'പ്രതിദിനം എട്ട് ഗ്ലാസ് വെള്ളം' കുടിക്കണമെന്ന നിർദേശത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് കണ്ടെത്തൽ; പുതിയ മാർഗനിർദേശങ്ങളുമായി പഠന റിപ്പോർട്ട്

'പ്രതിദിനം എട്ട് ഗ്ലാസ് വെള്ളം' കുടിക്കണമെന്ന നിർദേശത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് കണ്ടെത്തൽ; പുതിയ മാർഗനിർദേശങ്ങളുമായി പഠന റിപ്പോർട്ട്

സിഡ്‌നി: മനുഷ്യശരീരത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് 'ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം' കുടിക്കണമെന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് റിപ്പോർട്ട്. ഒരാൾക്ക് എത്രമാത്രം ജലം ആവശ്യമാണെന്ന് തീരുമാനിക്കുന്നത് അയാളുടെ പ്രായം, ഉയരം, ഭാരം, കഴിക്കുന്ന ഭക്ഷണം, പൊതു ആരോഗ്യം, പാരിസ്ഥിതിക ഘടകങ്ങളായ കാലാവസ്ഥ, ഈർപ്പം തുടങ്ങിയവയെ ആശ്രയിച്ചാണെന്നും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ലോകമെമ്പാടുമുള്ള ആളുകൾ ഓരോ ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കുന്നുവെന്ന് പരിശോധിച്ച ഈ പഠനത്തിൽ ജലം അതിജീവനത്തിന് അത്യന്താപേക്ഷിതമാണെന്നും ദൈനംദിന ജല ഉപഭോഗത്തിന്റെ അളവ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും സ്ഥിരീകരിക്കുന്നു. കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ (സിഎസ്‌ഐആർഒ) യുടെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ പെന്നി ടെയ്‌ലറുടെ നേതൃത്വത്തിലായിരുന്നു പഠനം.

ഒരു വ്യക്തി അസുഖ ബാധിതനാണെങ്കിൽ, അല്ലെങ്കിൽ ഗർഭധാരണിയോ മുലയൂട്ടുകയോ ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് കൂടുതൽ ജലം ആവശ്യമാണ്. അതുപോലെ നന്നായി വ്യായാമം ചെയ്യുന്ന വ്യക്തിയാണെങ്കിലും കാലാവസ്ഥ ചൂടുള്ളതും ഈർപ്പമുള്ളതുമാണെങ്കിലും അവർക്ക് കൂടുതൽ ദ്രാവകങ്ങൾ ആവശ്യമാണെന്ന് ഡോ ടെയ്‌ലർ പറയുന്നു.


അതേസമയം തണുത്ത കാലാവസ്ഥ ലഭിക്കുന്നവർക്കും ജലം അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നവർക്കും ദിവസേന എട്ട് ഗ്ലാസ് വെള്ളം അല്ലെങ്കിൽ രണ്ട് ലിറ്റർ ജലത്തിന്റെ ആവശ്യകത വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ സാധാരണയായി 20 നും 40 നും ഇടയിൽ പ്രായമുള്ള ആളുകളേക്കാൾ കൂടുതൽ പ്രായമായ വ്യക്തികൾക്ക് വെള്ളത്തിന്റെ ആവശ്യം കുറവാണ്.

കൂടാതെ ആളുകളുടെ ഭക്ഷണക്രമത്തെ ആശ്രയിച്ച് വെള്ളം കഴിക്കുന്നതിൽ മാറ്റം ആവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ആളുകൾ കുറഞ്ഞ ജലാംശമുള്ളതും ഉയർന്ന ഊർജ്ജ സാന്ദ്രതയുള്ളതുമായ ഭക്ഷണക്രമം സ്വീകരിക്കുകയാണെങ്കിൽ അവർക്ക് കൂടുതൽ വെള്ളം ആവശ്യമായി വന്നേക്കാം. തങ്ങളുടേതടക്കം ഒരു പഠനത്തിനും മനുഷ്യർക്ക് ഭക്ഷണത്തിൽ നിന്ന് എത്രമാത്രം വെള്ളം ലഭിക്കുന്നുണ്ടെന്ന് കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഡോ ടെയ്‌ലർ വിശദമാക്കി.

പ്രതിദിനം എട്ട് ഗ്ലാസ് എന്ന ആശയം എവിടെ നിന്ന് വന്നു?

ദിവസേന എട്ട് ഗ്ലാസ് വെള്ളം (രണ്ട് ലിറ്റർ) എന്ന ആശയത്തിന് പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. എന്നാൽ അതിന്റെ ഉത്ഭവം എവിടെനിന്നാണ് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ വ്യക്തമല്ല. അമേരിക്കൻ നാഷണൽ റിസർച്ച് കൗൺസിലിന്റെ ഫുഡ് ആൻഡ് ന്യൂട്രീഷൻ ബോർഡ് 1945 ൽ പ്രസിദ്ധീകരിച്ച ന്യൂട്രീഷൻ റിവ്യൂസ് ജേണലിൽ നിന്നുള്ള ഒരു ഭാഗമാണ് ഇതിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത്.

ഇതിൽ മുതിർന്ന ഒരു വ്യക്തിക്ക് പ്രതിദിനം രണ്ടര ലിറ്റർ വെള്ളം ആവശ്യമാണെന്നും സാധാരണയായി ഇത്രയും അളവിൽ ജലം ഓരോ വ്യക്തികളിലും അവർ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മറ്റുമായി ലഭ്യമാകുമെന്നും പറയുന്നു.

1974 ൽ പ്രസിദ്ധീകരിച്ച ഫ്രെഡറിക് ജെ സ്റ്റാറെയും മാർഗരറ്റ് മക്വില്യംസും ചേർന്ന് നല്ല ആരോഗ്യത്തിനുള്ള പോഷകാഹാരം എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗമാണ് ദിവസേന എട്ട് ഗ്ലാസ് വെള്ളത്തിന്റെ മറ്റൊരു ഉത്ഭവം:


"ഒരാൾക്ക് ഒരു ദിവസം എത്ര വെള്ളം ആവശ്യമാണ്? ഇത് സാധാരണയായി വിവിധ ശാരീരിക പ്രവർത്തനങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. എന്നാൽ ശരാശരി മുതിർന്നവർക്ക് 24 മണിക്കൂറിനുള്ളിൽ ഏതെങ്കിലും രൂപത്തിൽ ആറ് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം ആവശ്യമാണ്. ഇത് കാപ്പി, ചായ, പാൽ, ശീതളപാനീയങ്ങൾ, ബിയർ എന്നിവയുടെ രൂപത്തിലാകാം. കൂടാതെ പഴങ്ങളും പച്ചക്കറികളും നല്ല ജലസ്രോതസ്സുകളാണ്." എന്ന് ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു.

രണ്ട് സ്രോതസുകളിലും ഓരോ ദിവസവും ആളുകൾ കുടിക്കേണ്ട വെള്ളത്തിന്റെ അളവ് അവരുടെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഡോ ടെയ്‌ലർ പറയുന്നു. ആളുകൾ എത്രമാത്രം കുടിക്കണം എന്നതിന്റെ പൊതുവായ കണക്കാണിത്. എന്നാൽ ചില ആളുകൾ ഈ ഉപദേശത്തെ കർശനമായി സ്വീകരിക്കേണ്ട ഒന്നായി വ്യാഖ്യാനിക്കുന്നു.

അതേസമയം ഇത്തരം മാർഗ്ഗനിർദ്ദേശങ്ങൾ ആളുകൾക്ക് ഒരു നല്ല തുടക്കമാണെന്ന് ഡോ ടെയ്‌ലർ പറയുന്നു.
ഓരോ വ്യക്തിയുടെയും ആകെ ദ്രാവക ആവശ്യങ്ങൾ നിർണ്ണയിക്കുന്നതും ആവശ്യങ്ങൾ പ്രവചിക്കുന്ന എല്ലാ ഘടകങ്ങളും പരിഗണിക്കുന്നതും സങ്കീർണ്ണമാണ്. ആരോഗ്യവാനായിരിക്കാനോ കൂടുതൽ വെള്ളം കുടിക്കാനോ ആഗ്രഹിക്കുന്ന സാധാരണ വ്യക്തിക്ക് ഈ വിവരങ്ങൾ ഒരുപക്ഷെ സ്വീകാര്യമാകില്ല.

ഇവിടെയാണ് പൊതുവായ മാർഗനിർദ്ദേശങ്ങൾ സഹായകമാകുന്നതെന്നും അദ്ദേഹം പറയുന്നു. മാർഗനിർദേശങ്ങളിൽ ഊന്നി ഓരോ വ്യക്തികൾക്കും അവരുടെ ശാരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കാം. ഉദാഹരണത്തിന് ഒരു വ്യക്തി കൂടുതൽ വ്യായാമം ചെയ്യുകയോ രോഗബാധിതരാകുകയോ ഗർഭിണിയാകുകയോ ചെയ്യുന്നതായി അവർ തിരിച്ചറിയുമ്പോൾ മാർഗനിർദേശങ്ങളിൽ ഉപയോഗിച്ച് വെള്ളത്തിന്റെ അളവിൽ വരുത്തേണ്ട മാറ്റങ്ങൾ കൂടുതൽ കൃത്യതയുള്ളതാക്കാൻ അവർക്ക് സാധിക്കും.

അംഗീകാരമുള്ള ഒരു ഡയറ്റീഷ്യനിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നതും ഒരാളുടെ ദൈനംദിന ജീവിതത്തിൽ ജലത്തിന്റെയോ ആകെ ദ്രാവകത്തിന്റെയോ ആവശ്യങ്ങൾ വ്യക്തിഗതമായി തിരിച്ചറിയാൻ സഹായിക്കുമെന്നും ഡോ ടെയ്‌ലർ ചൂണ്ടിക്കാണിക്കുന്നു.

ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്ന വളരെ ഉയർന്ന ജനസംഖ്യാ വർദ്ധനയും കാലാവസ്ഥാ വ്യതിയാനവും കാരണം മെച്ചപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്ക് പ്രാധാന്യമുണ്ട്. ഇത് മനുഷ്യ ഉപഭോഗത്തിനായുള്ള ജലത്തിന്റെ ലഭ്യതയെയും മറ്റ് വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉപയോഗങ്ങളെയും ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

നിലവിൽ 2.2 ബില്യൺ ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലെന്ന് വിവിധ രേഖകൾ വ്യക്തമാക്കുന്നു.


ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

ഈ ചോദ്യത്തിന്റെ ഉത്തരം "ഇല്ല" എന്നാണ്. പക്ഷേ ഇത് നിങ്ങങ്ങളുടെ ആവശ്യത്തിലും വളരെ കൂടുതലോ കുറവോ ആണോ എന്ന് നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഡോ ടെയ്‌ലർ പറയുന്നു. സാധാരണ ആളുകൾ വയറുനിറഞ്ഞതായി തോന്നുമ്പോൾ വെള്ളം കുടിക്കുന്നത് നിർത്തുകയാണ് ചെയ്യുക. എന്നാൽ ഒറ്റയിരിപ്പിൽ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതിനേക്കാൾ ദിവസം മുഴുവൻ പല പ്രാവശ്യമായി കുറേശ്ശേ വെള്ളം കുടിക്കുന്നത് ആളുകളെ കൂടുതൽ ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കും.

എന്നാൽ വളരെയധികം വെള്ളം ദിവസവും കുടിക്കാൻ നിങ്ങൾ സ്വയം നിർബന്ധിക്കുന്നതായി കണ്ടെത്തുകയാണെങ്കിൽ ഒരു ഡയറ്റീഷ്യനോടോ അല്ലെങ്കിൽ ഡോക്ടറോടോ സംസാരിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ചില ആളുകളിൽ അമിതമായി വെള്ളം കുടിക്കുന്നത് ഹൈപ്പോനാട്രീമിയയ്ക്ക് കാരണമാകും. പക്ഷേ സാധാരണ ജനങ്ങളിൽ ഇത് വളരെ അപൂർവമായ ഒരു സംഭവമാണ്. രക്തത്തിലെ സോഡിയത്തിന്റെ കുറഞ്ഞ സാന്ദ്രതയാണ് ഹൈപ്പോനാട്രീമിയ.

ഗുരുതരമായ കേസുകളിൽ ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നത് പേശിവലിവ്, ഓക്കാനം, ഛർദ്ദി, തലകറക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് ബെറ്റർ ഹെൽത്ത് വിക്ടോറിയയുടെ വെബ്സൈറ്റ് പറയുന്നു. ഒടുവിൽ സോഡിയത്തിന്റെ അഭാവം സമ്മര്‍ദ്ദം, കോമ, മരണം എന്നിവയിലേക്ക് നയിച്ചേക്കാം.

വെള്ളത്തിലൂടെ മാത്രമാണോ ശരീരം ഹൈഡ്രേറ്റ് ആകുക?

ഓസ്‌ട്രേലിയൻ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നത് ദ്രാവകങ്ങളുടെ നിർവചനത്തിൽ സാധാരണ വെള്ളം, പാൽ, മറ്റ് പാനീയങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആശയപരമായി വെള്ളമാണ് നല്ലത്, പക്ഷേ സ്ഥിരമായി കുടിക്കുന്നത് ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നും ഡോ ടെയ്‌ലർ പറയുന്നു.


വാസ്തവത്തിൽ പാൽ ജ്യൂസ്, പച്ചക്കറികൾ, പഴങ്ങൾ, ഹെർബൽ ടീ, തൈര് തുടങ്ങിയ പ്രധാന ഭക്ഷണങ്ങളിലൂടെ 20 ശതമാനം വരെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ട്. എന്നിരുന്നാലും മധുരമുള്ള പാനീയങ്ങൾ അമിതമായി കഴിക്കരുത്. ജ്യൂസുകൾ ഈ വിഭാഗത്തിൽ പെടും. അതുപോലെ സുഗന്ധമുള്ള പാലുകളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും ആവശ്യമായവ വിവേകത്തോടെ തിരഞ്ഞെടുക്കണമെന്നും ഡോ ടെയ്‌ലർ വിശദമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.