എറണാകുളം കൂവപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ബെത്ലഹേം അഭയഭവന്‍ ഡയറക്ടര്‍ മേരി എസ്തപ്പാന്‍ നിരവധി പേര്‍ക്ക് അമ്മയായിരുന്നു. 2000 ലാണ് അശരണര്‍ക്കും ആലംബഹീനര്‍ക്കും അഭയമാകാന്‍ പരിമിതമായ സാഹചര്യങ്ങളില്‍ അഭയഭവന് മേരി തുടക്കമിട്ടത്.
മാനസിക വെല്ലുവിളി നേരിട്ട് തെരുവോരങ്ങളില്‍ അലഞ്ഞു തിരിയുന്നവര്‍ സ്തീയായാലും പുരുഷനായാലും അവരെ ഏറ്റെടുത്തു സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. അനാഥത്വം പേറുന്നവര്‍ക്കും ഭവന രഹിതര്‍ക്കും രോഗാതുരരായി സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും ഭക്ഷണവും വസ്ത്രവും താമസവും മരുന്നും അതോടൊപ്പം സ്നേഹ വാത്സല്യവും നല്‍കി അവരെയെല്ലാം അഭയഭവന്റെ ഭാഗമാക്കിയിരുന്നു മേരി എസ്തപ്പാന്‍.
സ്വയം തൊഴില്‍ ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ക്ക് ജീവിതത്തിന്റെ വിരസത മാറാനും കഴിഞ്ഞ കാലത്തിന്റെ അര്‍ത്ഥമില്ലായ്മയെക്കുറിച്ച് ചിന്തകളില്ലാതിരിയ്ക്കാന്‍ അവരെ വിവിധ ജോലികളില്‍ മുഴുകാനും പ്രേരിപ്പിച്ചിരുന്നു. ഒരു സാധാരണ വീട്ടമ്മയായിരുന്ന മേരി എസ്തപ്പാന്‍ നുറുകണക്കിന് അന്തേവാസികള്‍ക്ക് കാരുണ്യസ്പര്‍ശമേകുന്ന മേരിയമ്മയായിരുന്നു.
അധികമാരും പിന്തുടരാത്ത പാതയിലൂടെ അചഞ്ചലമായ ഇച്ഛാശക്തിയോടെ നടന്ന് തുടങ്ങിയപ്പോള്‍ മേരിയ്ക്കൊപ്പം നടന്നു നീങ്ങാന്‍ ഒരുപാട് പേര്‍ കൂട്ടു ചേര്‍ന്നു. 1998 ജനുവരി അഞ്ചിന് അഭയ ഭവന്‍ കൂവപ്പടിയില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിരുന്നു. അഭ്യുദയകാംക്ഷികളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ കൊണ്ടാണ് ചെലവ് വഹിക്കുന്നത്.
''മാനസിക രോഗികളെ ആളുകള്‍ ഭയപ്പെടുന്നു. ഈ ഭയമാണ് അവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുന്നതിലേക്ക് നയിക്കുന്നത്. എന്നിരുന്നാലും, സ്നേഹവും കരുതലും ആളുകളെ മാറ്റുമെന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു''- എന്നാണ് മേരിയമ്മ പറയാറുള്ളത്.
18 മുതല്‍ 90 വയസുവരെയുള്ളവര്‍ ഇവിടെ അന്തേവാസികളാണ്. മലയാളികള്‍ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അലഞ്ഞുതിരിഞ്ഞെത്തിയ ഒട്ടേറെ പേരും ഇവിടെയുണ്ട്. വെല്ലുവിളി നേരിടുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അഭയ ഭവനിലെ അന്തേവാസികള്‍ക്ക് യോഗ, നൃത്തം, തയ്യല്‍ എന്നിവ പഠിപ്പിച്ചിരുന്നു. ഇടയ്ക്കിടെ അവരെ ചെറിയ യാത്രകള്‍ക്കായും കൊണ്ടുപോകുമായിരുന്നു.
67 കാരിയായ മേരി വാഹനാപകടത്തെ തുടര്‍ന്ന് രണ്ട് മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2025 ഓഗസ്റ്റ് ആറിന് അടൂരിന് സമീപമാണ് അപകടമുണ്ടായത്. അഭയഭവന്റെ ആവശ്യത്തിന് മന്ത്രി എം.ബി രാജേഷിനെ കാണുന്നതിന് കാറില്‍ പോകുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മേരി എസ്തപ്പാന്റെ അന്ത്യം.
അങ്കമാലി കവരപ്പറമ്പ് മേനാച്ചേരി ഉറുമീസിന്റെയും മറിയത്തിന്റെയും മകളായ മേരി വിവാഹ ശേഷമാണ് കൂവപ്പടിയിലെത്തുന്നത്. മൂന്ന് മക്കളുടെ അമ്മയായി കഴിയുമ്പോഴാണ് 1998 ല്‍ വീടിനോട് ചേര്‍ന്ന് ബത്ലഹം അഭയഭവന്‍ തുടങ്ങിയത്. ആരോരുമില്ലാതെ തെരുവില്‍ അലയുന്നവരെയും മനോദൗര്‍ബല്യമുള്ളവരെയും സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരവധി അംഗീകാരങ്ങളും ഈ ചെറിയ കാലയളവില്‍ മേരിയെ തേടിയെത്തി. സാമൂഹിക സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള, സംസ്ഥാന സര്‍ക്കാരിന്റെ 2017 ലെ അക്കാമ്മ ചെറിയാന്‍ അവാര്‍ഡ്, മര്‍ത്തമറിയം പുരസ്‌കാരവം എന്നിവ മേരി എസ്തപ്പാനെ തേടി എത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.