ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിങ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12 ന് ഷിംലയിലാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. റിജ് മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിങ് സുഖു, ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രി എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ വികസനം പിന്നീട് നടക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പുറമെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖരും ചടങ്ങിനെത്തും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി ജയറാം ഠാക്കൂറിനെ നേരില്‍ കണ്ട് നേതാക്കള്‍ ക്ഷണിച്ചു.
2018 ശേഷം ആദ്യമായാണ് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജ്യത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. അതിനാല്‍ ചടങ്ങ് വന്‍ ആഘോഷമാക്കാനാണ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും തീരുമാനം.
സുഖ് വീന്ദറിന്റെ സ്വന്തം മണ്ഡലമായ നദൗനില്‍ രാത്രി ഏറെ വൈകിയും വന്‍ ആഘോഷങ്ങള്‍ നടന്നു. പിസിസി അധ്യക്ഷ പ്രതിഭ സിങിനെ മുഖ്യമന്ത്രിയാക്കാത്തതില്‍ ഒരു വിഭാഗം അസംതൃപ്തരാണ്. പ്രതിഭ സിങിന്റെ മകന്‍ വിക്രമാദിത്യ സിങിന് സുപ്രധാന വകുപ്പ് നല്‍കും എന്നാണ് സൂചന.
അതേസമയം ഗുജറാത്തില്‍ പുതിയ മന്ത്രിസഭയില്‍ ആരൊക്കെയെന്നത് സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് അന്തിമ രൂപം നല്‍കും. ഗാന്ധിനഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അര്‍ജുന്‍ മുണ്ട, ബി എസ് യെദിയൂരപ്പ എന്നീ കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
പരിഗണിക്കപ്പെടുന്നവരുടെ പട്ടികയുമായി ഭൂപന്ദ്ര പട്ടേലും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടിലും ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. നാളയാണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ ഏറുക. 20 മന്ത്രിമാര്‍ ആദ്യ ഘട്ടത്തില്‍ സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.