ലണ്ടൻ: കരയിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ ജീവിയായ ജോനാഥൻ എന്ന ആമ തന്റെ 190 ആം പിറന്നാൾ ആഘോഷിക്കുകയാണ്. നിലവിൽ തെക്കൻ അറ്റ്‌ലാൻഡിക് സമുദ്രത്തിലെ സെന്റ് ഹെലെന ദ്വീപിൽ താമസമാക്കിയിരിക്കുന്ന ഈ ഭീമൻ ആമയുടെ ജനനം കിഴക്കേ ആഫ്രിക്കൻ രാജ്യമായ സെയ്‌ഷെൽസിൽ 1832 ലാണെന്ന് കരുതപ്പെടുന്നു.
എന്നാൽ ഈ വർഷം നവംബറിലാണ് ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയുടെ ഗവർണറായ നൈജൽ ഫിലിപ്പ് 1832 ഡിസംബർ നാലിനാണ് ജോനാഥൻ ജനിച്ചത് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജോനാഥൻ ഒരു പക്ഷേ അതിന് മുമ്പേ ജനിച്ചിട്ടുണ്ടാകാമെന്നും വാദിക്കുന്നവരുണ്ട്.
ഏതായാലും ജനിച്ച് ഏകദേശം 50 വർഷങ്ങൾ ശേഷം പൂർണ്ണ വളർച്ചയുള്ളവനായി 1882 ൽ ജോനാഥാനെ ഗവർണർക്കുള്ള ഒരു ഉപഹാരമായി സെയ്‌ഷെൽസിൽ നിന്ന് ബ്രിട്ടന്റെ അധീനതയിലുള്ള സെന്റ് ഹെലെനയിലേക്ക് എത്തിക്കുകയായിരുന്നു. ജോനാഥനൊപ്പം മറ്റ് മൂന്ന് ആമകളും അന്നുണ്ടായിരുന്നു.
സെന്റ് ഹെലെന എന്ന പേര് പലർക്കും സുപരിചിതമായിരിക്കും. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബൊണപ്പാർട്ട് തന്റെ അവസാന ദിനങ്ങൾ ചെലവഴിച്ചത് സെന്റ് ഹെലെനയിലാണ്. വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെട്ട് ഇവിടേയ്ക്ക് നാടുകടത്തപ്പെട്ട നെപ്പോളിയൻ 1921ലാണ് അന്തരിച്ചത്.
നിലവിൽ സെന്റെ ഹെലെന ഗവർണറുടെ ഔദ്യോഗിക വസതി പരിസരത്താണ് ജോനാഥന്റെ വാസം. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഒരു സ്പെഷ്യൽ സ്റ്റാമ്പും പുറത്തിറക്കി. നാളെ ജോനാഥന്റെ ഇഷ്ട വിഭവങ്ങൾ ചേർത്തുള്ള പിറന്നാൾ കേക്ക് നൽകുന്നതോടെ മൂന്ന് ദിവസം നീണ്ട ആഘോഷങ്ങൾ സമാപിക്കും.
ജോനാഥന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ആനിമേറ്റഡ് വീഡിയോ ഉൾപ്പെടെയുള്ള ഹൈലൈറ്റുകളോടെ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താമസക്കാരെ ഒരുമിച്ച് കൂട്ടിയുള്ള ആഘോഷങ്ങൾ വെള്ളിയാഴ്ച ഗവർണറുടെ വസതിയിലാണ് ആരംഭിച്ചത്. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും.
കാരറ്റ്, ലെറ്റ്യൂസ്, വെള്ളരി, ആപ്പിൾ, പിയർ തുടങ്ങിയവ ജോനാഥന് ഏറെ ഇഷ്ടമാണ്. ഈ വർഷം ആദ്യം ലോകത്ത് കരയിൽ ജീവിക്കുന്നതിലെ ഏറ്റവും പ്രായം കൂടിയ ജീവിയെന്ന ഗിന്നസ് റെക്കോഡ് ജോനാഥന് ലഭിച്ചിരുന്നു. ആമകളും ടെറാപ്പിനുകളും അടങ്ങുന്ന ചെലോണിയൻ വിഭാഗത്തിലെ ഏറ്റവും പ്രായം ജീവി എന്ന റെക്കോഡ് ഈ മാസം ലഭിച്ചു. അതുപോലെ തന്നെ പ്രാദേശിക അഞ്ച് പെൻസ് നാണയത്തിന്റെ ഒരുവശത്ത് ജോനാഥന്റെ ചിത്രമാണ് എന്നതും ശ്രദ്ധേയമാണ്.
സീഷെൽസിൽ നിന്ന് സെന്റ് ഹെലെനയിൽ 1882 ൽ എത്തിയപ്പോൾ ജോനാഥൻ പൂർണ വളർച്ചയെത്തിയ ആമയായിരുന്നു. അതിനാൽ കുറഞ്ഞത് 50 വയസ്സ് പ്രായമുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ജോനാഥന്റെ പ്രായം കണക്കാക്കുന്നതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറയുന്നു.
188 വയസ്സുവരെ ജീവിച്ച തുയി മലീല എന്ന ആമയുടെ പേരിലായിരുന്നു മുമ്പ് ഏറ്റവും പ്രായം കൂടിയ ജീവിയെന്ന ഗിന്നസ് റെക്കോര്‍ഡ്. ഈ ആമയെ 1777-ൽ ക്യാപ്റ്റൻ കുക്ക് ടോംഗയിലെ രാജകുടുംബത്തിന് സമ്മാനിക്കുകയും 1965-ൽ മരണം വരെ അവരുടെ സംരക്ഷണയിൽ തുടരുകയും ചെയ്തു.
ദുരന്ത പര്യവസായിയായ ഒരു പ്രണയകഥകൂടിയുണ്ട് ജോനാഥന്. 1991 ൽ ജോനാഥന് ഒരു ഇണയെ നൽകി. ഫ്രെഡറിക്ക എന്നായിരുന്നു അവളുടെ പേര്. 26 വർഷങ്ങൾ അവർ ഇരുവരും സന്തോഷത്തോടെ ജീവിച്ചു. എങ്കിലും കുഞ്ഞുങ്ങൾ ഉണ്ടായില്ല. ഒടുവിൽ എന്തുകൊണ്ട് സന്താനോല്പാദനം നടക്കുന്നില്ല എന്നറിയാൻ പരിശോധന നടത്തിയവർ ഞെട്ടി. കാരണം ഫ്രെഡറിക്ക ഒരു 'ആൺ' ആമയായിരുന്നു.
പ്രായത്തിന്റേതായ ചില അവശതകൾ ജോനാഥനിൽ കാണാനുണ്ട്. അവന്റെ തൊലി മുഴുവനും ചുളിവുകളാൽ നിറഞ്ഞിരിക്കുകയാണ്. തിമിരം ബാധിച്ചതിനെ തുടർന്ന് അന്ധതയും ഉണ്ട്. കൂടാതെ ഗന്ധം തിരിച്ചറിയാനും ജോനാഥൻ നിലവിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
എന്ത് തന്നെയായാലും രണ്ട് ലോകമഹായുദ്ധങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയർച്ചയും താഴ്ചയും മഹാമാരികളും അടക്കമുള്ള ലോകസംഭവങ്ങൾ നടക്കുമ്പോഴൊക്കെ ജോനാഥൻ ഭൂമുഖത്ത് തന്റെ ജീവിതം ആസ്വദിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.