അഭ്യൂഹങ്ങള്‍ക്ക് വിരാമം: ഇമ്രാന്‍ ഖാന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ജയില്‍ അധികൃതര്‍; സഹോദരിക്ക് കാണാന്‍ അനുമതി

അഭ്യൂഹങ്ങള്‍ക്ക് വിരാമം:  ഇമ്രാന്‍ ഖാന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ജയില്‍ അധികൃതര്‍; സഹോദരിക്ക് കാണാന്‍ അനുമതി

ഇസ്ലമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് ജയില്‍ അധികൃതരുടെ വിശദീകരണം. ഇമ്രാന്‍ ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്.

മെഡിക്കല്‍ സംഘം അദേഹത്തിന്റെ ആരോഗ്യം സദാ നിരീക്ഷിക്കുന്നുണ്ടെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ജയില്‍ അധികൃതര്‍ അറിയിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചെന്ന പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ജയിലിന് മുന്നില്‍ സമരം ചെയ്യുന്ന ഇമ്രാന്റെ സഹോദരി അലീമ ഖാന് അദേഹത്തെ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. അലീമ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതോടെ ജയിലിന് മുന്നിലെ സമരം അവസാനിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഇത് ആദ്യമായല്ല ഇമ്രാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പ്രചരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ അദേഹം മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇമ്രാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചുവെന്നും മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും അവകാശപ്പെടുന്ന പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ലെറ്റര്‍ ഹെഡിലുളള രേഖ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് വ്യാജമാണെന്ന് പിന്നീട് വ്യക്തമായി.

അതിന് ശേഷവും പലതവണ ഇത്തരത്തിലുളള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ബലൂചിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം എന്ന പേരില്‍   കഴിഞ്ഞ ദിവസം  പ്രചരിച്ച  മരണ വാര്‍ത്തയില്‍ സ്‌ട്രെച്ചറില്‍ കിടക്കുന്ന ഖാന്റേത് എന്നു കരുതുന്ന ഒരു ചിത്രവും പ്രചരിച്ചിരുന്നു. ഇതാണ് വാര്‍ത്ത സത്യമെന്ന് വിശ്വസിക്കാനും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടാനും കാരണമായത്.


അഴിമതിക്കേസില്‍ പതിനാല് വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് എഴുപത്തിമൂന്നുകാരനായ ഖാന്‍ 2023 മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ്. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) സ്ഥാപകന്‍ കൂടിയായ ഇമ്രാന് നിരവധി രോഗങ്ങളുണ്ടെന്നാണ് അദേഹത്തിന്റെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.