ഫാ. സ്റ്റാന്‍ സ്വാമിയെ കുടുക്കിയത് കള്ളത്തെളിവുണ്ടാക്കി: ആഴ്‌സണലിന്റെ റിപ്പോര്‍ട്ടില്‍ വിവാദം കത്തുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ഫാ. സ്റ്റാന്‍ സ്വാമിയെ കുടുക്കിയത് കള്ളത്തെളിവുണ്ടാക്കി: ആഴ്‌സണലിന്റെ റിപ്പോര്‍ട്ടില്‍ വിവാദം കത്തുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പിലെ 24,000 ഫയലുകള്‍ ഹാക്കര്‍ നിരീക്ഷിച്ചു.
ഫയല്‍ സിസ്റ്റം ഇടപാടുകള്‍, ആപ്ലിക്കേഷന്‍ എക്‌സിക്യൂഷന്‍ ഡാറ്റ എന്നിവയില്‍ അവശേഷിച്ച പ്രവര്‍ത്തനം അടിസ്ഥാനമാക്കിയാണ് ആഴ്‌സണലിന്റെ കണ്ടെത്തല്‍.
വിദഗ്ധനായ ഏതൊരു ഡിജിറ്റല്‍ ഫോറെന്‍സിക് ഉദ്യോഗസ്ഥനും തങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുമെന്ന് ആഴ്‌സണല്‍.


ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിക്കെതിരെ കള്ളത്തെളിവുണ്ടാക്കിയെന്ന അമേരിക്കന്‍ ഫോറെന്‍സിക് സ്ഥാപനം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വിവാദം കത്തുന്നു. വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

ഇങ്ങനെയാണ് ഒരു ജനാധിപത്യ രാജ്യം സ്വന്തം ജനതയോട് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ അനീസ് സോസ് ട്വിറ്ററില്‍ കുറിച്ചു. കോടതികള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രീതിയിലാണ് തെളിവുകള്‍ ഉണ്ടാക്കുന്നതെങ്കില്‍ നിരവധി പേരെ പല കുറ്റങ്ങളും ചുമത്തി ജയിലില്‍ തള്ളാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു.

ഫാ.സ്റ്റാന്‍ സ്വാമി അറസ്റ്റിലാകുന്നതിന്റെ തലേദിവസം വരെ ഹാക്കിങ് നടന്നതായും പെഗാസസ് ഹാക്കിങ് സോഫ്റ്റുവെയര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയിരുന്നെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. ആരാണ് സ്റ്റാന്‍ സ്വാമിയെ കൊന്നതെന്ന് നടന്‍ പ്രകാശ് രാജ് ട്വീറ്റില്‍ ചോദിച്ചു. എന്‍ഐഎയുടേത് കെട്ടുകഥയാണെന്ന് തെളിഞ്ഞെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

കേസില്‍ കുടുക്കുന്നതിനായി അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്ത് രേഖകള്‍ ചേര്‍ക്കുകയായിരുന്നെന്ന് അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഴ്‌സണല്‍ കണ്‍സല്‍ട്ടിങ് എന്ന ഫൊറെന്‍സിക് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ട് വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കി.


ഈ രേഖകളാണ് എന്‍ഐഎ കുറ്റപത്രത്തില്‍ എഴുതി ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള 15 പേരാണെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍.

2020 ലാണ് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ അഞ്ചിന് അദ്ദേഹം അന്തരിച്ചു. മാവോയിസ്റ്റ് കത്ത് ഉള്‍പ്പെടെ 44 രേഖളാണ് സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ് ഹാക്ക് ചെയ്ത് സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 മുതല്‍ 2019 ജൂണ്‍ 11 വരെ ഹാക്കിങ് നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12 നാണ് മുംബൈ പൊലീസ് ഫാ.സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റു പ്രതികളായ റോണ വില്‍സിന്റെയും സുരേന്ദ്ര ഗാഡ്‌ലിങിന്റെയും ലാപ്‌ടോപ്പുകളിലും സമാനമായ രീതിയില്‍ ഹാക്കിങ് നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നുപേരുടെയും ലാപ്‌ടോപ്പുകള്‍ ഹാക്ക് ചെയ്തത് ഒരാളണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഫാ.സ്റ്റാന്‍ സ്വാമി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പിന്റെ ഇലക്ട്രോണിക് കോപ്പി ആഴ്‌സണല്‍ കണ്‍സല്‍ട്ടിങ് വിശദമായി പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്‍പതിലേറെ ഫയലുകള്‍ സ്റ്റാന്‍ സ്വാമിയുടെ ഹാര്‍ഡ് ഡിസ്‌ക്കില്‍ സൃഷ്ടിച്ചതെന്നു വ്യക്തമായത്. ഏറ്റവുമവസാനമായി 2019 ജൂണ്‍ അഞ്ചിനാണ് കൃത്രിമ തെളിവ് സൃഷ്ടിച്ചതെന്നും ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് ചൂണ്ടിക്കാട്ടുന്നു.

ഭീമ കൊറെഗാവ് കേസിന്റെ രേഖകളുടെ ആധികാരികതയെക്കുറിച്ചും അതില്‍ ഫാ. സ്റ്റാനിന്റെ പങ്കിനെ കുറിച്ചും വിദഗ്ധര്‍ ഗുരുതരമായ സംശയങ്ങള്‍ ഉന്നയിച്ചിട്ടും അദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത് ഈ രേഖകളുടെ അടിസ്ഥാനത്തിലാണ്.

മനുഷ്യാവകാശ സംരക്ഷകരുടെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തതുമായി ഇന്ത്യന്‍ ഭരണകൂടത്തെ ബന്ധിപ്പിക്കുന്ന നിരവധി കണ്ടെത്തലുകളില്‍ ഏറ്റവും പുതിയതാണ് ഇത്. ഫയല്‍ സിസ്റ്റം ഇടപാടുകള്‍, ആപ്ലിക്കേഷന്‍ എക്‌സിക്യൂഷന്‍ ഡാറ്റ എന്നിവയില്‍ അവശേഷിച്ച പ്രവര്‍ത്തനം അടിസ്ഥാനമാക്കിയാണ് ആഴ്‌സണല്‍ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

'കീലോഗിങ്' എന്ന പ്രക്രിയ ഉപയോഗിച്ചാണ് റെക്കോര്‍ഡ് ചെയ്തത്. ഹാക്കര്‍മാര്‍ തങ്ങളുടെ പാസ്വേഡുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ വായിക്കാന്‍ കഴിയുന്നതിന്റെ ഉദാഹരണങ്ങളും മറ്റ് രേഖകളും ഇമെയിലുകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പിലെ 24,000 ഫയലുകളും ഹാക്കര്‍ നിരീക്ഷിച്ചു.


ടര്‍ക്കിഷ് ഒഡാടിവി കേസ്, ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിംഗ് കേസ് എന്നിവയുള്‍പ്പെടെ ലാന്‍ഡ്മാര്‍ക്ക് ഡിജിറ്റല്‍ ഫോറെന്‍സിക് കേസുകളില്‍ പ്രവര്‍ത്തിച്ച വളരെ പ്രഗത്ഭരായ ഡിജിറ്റല്‍ ഫോറെന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് നടത്തിയ കണ്ടെത്തല്‍ വരും നാളുകളില്‍ വലിയ ചര്‍ച്ചയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വിദഗ്ധനായ ഏതൊരു ഡിജിറ്റല്‍ ഫോറെന്‍സിക് ഉദ്യോഗസ്ഥനും തങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുമെന്ന് ആഴ്‌സണല്‍ വ്യക്തമാക്കുന്നു.

അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിന് തീവ്രവാദവുമായി ബന്ധമുള്ള ഒന്നും കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ ഭരണകൂടം തടവിലാക്കുകയായിരുന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ അദ്ദേഹം മനുഷ്യാവകാശ ലംഘനത്തിന് ഇരയായി. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.