ഹിമാചല്‍ മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിങ് ഞായറാഴ്ച്ച രാവിലെ 11 ന് സത്യ പ്രതിജ്ഞ ചെയ്യും; മുകേഷ് അഗ്‌നിഹോത്രി ഉപ മുഖ്യമന്ത്രി

ഹിമാചല്‍ മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിങ് ഞായറാഴ്ച്ച രാവിലെ 11 ന് സത്യ പ്രതിജ്ഞ ചെയ്യും; മുകേഷ് അഗ്‌നിഹോത്രി ഉപ മുഖ്യമന്ത്രി

ഷിംല: ഹിമാചല്‍ പ്രദേശില്‍ സുഖ് വീന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമ സഭയിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി ഉപ മുഖ്യമന്ത്രിയാകും. ഞായറാഴ്ച്ച രാവിലെ 11ന് സുഖ് വീന്ദര്‍ സിങ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യും.

മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ സാന്നിധ്യത്തിലാണ് കേന്ദ്ര നിരീക്ഷകന്‍ ഭൂപേഷ് ഭാഗല്‍ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ഒന്നിലധികം പേര്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് നേരിട്ട് മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ നിയമസഭാ കക്ഷി യോഗം ചേര്‍ന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തില്‍ സമവായം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടത്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രചാരണ ചുമതലയുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ് വീന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നത്. അതിനിടെയാണ് പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചത്. നിയുക്ത മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു രജ്പുത്ത് സമുദായക്കാരനും മുകേഷ് അഗ്നിഹോത്രി ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുമാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.