റായ്പൂര്‍: വിവിധ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ബില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഏകകണ്ഠമായി പാസാക്കി. പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശം നേടുന്നതിനുള്ള സംവരണ ബില്ലാണ് പാസാക്കിയത്. പുതിയ ഭേദഗതി പ്രകാരം പട്ടികവര്‍ഗക്കാര്‍ക്ക് 32 ശതമാനം, പട്ടികജാതിക്കാര്‍ക്ക് 13 ശതമാനം, ഒബിസിക്ക് 27 ശതമാനം, ഇഡബ്ല്യുഎസിക്ക് നാല് ശതമാനം എന്നിങ്ങനെയാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2022 ഡിസംബര്‍ രണ്ടിനാണ് ഛത്തീസ്ഗഢ് നിയമസഭ പുതിയ സംവരണ ബില്‍ ഏകകണ്ഠമായി പാസാക്കിയത്. ബാഗേല്‍ സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് ബില്‍ പാസാക്കിയത്. ബില്‍ നിലവില്‍ വരുന്നതോടെ വിവിധ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം 76 ശതമാനമായി വര്‍ധിക്കും.
അതേസമയം ബിജെപി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പിന്നോക്ക സംവരണം ഒരു വിഷയമായിരുന്നു. എന്നാല്‍ സംവരണം നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതിനായി ബിജെപി മന്ത്രിമാരുടെ കമ്മിറ്റി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് പോലും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചില്ല. ഏഴ് വര്‍ഷം കൊണ്ട് വ്യക്തമായ കണക്ക് ശേഖരിക്കാന്‍ പോലും ബിജെപിക്ക് സാധിച്ചില്ലെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കുറ്റപ്പെടുത്തി.
ഛത്തീസ്ഗഡില്‍ ഭൂരിഭാഗം ആളുകളും വനമേഖലയിലാണ് താമസിക്കുന്നത്. അവരുടെ അവസ്ഥ വളരെ മോശമാണ്. സംവരണത്തില്‍ ഇവര്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. പട്ടികജാതി വിഭാഗത്തിന് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംവരണം 16 ശതമാനമായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുന്നതിന് മന്ത്രിമാര്‍ ഇന്ന് തന്നെ രാജ്ഭവനിലേക്ക് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബില്ലുകള്‍ ജുഡീഷ്യല്‍ അവലോകനത്തിന് ശേഷം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതി കേന്ദ്രം നടപ്പിലാക്കിയതിന് ശേഷമാണ് സംവരണം പ്രാബല്യത്തില്‍ വരുക. ഇതിനായി പാര്‍ട്ടിയിലെയും പ്രതിപക്ഷത്തേയും എല്ലാ അംഗങ്ങളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഛത്തീസ്ഗഢിലെ ആകെ സംവരണം 76 ശതമാനമാക്കുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു. ബില്ലില്‍ പട്ടികജാതിക്കാരുടെ സംവരണം 13 ല്‍ നിന്ന് 16 ആയും ഇഡബ്ല്യുഎസിക്ക് നാല് ശതമാനത്തില്‍ നിന്ന് 10 ശതമാനമായും ഉയര്‍ത്തണമെന്ന് എംഎല്‍എ ധരംജിത് സിങ് ആവശ്യപ്പെട്ടു.
2012 വരെ ഛത്തീസ്ഗഢില്‍ 50% സംവരണമായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ 2012 മുതല്‍ 68% സംവരണമാണ് സംസ്ഥാനത്ത്. ഇപ്പോള്‍ 76% സംവരണത്തിനുള്ള ബില്ലാണ് ഛത്തീസ്ഗഢ് നിയമസഭ ഏകകണ്ഠമായി പാസാക്കിയത്.
പുതിയ സംവരണ ബില്‍ നിയമസഭ പാസാക്കിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. നേതാക്കളും പ്രവര്‍ത്തകരും പടക്കം പൊട്ടിച്ച് മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. ബാഗേല്‍ സര്‍ക്കാരിന്റെ വലിയ നേട്ടമായാണ് കോണ്‍ഗ്രസ് ഇതിനെ കണക്കാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.