വിഴിഞ്ഞം: പ്രതിഷേധക്കാരില്‍ നിന്ന് നഷ്ടം ഈടാക്കില്ല; സമരപ്പന്തല്‍ ഇന്ന് പൊളിക്കും

വിഴിഞ്ഞം: പ്രതിഷേധക്കാരില്‍ നിന്ന് നഷ്ടം ഈടാക്കില്ല; സമരപ്പന്തല്‍ ഇന്ന് പൊളിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം ഒത്തുതീർന്നതോടെ സമരപ്പന്തല്‍ ഇന്ന് പൊളിച്ചു നീക്കും. സമര സമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ മിക്കവയിലും സമവായമായതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പ്രതിഷേധം മൂലം തുറമുഖ നിർമാണത്തിലുണ്ടായ നഷ്ടം ഈടാക്കില്ലെന്ന് ഉറപ്പ് നൽകിയെങ്കിലും സമരക്കാർക്കെതിരെ എടുത്തിട്ടുള്ള കേസ് പിൻവലിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല.

ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് 138 ദിവസം നീണ്ട സമരം പിൻവലിക്കാൻ ധാരണയായത്. സമരത്തിന് വിവിധ ഘട്ടങ്ങളുണ്ടെന്നും ആദ്യഘട്ടം അവസാനിപ്പിക്കുകയാണെന്നും ചർച്ചകൾക്കുശേഷം സമരസമിതി കൺവീനർ ഫാ. യൂജിൻ എച്ച്. പെരേര പറഞ്ഞു.

നിർമാണം നിർത്തിവെച്ച് ആഘാതപഠനം നടത്തണമെന്ന സമരസമിതിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. ആദ്യം ഉന്നയിച്ചിരുന്ന ഏഴ് ആവശ്യങ്ങളിൽ ആറെണ്ണം നേരത്തേ സർക്കാർ അംഗീകരിച്ചിരുന്നു. ഇവ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി, തുറമുഖ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കും.

വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാറിത്താമസിക്കാൻ വീട്ടുവാടകയായി നേരത്തേ സർക്കാർ നൽകുമെന്നറിയിച്ചിരുന്ന 5500 രൂപ കൃത്യമായി നൽകാൻ ധാരണയായി. വാടക വർധിപ്പിക്കണമെന്ന ആവശ്യം സമിതി വീണ്ടും ഉന്നയിച്ചിട്ടുണ്ട്. ഇത്‌ സർക്കാർ തന്നെ നേരിട്ട് നൽകണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

തുറമുഖനിർമാണം നിമിത്തമുണ്ടാകുന്ന തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയിൽ തങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിലും വിദഗ്‌ധ സമിതിയുടെ തെളിവെടുപ്പിൽ തങ്ങളുടെ നിലപാട് അറിയിക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. വിദഗ്‌ധരെ ഉൾപ്പെടുത്തി സമിതി പ്രത്യേകം പഠനം നടത്തുമെന്നും പറഞ്ഞു. സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ ആർച്ച് ബിഷപ്പടക്കമുള്ളവർക്കെതിരേ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഫാ. യൂജിൻ പെരേര പറഞ്ഞു.

മണ്ണെണ്ണയ്ക്ക് തമിഴ്‌നാട് മോഡലിൽ സബ്‌സിഡിയനുവദിക്കണമെന്ന് സമരസമിതി ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും പകരം മറ്റു ഊർജസ്രോതസ്സുകളെ ആശ്രയിക്കണമെന്നും അത്തരം ഘട്ടത്തിൽ കൂടുതൽ ആനുകൂല്യങ്ങൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡീസലിന് സബ്‌സിഡി നൽകും.

കാലാവസ്ഥാ മുന്നറിയിപ്പുകാരണം കടലിൽ പോകാനാകാത്ത ദിവസങ്ങളിൽ മിനിമം വേതനം നൽകുന്നതിന് നേരത്തേ ധാരണ ആയിരുന്നു. തൊഴിലുറപ്പുമായി തീരമേഖലയിലെ ജനങ്ങളെ ബന്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുട്ടത്തറയിൽ 600 ഫ്ലാറ്റുകൾ ഒന്നരവർഷത്തിനകം, വീടും സ്ഥലവും നഷ്‌ടമായവർക്ക് മൂന്ന് സെന്റിൽ വിസ്‌തീർണം 635 ചതുരശ്രയടിയുള്ള വീട്, വീടുകൾക്ക് അടുത്ത് വലയും ഉപകരണങ്ങളും സൂക്ഷിക്കാൻ പൊതുസ്ഥലം, തീരശോഷണം പഠിക്കുന്ന വിദഗ്ദ്ധ സമിതി സമരസമിതിയുമായും ജനകീയ സമിതിയുമായും ചർച്ച, ബോട്ടുകളിലെ മണെണ്ണ എൻജിനുകൾ മാറ്റി ഡീസൽ,പെട്രോൾ,ഗ്യാസ് എൻജിനുകൾ സ്ഥാപിക്കും, മത്സ്യബന്ധനം നടത്തരുതെന്ന ദുരന്തനിവാരണ അതോറിട്ടി അറിയിപ്പുള്ള ദിവസം 315 രൂപ സഹായം തുടങ്ങിയ ഉറപ്പുകളാണ് സർക്കാർ നൽകിയിട്ടുള്ളത്.

ചൊവ്വാഴ്ച വൈകീട്ട് സമരസമിതി നേതാക്കളുമായി ചീഫ് സെക്രട്ടറിയും മന്ത്രിസഭാ ഉപസമിതിയും വെവ്വേറെ ചർച്ച നടത്തിയിരുന്നു. ഇതിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് നേതാക്കളും മന്ത്രിസഭാ ഉപസമിതിയും മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.