അഫ്ഗാനില്‍ പരസ്യ വധ ശിക്ഷ നടപ്പാക്കി താലിബാന്‍; അധികാരത്തിലെത്തിയ ശേഷം ഇതാദ്യം

അഫ്ഗാനില്‍ പരസ്യ വധ ശിക്ഷ നടപ്പാക്കി താലിബാന്‍; അധികാരത്തിലെത്തിയ ശേഷം ഇതാദ്യം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊലക്കേസ് പ്രതിയെ താലിബാന്‍ ഭരണകൂടം പരസ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കി. പരമോന്നത കോടതിയുടെ ഉത്തരവാണ് നടപ്പാക്കിയതെന്ന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് പറഞ്ഞു. കൊലപാതക കുറ്റത്തില്‍ താജ്മിര്‍ എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. ഫറാ പ്രവിശ്യയിലെ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. താലിബാന്‍ രണ്ടാമത് ഭരണം പിടിച്ചശേഷം പൊതുജന മധ്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത് ആദ്യമായാണ്.

ശിക്ഷ നടപ്പാക്കുന്നതിനു സാക്ഷികളാകാന്‍ താലിബാന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ എത്തിയിരുന്നതായി വക്താവ് അറിയിച്ചു. 2017-ല്‍ ഒരാളെ കുത്തിക്കൊന്ന കേസിലെ പ്രതിക്കാണ് ശിക്ഷ നടപ്പാക്കിയത്.

ശരിയത്ത് നിയമം അനുസരിച്ചുള്ള പരസ്യ വധശിക്ഷ ഉള്‍പ്പെടെ നടപ്പാക്കാന്‍ കഴിഞ്ഞ മാസം താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുല്ലാഹ് അഖുന്ദ്സാദ ജഡ്ജിമാര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമായ വധശിക്ഷ നടപ്പാക്കിയത്. ശരിയത്ത് നിയമപ്രകാരമുളള മൂന്ന് കോടതികളും പരിശോധിച്ച ശേഷമാണ് കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്.

ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനി, ഉപ പ്രധാനമന്ത്രി അബ്ദുള്‍ ഘാനി ബരാദര്‍, ചീഫ് ജസ്റ്റീസ്, വിദേശകാര്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരും ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷികളായി. കൊളളയും വ്യഭിചാരവും ആരോപിക്കപ്പെടുന്നവര്‍ക്കെതിരെ അഫ്ഗാന്റെ പല മേഖലകളിലും പരസ്യമായ ചാട്ടയടി ശിക്ഷ നല്‍കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. പൊതുജനത്തിനു മുന്നിലെ ശിക്ഷാനടപടിക്കെതിരെ കഴിഞ്ഞ മാസം യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഓഫീസ് ശക്തമായി രംഗത്ത് വന്നിരുന്നു.

1996 ലെ താലിബാന്‍ ഭരണകാലത്ത് അഫ്ഗാനില്‍ പരസ്യ വധശിക്ഷയും കല്ലെറിയലും ചാട്ടയടിയും ഒക്കെ പതിവ് ശിക്ഷകളായിരുന്നു. പരസ്യ വധ ശിക്ഷ നടപ്പാക്കിയതോടെ താലിബാന്‍ വീണ്ടും കടുത്ത നിയമങ്ങള്‍ നടപ്പിലാക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.