാമ്പിളുകൾ പരിശോധിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഉൽക്കാശിലകൾ പലപ്പോഴും അന്താരാഷ്ട്ര വിപണികളിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ശില ചൈനയിലേക്ക് നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ടെന്ന് ഡോ. ഹെർഡ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.