'രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കൂ'; സിപിഎമ്മിന്റെ ലീഗ് അടുപ്പത്തെ പരിഹസിച്ച് സുധാകരന്‍

'രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കൂ'; സിപിഎമ്മിന്റെ ലീഗ് അടുപ്പത്തെ പരിഹസിച്ച് സുധാകരന്‍

കൊച്ചി: മുസ്‌ലീം ലീഗിനെ ഒപ്പം ചേര്‍ക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇപ്പോള്‍ സിപിഎമ്മിന് ലീഗ് പ്രേമമാണ്. അതൊക്കെ വെറും സ്വപ്‌നം മാത്രമാണ്. രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കൂ. ലീഗുകാര്‍ വര്‍ഗീയവാദികളെന്നു പറഞ്ഞത് സിപിഎമ്മാണെന്നും കോണ്‍ഗ്രസ് അല്ലെന്നും എറണാകുളത്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു.

ശശി തരൂരുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ല. ഡല്‍ഹിയില്‍ തരൂരുമായി സംസാരിച്ചിരുന്നു. ശശി തരൂര്‍ എംപി കോണ്‍ഗ്രസിന്റെ സ്വത്താണ്. തരൂരും പാര്‍ട്ടിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദാനം നല്‍കിയിട്ടുണ്ട്. ഒപ്പം പാര്‍ട്ടി ചട്ടക്കൂടിന് അനുയോജ്യമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. 

സംസ്ഥാനത്ത് തഴച്ചു വളരുന്ന ലഹരി മാഫിയക്ക് പ്രാദേശിക സംരക്ഷണം നല്‍കുന്നത് സിപിഎമ്മാണ്. തലശേരിയിലെ ഇരട്ട കൊലപാതകത്തിലും അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സംഭവത്തിലുമെല്ലാം സിപിഎം ബന്ധം വ്യക്തമാണ്. രക്ഷിതാക്കളെ കൂടി പങ്കെടുപ്പിച്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളെ ലഹരിമാഫിയയില്‍ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.

കേരളത്തിലെ കാര്‍ഷിക മേഖലയുടെ കനത്ത വില തകര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കും. പരമ്പരാഗത വ്യവസായങ്ങളും, കയര്‍, കശുവണ്ടി മേഖലകളും നേരിടുന്ന പ്രതിസന്ധികള്‍ കടുത്ത ആശങ്ക ഉളവാക്കുന്നതാണ്. നെല്ലും റബറും നാണ്യവിളകളും നേരിടുന്ന കനത്ത വിലത്തകര്‍ച്ചയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല. 

ഒരു വശത്ത് അരിവിലയുള്‍പ്പെടെ എല്ലാറ്റിനും കനത്ത വിലക്കയറ്റം. മറുവശത്ത് കാര്‍ഷികവിളകളുടെ വില കുത്തനെ താഴേക്ക്. കുട്ടനാട്ടില്‍ നെല്ല് സംഭരണം പോലും യഥാസമയം സര്‍ക്കാര്‍ ചെയ്തില്ല. ഇതിനെല്ലാമെതിരെ കര്‍ഷകരെയും ജനങ്ങളെയും അണിനിരത്തി കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. എഐസിസി അനുമതിയോടെ മൂന്ന് മാസത്തിനുള്ളില്‍ പാര്‍ട്ടി പുന:സംഘടന പൂര്‍ത്തിയാക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.