തിരുവനന്തപുരം: അനധികൃത നിയമന വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പേ സാങ്കേതിക യൂണിവേഴ്സിറ്റിയില്‍ 100 പേര്‍ക്ക് പിന്‍വാതില്‍ നിയമനം. അടുതത് 100 പേരുടെ നിയമന നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട്. സിന്‍ഡിക്കേറ്റംഗങ്ങളായ രണ്ട് സി.പി.എം നേതാക്കളുടെ നേതൃത്വത്തിലാണ് നിയമന മേള നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനു പിന്നാലെയാണ് ഇഷ്ടക്കാരെ തിരുകി കയറ്റല്‍.
സംസ്ഥാനത്തെ എല്ലാ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, എം.ബി.എ, എം.സി.എ കോളജുകളും അഫിലിയേറ്റ് ചെയ്തിട്ടുള്ള സാങ്കേതിക സര്‍വകലാശാലയില്‍ ആകെയുള്ളത് 56 സ്ഥിരം തസ്തികകളാണ്.
മറ്റ് സര്‍വകലാശാലകളില്‍ നിന്ന് ഓപ്ഷന്‍ നല്‍കിയെത്തിയവരാണ് ഈ തസ്തികകളിലുള്ളത്. 200 തസ്തികകള്‍ സൃഷ്ടിക്കാനുള്ള അപേക്ഷ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുന്നു. ഈ തസ്തികകളിലേക്കാണ് തോന്നും പടിയുള്ള നിയമനം.
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, ഡ്രൈവര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, സ്വീപ്പര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് 100 പേരെ സിന്‍ഡിക്കറ്റ് നിയമിച്ചത്. സ്വന്തം നിലയില്‍ അപേക്ഷ ക്ഷണിച്ച് പേരിനൊരു അഭിമുഖവും നടത്തിയാണ് നിയമനം. ഇനിയുള്ള 100 തസ്തികകളിലേക്ക് നിയമനത്തിനുള്ള ശുപാര്‍ശ വൈസ്ചാന്‍സലറുടെ പരിഗണനയിലാണ്. 179 ദിവസത്തേക്കാണ് നിയമനം.
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇവരെത്തന്നെ വീണ്ടും നിയമിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ കാത്തിരിക്കുമ്പോഴുള്ള പിന്‍വാതില്‍ നിയമനം തടയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പും പണമിടപാടുകളുമെല്ലാം നിയന്ത്രിക്കുന്നത് താത്കാലിക ജീവനക്കാരാണ്. പരീക്ഷാ വിഭാഗത്തില്‍ ടാബുലേഷന്‍ ഉള്‍പ്പെടെ ജോലികള്‍ ചെയ്യുന്നതിന് 114 ജീവനക്കാരെ ദിവസക്കൂലിക്ക് നിയമിച്ചു. ഇത് പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടമാക്കുമെന്ന് ആക്ഷേപമുണ്ട്.
ഫിനാന്‍സ് വിഭാഗത്തിലും താല്‍കാലിക ജീവനക്കാരാണ്. ഡ്രൈവര്‍മാര്‍, ലീഗല്‍ അഡൈ്വസര്‍, ഐ.ടി പ്രോഗ്രാമര്‍, ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍, സ്വീപ്പര്‍മാര്‍, പ്യൂണുമാര്‍ എന്നിവരെയെല്ലാം സിന്‍ഡിക്കേറ്റ് നേരിട്ടാണ് നിയമിക്കുന്നത്. സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചാല്‍ പി.എസ്.സി വഴിയേ നിയമനം നടത്താനാവൂ.പിന്‍ വാതില്‍ നിയമനങ്ങള്‍ രാഷ്ട്രീയാടിസ്ഥാനത്തിലാണ്. ഭൂരിഭാഗം താല്‍കാലിക ജീവനക്കാരെയും തുടരാന്‍ അനുവദിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.