വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക യാത്ര ഇന്ന് ആരംഭിക്കും. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള തുർക്കി, ലെബനൻ എന്നീ രാജ്യങ്ങളിലേക്കാണ് പാപ്പയുടെ ഈ യാത്ര.
ഇന്നു മുതൽ ഡിസംബർ രണ്ടുവരെയാണ് പാപ്പയുടെ പ്രഥമ അപ്പസ്തോലിക യാത്ര. ഇന്ന് അങ്കാറയിൽ എത്തുന്ന പാപ്പ പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് തുർക്കി അധികാരികളെയും സിവിൽ സമൂഹ പ്രതിനിധികളെയും നയതന്ത്ര സേനയിലെ അംഗങ്ങളെയും അഭിസംബോധന ചെയ്യും. പിന്നീട് പാപ്പ അങ്കാറയിൽ നിന്ന് തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിലേക്ക് പോകും.
വെള്ളിയാഴ്ച ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, പുരോഹിതന്മാർ, ഡീക്കന്മാർ, സമർപ്പിതർ, ഇടവക പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് പാപ്പ ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദി പുവർ നഴ്‌സിംഗ് ഹോം സന്ദർശിക്കും. ഉച്ചകഴിഞ്ഞ് നിഖ്യയിലെ സെന്റ് നിയോഫൈറ്റോസ് ബസിലിക്കയിൽ എക്യുമെനിക്കൽ പ്രാർഥനാ ശുശ്രൂഷയിൽ പങ്കെടുക്കും. അതേ ദിവസം തന്നെ ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അപ്പസ്തോലിക് പ്രതിനിധി സംഘത്തിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ച സുൽത്താൻ അഹമ്മദ് മോസ്‌ക് സന്ദർശിക്കും. തുടർന്ന് സിറിയൻ ഓർത്തഡോക്സ് പള്ളിയായ മോർ എഫ്രെമിലെ പ്രാദേശിക സഭകളുടെയും ക്രിസ്ത്യൻ സമൂഹങ്ങളുടെയും നേതാക്കളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞ് കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ ആസ്ഥാനമായ സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ നടക്കുന്ന പ്രാർഥനയിൽ പങ്കെടുക്കും.
തുടർന്ന് മാർപാപ്പ എക്യുമെനിക്കൽ പാത്രിയാർക്കേറ്റ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച നടത്തുകയും പാത്രിയാർക്കൽ കൊട്ടാരത്തിൽ ഒരു സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുകയും ചെയ്യും. ഇസ്താംബൂളിലെ ഫോക്സ്വാഗൺ അരീനയിൽ ആഘോഷിക്കുന്ന വിശുദ്ധ കുർബാനയോടെ അന്നേദിവസത്തെ പരിപാടികൾക്ക് സമാപനമാകും.
ഞായറാഴ്ച അർമേനിയൻ അപ്പസ്തോലിക് കത്തീഡ്രലിൽ സന്ദർശിക്കും. അന്ന് രാവിലെ സെന്റ് ജോർജിലെ പാത്രിയാർക്കൽ ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിയിൽ ലെയോ മാർപാപ്പ പങ്കെടുക്കും. ആരാധനക്രമത്തിന്റെ സമാപനത്തിൽ ഒരു എക്യുമെനിക്കൽ ആശീർവാദത്തിന് ശേഷം എക്യുമെനിക്കൽ പാത്രിയാർക്കീസിനൊപ്പം ഉച്ചഭക്ഷണം കഴിക്കും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇസ്താംബൂളിലെ അറ്റാതുർക്ക് വിമാനത്താവളത്തിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിന് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ലബനനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കും. ലെബനനിലെ ബെയ്റൂട്ടിലെത്തിയ ശേഷം റിപ്പബ്ലിക് പ്രസിഡന്റ്, ദേശീയ അസംബ്ലി പ്രസിഡന്റ്, ലെബനൻ പ്രധാനമന്ത്രി എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന് ലെബനൻ അധികാരികളെയും സിവിൽ സമൂഹ പ്രതിനിധികളെയും, നയതന്ത്ര സേനാംഗങ്ങളെയും അഭിസംബോധന ചെയ്ത് പാപ്പ പ്രസംഗം നടത്തും.
ഡിസംബർ ഒന്ന് തിങ്കളാഴ്ച അന്നായയിലെ സെന്റ് മറൂൺ ആശ്രമത്തിലെ സെന്റ് ചാർബൽ മക്ലൂഫിന്റെ ശവകുടീരം സന്ദർശിക്കും. അവിടെ നിന്ന് പാപ്പ ഹരിസയിലെ ഔവർ ലേഡി ഓഫ് ലെബനൻ ദൈവാലയത്തിലേക്ക് പോക്കും. അവിടെ ബിഷപ്പുമാരെയും പുരോഹിതന്മാരെയും സമർപ്പിതരെയും ഇടവക പ്രതിനിധികളെയും കാണും. അപ്പസ്തോലിക ന്യൂൺഷ്യേച്ചറിലെ കത്തോലിക്കാ പാത്രിയാർക്കീസുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തും.
ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിലെ രക്തസാക്ഷി സ്ക്വയറിൽ പാപ്പ ഒരു എക്യുമെനിക്കൽ സർവമത സമ്മേളനം നടത്തും. പിന്നീട് ബ്കെർക്കയിലെ അന്ത്യോക്യയിലെ മരോണൈറ്റ് പാത്രിയാർക്കേറ്റിന് മുന്നിലുള്ള സ്ക്വയറിൽ ലെബനനിലെ യുവാക്കളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും.
ഡിസംബർ രണ്ടിന്, ജാൽ എഡ് ഡിബിലെ ഡി ലാ ക്രോയിക്സ് ആശുപത്രിയിലെ ജീവനക്കാരെയും രോഗികളെയും പരിശുദ്ധ പിതാവ് സന്ദർശിക്കും. തുടർന്ന് 2020 ൽ ബെയ്റൂട്ട് തുറമുഖ സ്ഫോടനം നടന്ന സ്ഥലത്ത് മൗനപ്രാർഥന നടത്തും. ലെബനനിലേക്കുള്ള യാത്രയിലെ അവസാനത്തെ പ്രധാന സംഭവമായ ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ഉച്ചകഴിഞ്ഞു പാപ്പ ബെയ്റൂട്ടിൽ നിന്ന് റോമിലേക്ക് തിരിക്കും. വൈകുന്നേരം നാലുമണിക്ക് ശേഷം റോമിലെ ഫിയുമിചിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാപ്പ എത്തിച്ചേരും.
യാത്രയുടെ വിജയത്തിനായി പാപ്പ എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർഥിച്ചു. സമ്പന്നമായ ചരിത്രവും ആധ്യാത്മികതയുമുള്ള തുർക്കിയിലെയും ലെബനനിലെയും പ്രിയപ്പെട്ട ജനങ്ങളെ കാണാനായി താൻ യാത്ര ആരംഭിക്കുകയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
നിഖ്യായിൽ നടന്ന ഒന്നാം എക്യൂമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികം കൂടിയാണ് ഈ വർഷമെന്ന കാര്യം പാപ്പ പ്രത്യേകം എടുത്തു പറഞ്ഞു. അവിടെയുള്ള കത്തോലിക്കാ സമൂഹങ്ങളെയും ക്രൈസ്തവരും മറ്റു മതവിശ്വാസികളുമായ സഹോദരങ്ങളെയും കാണാനാണ് താൻ അവിടേക്കു പോകുന്നതെന്നും പാപ്പ വെളിപ്പെടുത്തി.
ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ള ഈ യാത്രയെ ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.