'ഭരണഘടനയെ അവഹേളിച്ചിട്ടില്ല'; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

'ഭരണഘടനയെ അവഹേളിച്ചിട്ടില്ല'; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് പുറത്ത്. സജി ചെറിയാന്‍ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമര്‍ശനാത്മകമായി മാത്രമാണ്. ഭരണഘടനയെയോ ഭരണഘടനാ ശില്‍പ്പികളെയോ അവഹേളിച്ചിട്ടില്ല. അതിനാല്‍ തന്നെ ഈ കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതായി തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവര്‍ മൊഴി നല്‍കിയതെന്നും രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് തിരുവല്ല കോടതിയിലാണ് കഴിഞ്ഞ ദിവസം പൊലീസ് നല്‍കിയത്.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. തുടര്‍ന്ന് ജൂലൈ ആറിന് സജി മന്ത്രിസ്ഥാനം രാജിവെച്ചു. സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കേടതിയില്‍ ഇതുസംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

യാദൃശ്ചികമായാണ് വിവാദ പരാമര്‍ശം ഉണ്ടായത്. പ്രസംഗം മുഴുവന്‍ കേട്ടാല്‍ ഇത് ബോധ്യമാകും. പരിപാടിയുടെ വേദിയിലുണ്ടായിരുന്ന എംഎല്‍എമാരടക്കമുള്ളവരുടെ മൊഴികളും മുന്‍ മന്ത്രിക്ക് അനുകൂലമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നുണ്ട്. പ്ലീഡറുടെ നിയമോപദേശം അടക്കം വിശദമായ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.