ഡൊമിനിക് ലാപിയര്‍ അന്തരിച്ചു; വിട വാങ്ങിയത് കോളിന്‍സിനൊപ്പം 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' രചിച്ച വിഖ്യാത എഴുത്തുകാരന്‍

ഡൊമിനിക് ലാപിയര്‍ അന്തരിച്ചു; വിട വാങ്ങിയത് കോളിന്‍സിനൊപ്പം 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' രചിച്ച വിഖ്യാത എഴുത്തുകാരന്‍

പാരീസ്: ഇന്ത്യയോടും ഭാരതീയ സംസ്‌കാരങ്ങളോടും ഏറെ ഇഷ്ടം പുലര്‍ത്തിയിരുന്ന പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു. തൊണ്ണൂറ്റൊന്നു വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ആസ്പദമാക്കി ഡൊമിനിക് ലാപിയറും പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ ലാറി കോളിന്‍സും ചേര്‍ന്ന് രചിച്ച് 1975 ല്‍ പുറത്തിറങ്ങിയ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഏറെ വര്‍ധിപ്പിച്ചു. ഇതിന്റെ മലയാള പരിഭാഷയായ 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന പുസ്തകവും ഏറെ വിറ്റഴിക്കപ്പെട്ടിരുന്നു.

1985 ല്‍ പുറത്തിറങ്ങിയ 'സിറ്റി ഓഫ് ജോയ്' എന്ന നോവലും അദ്ദേഹത്തിനെ ഇന്ത്യന്‍ വായനക്കാര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാക്കി. 'എ ഡോളര്‍ ഫോര്‍ എ തൗസന്‍ഡ് കിലോമീറ്റേഴ്സ്' ആണ് ആദ്യ പുസ്തകം. ലാറി കോളിന്‍സുമായി ചേര്‍ന്ന് രചിച്ച ആറ് പുസ്തകങ്ങളുടെ 50 മില്യണില്‍പ്പരം കോപ്പികളാണ് വിറ്റഴിച്ചത്. ഇവയില്‍ ഏറെ പ്രശസ്തി നേടിയ പുസ്തകമാണ് 'ഈസ് പാരീസ് ബര്‍ണിംഗ്'.


'ഓര്‍ ഐ വില്‍ ഡ്രസ് യു ഇന്‍ മോണിംഗ്' (1968), 'ഓ ജെറുസലേം' (1972), 'ദി ഫിഫ്ത്ത് ഹോഴ്സ്മാന്‍' (1980), 'ഈസ് ന്യൂയോര്‍ക്ക് ബര്‍ണിംഗ്' (2004) എന്നിവയാണ് ലാപിയറും കോളിന്‍സും ചേര്‍ന്ന് രചിച്ച മറ്റ് പ്രശസ്തമായ നോവലുകള്‍.

കൊല്‍ക്കൊത്തിലെ റിക്ഷക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'സിറ്റി ഓഫ് ജോയ്' എന്ന നോവലിന്റെ വന്‍വിജയത്തില്‍ നിന്ന് ലഭിച്ച വരുമാനം ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം വിനിയോഗിച്ചത്.

ഇരുപത്തിനാല്  വര്‍ഷത്തിനിടെ തന്റെ രചനകളില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് ദശലക്ഷത്തോളം ട്യൂബര്‍ കൊളോസിസ് രോഗികളെയും കുഷ്ഠരോഗം ബാധിച്ച 9,000 കുട്ടികളെയും ചികിത്സിക്കാന്‍ സാധിച്ചതായി അദ്ദേഹം 2005 ല്‍ വെളിപ്പെടുത്തിയിരുന്നു.

ഡൊമിനിക് കൊങ്കണ്‍ ലാപിയറാണ് ഭാര്യ. ഭാര്യയുമൊത്ത് ഇന്ത്യയിലും പാകിസ്ഥാനിലുമടക്കം അദ്ദേഹം ജോലി നോക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.