ഇറാനില്‍ മതപ്പൊലീസിനെതിരായ പ്രതിഷേധം: ആദ്യം അറസ്റ്റിലായ വ്യക്തിയെ തൂക്കിക്കൊന്നു

ഇറാനില്‍ മതപ്പൊലീസിനെതിരായ പ്രതിഷേധം: ആദ്യം അറസ്റ്റിലായ വ്യക്തിയെ തൂക്കിക്കൊന്നു

ടെഹ്റാൻ: മതകാര്യ പൊലീസിനെതിരെ ഇറാനിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മൊഹ്സെൻ ഷെക്കാരിയുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. സെപ്റ്റംബർ 16ന് കുർദ് വംശജയായ മഹ്സ അമിനി മതപ്പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ ആദ്യം അറസ്റ്റിലായ ആളാണ് ഷെക്കാരി.

പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്‌സ അമിനി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിൽ 475 പേർ കൊല്ലപ്പെട്ടിരുന്നു. 18,000 പേർ അറസ്റ്റിലായി. ഇവരിൽ 21 പേർക്ക് ഇതിനകം വധശിക്ഷ വിധിച്ചുവെന്നാണ് ആംനെസ്റ്റി ഇന്റർനാഷനൽ വ്യക്തമാക്കുന്നത്.

ടെഹ്റാനിലെ റവല്യൂഷനറി കോടതി വിചാരണ നടത്തി നവംബർ ഒന്നിനാണ് വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ മൊഹ്സെൻ ഷെക്കാരി അപ്പീൽ നൽകിയെങ്കിലും നവംബർ 20 ന് സുപ്രീം കോടതി ഉത്തരവ് ശരിവച്ചു.


മൊഹ്സെൻ ഷെക്കാരിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ

ഗതാഗതം തടസ്സപ്പെടുത്തിയെന്നും സുരക്ഷാ ജീവനക്കാരെ വെട്ടുകത്തികൊണ്ട് ആക്രമിച്ചുമെന്നുമായിരുന്നു ഷെക്കാരിയ്ക്കെതിരെ ചുമത്തിയ കുറ്റം. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്.

ഒരു നടപടിയും കൂടാതെ വിചാരണയ്ക്ക് ശേഷം മൊഹ്സെൻ ഷെക്കാരിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഈ വധശിക്ഷക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉടനടി ശക്തമായി പ്രതികരിക്കണമെന്ന് നോർവേ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇറാൻ ഹ്യൂമൻ റൈറ്റ്‌സിന്റെ ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദം പ്രസ്താവനയിൽ പറഞ്ഞു.

ഷെക്കാരിയുടെ വധശിക്ഷ നടപ്പിലാക്കിയ ഇറാൻ ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നില്ലെങ്കിൽ പ്രതിഷേധക്കാരെ കൂട്ടത്തോടെ അവർ വധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രക്ഷോഭം ശമിപ്പിക്കുന്നതിന്റെ ഭാഗമായി മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കിയതായി ഇറാൻ അറിയിച്ചിരുന്നു. 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് ഇറാനില്‍ നിലനില്‍ക്കുന്നത്.

2006 ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ‘അച്ചടക്കത്തിന്റെയും ഹിജാബിന്റെയും സംസ്‌കാരം ഉറപ്പുവരുത്തുന്നതിന്’ ഗാഷ്ദ് ഇ ഇര്‍ഷാദ് എന്ന പേരിലുള്ള മതകാര്യപോലീസിന് രൂപം നല്‍കിയത്. തുടർന്ന് യൂണിറ്റുകൾ പട്രോളിംങും ആരംഭിച്ചു. ഇതിനു ശേഷം സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തിരക്ക് നിറഞ്ഞ തെരുവുകൾ, ഷോപ്പിംഗ് മാളുകൾ, റെയിൽവേ സ്റ്റേഷനുകളിൽ എന്നിവിടങ്ങളിൽ നിലയുറപ്പിക്കുന്ന മതകാര്യ പോലീസ് മതച്ചട്ട പ്രകാരം ഹിജാബ് ധരിക്കാത്ത സ്ത്രീകളെ പരസ്യമായി മുഖത്തടിച്ചും, ലാത്തികൊണ്ട് മർദിച്ചും, പോലീസ് വാനിലേക്ക് വലിച്ചിഴച്ച് ജയിലിലടയ്ക്കും.

പത്ത് ദിവസം മുതൽ രണ്ട് മാസം വരെയാണ് ഇറാനിൽ ഹിജാബ് ധരിച്ചില്ലെങ്കിലുള്ള തടവ് ശിക്ഷ. 50,000 മുതൽ അഞ്ച് ലക്ഷം വരെ ഇറാനിയൻ റിയാലും പിഴയായി നൽകേണ്ടി വരും. കൂടാതെ ശിക്ഷയുടെ ഭാഗമായ 74 ചാട്ടയടി വേറെയും നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.