കൊച്ചി: നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധന ഉണ്ടാകുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍. പല കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ത്രീകള്‍ മടി കാണിക്കുമ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ വലിയ വര്‍ധന ഉണ്ടാകുന്നുണ്ട്. അതിവേഗം വികസിക്കുന്ന നഗരമെന്നും ഐടി ഹബ്ബെന്നും സ്ത്രീ സൗഹൃദ നഗരമെന്നും കൊച്ചിയെ പ്രശംസിക്കുമ്പോഴും കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയെ (എന്‍സിആര്‍ബി) ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2021 ല്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 531 കുറ്റകൃത്യങ്ങള്‍ ആണെങ്കില്‍ 2022 ല്‍ ഇത്തരം കേസുകളുടെ എണ്ണം 754 ആയി വര്‍ധിച്ചു. 2023 ലാകട്ടെ 783 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്‍സിആര്‍ബിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്.
ഗാര്‍ഹിക പീഡനമാണ് അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഭര്‍ത്താവും ബന്ധുക്കളുമാണ് ഈ കേസുകളില്‍ എതിര്‍ പക്ഷത്ത് നില്‍ക്കുന്നത്. 2023 ല്‍ കൊച്ചി നഗരത്തില്‍ സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പീഡനം അനുഭവിച്ച 146 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പഴയ തലമുറയിലെ സ്ത്രീകളെ പോലെ നാലു ചുമരുകള്‍ക്കുള്ളില്‍ ദുരിതം അനുഭവിച്ചു തീരാന്‍ പുതുതലമുറയിലെ പല പെണ്‍കുട്ടികളും തയ്യാറല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വൈകിയാണെന്നുള്ളത് ശ്രദ്ധേയമാണ്. അതിന് കാരണം പ്രശ്നങ്ങള്‍ ആരംഭിക്കുമ്പോള്‍ സ്ത്രീകളുടെ ബന്ധുക്കളും ഭര്‍ത്താവുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാനാണ് ആവശ്യപ്പെടുന്നത്.
പങ്കാളിയുമായി അഡ്ജസ്റ്റ്മെന്റുകള്‍ക്കും സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെടുന്നു. പല സാഹചര്യങ്ങളിലും കുടുംബത്തിന്റെയും കുട്ടികളുടെയും പൂര്‍ണ ചുമതലയും സ്ത്രീകളുടെ മാത്രം തലയില്‍ ആയിരിക്കും. കൂടാതെ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്ന 296 കേസുകള്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളുടെ എണ്ണത്തില്‍ കൊച്ചി ദേശീയ തലത്തില്‍ അഞ്ചാം സ്ഥാനത്താണ്. സ്ത്രീകള്‍ക്കെതിരായ ഐപിസി കുറ്റകൃത്യങ്ങളില്‍ കൊച്ചി 13-ാം സ്ഥാനത്താണ്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 90 ശതമാനത്തിലും പൊലീസ് കോടതിയില്‍ കുറ്റകൃത്യം സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം നിയമ സംവിധാനത്തിലുള്ള ആത്മവിശ്വാസ കുറവ് ഇപ്പോഴും നിരവധി സ്ത്രീകള്‍ക്കുണ്ടെന്ന് നിയമ സഹായം നല്‍കുന്നവര്‍ പറയുന്നു.
പലപ്പോഴും സ്ത്രീകള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പരാതിപ്പെട്ടാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല. ഇത്തരം നിരവധി കേസുകളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. ഇത് കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ പേരെ പരാതിപ്പെടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. സ്ത്രീകള്‍ പലപ്പോഴും മുന്‍ഗണന നല്‍കുന്നത് സ്വന്തം മനസമാധാനത്തിനാണ്. അത് തകര്‍ക്കുന്ന സാഹചര്യങ്ങളിലേക്ക് പോകാന്‍ അവര്‍ താല്‍പര്യപ്പെടുന്നില്ല.
പല കേസുകളിലും പരാതി പറയുന്നവര്‍ തന്നെയാണ് വീണ്ടും ദുരിതം അനുഭവിക്കുന്നത്. നീതി ലഭിക്കാനായി അലയേണ്ടി വരുന്നതും അതിന്റെ പേരില്‍ അവള്‍ കേള്‍ക്കേണ്ടി വരുന്ന കുത്തുവാക്കുകളും പരാതിപ്പെടുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.