പിപിഇ കിറ്റ് അഴിമതിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി: കെ.കെ ശൈലജയ്ക്ക് എതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

പിപിഇ കിറ്റ് അഴിമതിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി: കെ.കെ ശൈലജയ്ക്ക് എതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: പിപിഇ കിറ്റ് അഴിമതിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ മന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ക്കെതിരായാണ് അന്വേഷണം. അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി.

ആരോഗ്യ സെക്രട്ടറി രാജന്‍ കോബ്രഗഡെ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

500 രൂപ വിലയുള്ള പി.പി.ഇ കിറ്റുകള്‍ വാങ്ങിയത് മൂന്നു ഇരട്ടി ഉയര്‍ന്ന നിരക്കിലാണെന്ന് ആരോപിച്ചാണ് ലോകായുക്തക്ക് പരാതി ലഭിച്ചത്. ഈ പരാതിയില്‍ ആണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചത്. കെ.കെ ശൈലജ, രാജന്‍ ഖൊബ്രഗഡെ എന്നിവരടക്കം 11 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരാണ് ലോകായുക്തയെ സമീപിച്ചത്.

അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ വിലയിരുത്തിയിരുന്നു. അന്വേഷണത്തെ എന്തിന് ഭയക്കുന്നുവെന്നും കോടതി ചോദിച്ചു.

'ജനങ്ങളുടെ നികുതി പണമാണ് വിനിയോഗിച്ചത്. പിപിഇ കിറ്റുകള്‍ വാങ്ങിയത് ഉയര്‍ന്ന നിരക്കിലാണെന്നാണ് പരാതി. ഇതിന്റെ നിജസ്ഥിതി ജനങ്ങള്‍ അറിയേണ്ടതുണ്ട്. അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്? '- ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

2020 മാര്‍ച്ച് 30 നാണ് ഒരു കിറ്റിന് 1,550 രൂപ എന്ന നിരക്കില്‍ സാന്‍ഫാര്‍മയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ 50,000 പിപിഇ കിറ്റുകള്‍ വാങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.