ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലാദ്യമായി ബ്രസല്‍സിലെ ആസ്ഥാനത്ത് തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റിലെ സ്പെയിനില്‍ നിന്നുള്ള പ്രതിനിധി ഇസബെല്‍ ബെഞ്ചുമിയയുടെ നിരന്തര പരിശ്രമത്തെ തുടര്‍ന്നാണ് തിരുപ്പിറവി ദൃശ്യം പ്രതിഷ്ഠിച്ചത്. അവിശ്വാസകളെ വേദനിപ്പിക്കും എന്ന വാദമുയര്‍ത്തി ഇതിന് മുമ്പൊരിക്കലും ഇവിടെ തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
2019 ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ ഇസബെല്‍ അതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ അവിശ്വാസികള്‍ എതിര്‍ക്കുമെന്ന ഭയത്താല്‍ തിരുപ്പിറവി ദൃശ്യം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് പാര്‍ലമെന്റ് പ്രസിഡന്റിന്റെ ഓഫീസ് ഇസബെല്ലിനെ അറിയിച്ചിരുന്നു.
'യൂറോപ്പിലെ ക്രിസ്ത്യന്‍ വേരുകളെ അവഗണിക്കുന്നത് തനിക്ക് അസ്വീകാര്യമായി തോന്നിയതിനാല്‍ അതിനു വേണ്ടി നിരന്തര ശ്രമങ്ങള്‍ നടത്തിയതായി കത്തോലിക്കാ വിശ്വാസിയായ ഇസബെല്‍ സ്പാനിഷ് മാധ്യമമായ എബിസി ദിനപത്രത്തോട് പറഞ്ഞു.
തിരുപ്പിറവി ദൃശ്യം സുവിശേഷം പ്രചരിപ്പിക്കാനുള്ള മനോഹരമായ വഴിയാണെന്നാണ് ഇസബെല്‍ പറയുന്നത്. എന്നാല്‍ തന്റെ വിശ്വാസം മറ്റൊരാളിലേക്ക് അടിച്ചേല്‍പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇക്കുറി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മാള്‍ട്ടീസ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോളയുടെ പിന്തുണ ഉണ്ടായിരുന്നു. അതോടെയാണ് ഇസബെല്ലിന്റെ ആഗ്രഹം സഫലമായത്. എങ്കിലും ഭാവിയില്‍ പ്രദര്‍ശനത്തിനുള്ള അനുമതി നിഷേധിക്കപ്പെടാം എന്നും മുന്നറിയിപ്പുണ്ട്.
തെക്കുകിഴക്കന്‍ സ്‌പെയിനിലെ മുര്‍സിയയില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍ നിര്‍മിച്ച തിരുപ്പിറവി ദൃശ്യമാണ് പ്രതിഷ്ഠിച്ചത്. ഇവിടെ ജനന രംഗങ്ങള്‍ നിര്‍മിക്കുന്നതിന്റെ മഹത്തായ പാരമ്പര്യമുണ്ട്. രണ്ട് മീറ്റര്‍ ഉയരമുള്ള തിരുരൂപങ്ങളാണ് പുല്‍ക്കൂടിനായി ഒരുക്കിയിരിക്കുന്നത്.
സെക്കുലറിസത്തിന്റെ മറപിടിച്ച് തിരുപ്പിറവി ദൃശ്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.