റഷ്യ-ഉക്രെയ്ന്‍ സമാധാന കരാറിന് ധാരണ; ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സെലന്‍സ്‌കി

റഷ്യ-ഉക്രെയ്ന്‍ സമാധാന കരാറിന് ധാരണ; ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സെലന്‍സ്‌കി

കീവ്: റഷ്യ-ഉക്രെയ്ന്‍ സമാധാന കരാറിന് ധാരണയായി. അമേരിക്ക മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. റഷ്യയുമായുള്ള സമാധാന കരാറിന് ഉക്രെയ്ന്‍ സമ്മതിച്ചെന്നും എതാനും ചെറിയ കാര്യങ്ങളില്‍ മാത്രമേ തീരുമാനം ആകാനുള്ളുവെന്നും യു.എസ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിഷ്‌കരിച്ച യു.എസ് സമാധാന പദ്ധതിയിലെ നിര്‍ദേശങ്ങള്‍ കൂടുതല്‍ ദൃഢമായ കരാറുകളിലേക്ക് നയിച്ചേക്കാമെന്നും എന്നാല്‍ പലതും യു.എസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സെലന്‍സ്‌കി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കന്‍ പക്ഷത്ത് നിന്നും പ്രസിഡന്റ് ട്രംപില്‍ നിന്നും കൂടുതല്‍ സജീവമായ സഹകരണം താന്‍ പ്രതീക്ഷിക്കുന്നുവെന്നും സെലന്‍സ്‌കി പറഞ്ഞു.

അബുദാബിയിലുള്ള ഉക്രെയ്ന്‍ പ്രതിനിധി സംഘവുമായി യു.എസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമാധാന കരാറിന് ഉക്രെയ്ന്‍ സമ്മതിച്ചത്. അബുദാബിയില്‍ റഷ്യന്‍ പ്രതിനിധികളുമായും ഡാന്‍ ഡ്രിസ്‌കോള്‍ ചര്‍ച്ച നടത്തിയിരുന്നു. റഷ്യ-ഉക്രെയ്ന്‍ സമാധാന കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ വലിയ പുരോഗതി കൈവരിച്ചെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും വൈറ്റ് ഹൗസ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

റഷ്യയുടെ ഏകദേശം നാല് വര്‍ഷത്തെ അധിനിവേശം അവസാനിപ്പിക്കാനുള്ള യു.എസ് പദ്ധതിയുടെ ആദ്യ പതിപ്പ് റഷ്യയ്ക്ക് അനുകൂലമാണെന്ന് വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് പരിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ട്രംപിനെ കാണാന്‍ തയ്യാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. ചര്‍ച്ചകളില്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കണമെന്ന് അദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് തന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫിനെ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ മോസ്‌കോയിലേക്ക് അയക്കുമെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. അഭിപ്രായ വ്യത്യാസമുള്ള കുറച്ച് കാര്യങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക, ഉക്രെയ്ന്‍, യുറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഞായറാഴ്ച ജനീവയില്‍ ചര്‍ച്ച നടത്തിയിരുന്നു. ജനീവയില്‍ ചര്‍ച്ച ചെയ്ത കരാറിലെ പ്രധാന വ്യവസ്ഥകളില്‍ പ്രതിനിധികള്‍ പൊതു ധാരണയിലെത്തിയെന്ന് ഉക്രെയ്‌ന്റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിന്റെ പശ്ചിമേഷ്യ കാര്യ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പുടിന്റെ ഉപദേഷ്ടാവ് കിറില്‍ ദിമിത്രീവും ചേര്‍ന്നാണ് കരാറിന്റെ കരട് തയാറാക്കിയത്. തുടര്‍ന്ന് ഉക്രെയ്ന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഏതാനും വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയെന്നാണ് വിവരം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.