സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ല: അനുമതി ഇന്നല്ലെങ്കില്‍ നാളെ കിട്ടുമെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ല: അനുമതി ഇന്നല്ലെങ്കില്‍ നാളെ കിട്ടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. റോജി എം ജോണിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ് ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടും തന്നെ ചെറുതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ ഡി.പി.ആര്‍ അനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്. റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപ പൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം തുടങ്ങിയവ നടന്നു വരികയാണ്.

നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിനായാണ് ഭൂഅതിര്‍ത്തി നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പു തന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ പല ആവര്‍ത്തി വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അതിര്‍ത്തി തിരിച്ചിട്ടുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയമപരമായി ഒരു തടസവുമില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലാത്തതിനാല്‍ മറ്റ് പദ്ധതികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തത്ക്കാലം പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പദ്ധതി നിര്‍ത്തിവച്ചിട്ടുണ്ട് എന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.

പദ്ധതി പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുകയും ചെയ്തതു സംബന്ധിച്ചാണ് കേസുകള്‍ എടുത്തത്. ഇത് പിന്‍വലിക്കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.