വിഴിഞ്ഞം: തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഇന്ന് പുനരാരംഭിക്കും; തീരനിവാസികള്‍ക്ക് പാര്‍പ്പിടത്തിന് നടപടി

വിഴിഞ്ഞം: തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഇന്ന് പുനരാരംഭിക്കും; തീരനിവാസികള്‍ക്ക് പാര്‍പ്പിടത്തിന് നടപടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഇന്ന് പുനരാരംഭിക്കും. മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരും നടപടി തുടങ്ങി. ഇവര്‍ക്കുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാന്‍ മുട്ടത്തറ വില്ലേജില്‍ എട്ട് ഏക്കര്‍ ഭൂമി മത്സ്യബന്ധന വകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കാനും നിര്‍ദേശം.

നിര്‍മ്മാണം ഇരട്ടിവേഗത്തിലാക്കി ഓണത്തിനുതന്നെ ആദ്യ കപ്പല്‍ അടുപ്പിക്കാനാണ് അദാനിയുടെ ശ്രമം. ഇതിനായി 30,000 ടണ്‍ കല്ല് പ്രതിദിനം കടലില്‍ നിക്ഷേപിക്കാന്‍ ബാര്‍ജുകള്‍ സജ്ജമാക്കും. 15000 ടണ്‍ ആയിരുന്നു സമരം തുടങ്ങും മുമ്പുവരെ നിക്ഷേപിച്ചിരുന്നത്. സമരം കാരണം തുറമുഖകമ്പനിക്കുണ്ടായ 226 കോടി രൂപയുടെ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറും. പദ്ധതി വൈകിയതിന് അദാനി ഗ്രൂപ്പില്‍ നിന്ന് ആര്‍ബിട്രേഷന്‍ ഇനത്തില്‍ നഷ്ടപരിഹാരം ഈടാക്കാനും സര്‍ക്കാര്‍ തയ്യാറാവില്ല.

സമരപ്പന്തല്‍ ഇന്നലെ വൈകുന്നേരത്തോടെ സമരസമിതിതന്നെ നീക്കം ചെയ്തു. നിര്‍മ്മാണ സാമഗ്രികള്‍ വന്‍തോതില്‍ ഇന്നു മുതല്‍ എത്തിക്കും. പ്രതിഷേധക്കാര്‍ നശിപ്പിച്ച ഉപകരണങ്ങള്‍ പുതുതായി കൊണ്ടുവരണം. നിര്‍മ്മാണം നിലച്ചതോടെ നിശ്ചലമായ ഉപകരണങ്ങള്‍ ഇന്നു മുതല്‍ സജ്ജമാക്കും.

മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്റെ കൈവശത്തിലുളള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് എട്ട് ഏക്കര്‍ മത്സ്യബന്ധന വകുപ്പിന് കൈമാറുന്നത്. ഭൂമിയുടെ ഉടമസ്ഥത റവന്യു വകുപ്പില്‍ നിലനിറുത്തും.

തുറമുഖ നിര്‍മ്മാണം ആരംഭിച്ച ശേഷം ഉണ്ടായ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ വലിയതുറയിലെ തുറമുഖ ഗോഡൗണില്‍ കഴിയുകയാണ്. ഒന്നര വര്‍ഷത്തിനകം ഇവര്‍ക്ക് ഫ്‌ളാറ്റ് ഒരുക്കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.