മൗലിക അവകാശം ലംഘിക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കാനാവില്ല: സുപ്രീം കോടതി

മൗലിക അവകാശം ലംഘിക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരന്മാരുടെ മൗലിക അവകാശം ലംഘിക്കപ്പെടുമ്പോള്‍ ഇടപെടാതിരിക്കുന്നത് സുപ്രീം കോടതിയില്‍ നിക്ഷിപ്തമായ ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങളുടെ ലംഘനമാവുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സുപ്രീം കോടതിയെ സംബന്ധിച്ച് ഒരു കേസും ചെറുതല്ലെന്നും അദേഹം പറഞ്ഞു.

ഇലക്ട്രിസിറ്റി നിയമ പ്രകാരം പതിനെട്ടു വര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളുടെ ഹര്‍ജിയില്‍ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

വ്യക്തി സ്വതന്ത്ര്യം ഹനിക്കപ്പെടുന്ന കേസുകളില്‍ ഇടപെട്ട് ആശ്വാസം പകരാനാവുന്നില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് പിഎസ് നരസിംഹയും അടങ്ങിയ ബെഞ്ച് ചോദിച്ചു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കേസുകളില്‍ ഇടപെടുന്നില്ലെങ്കില്‍ അത് അനുഛേദം 136 ന്റ ലംഘനമാവുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

മൗലിക അവകാശങ്ങളുടെ കാവല്‍ മാലാഖയാണ് കോടതിയെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ കേസെന്ന് ബെഞ്ച് പറഞ്ഞു. കോടതി ഈ അധികാരം ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ പൗരന്റെ അവകാശങ്ങള്‍ ഇല്ലാതായിപ്പോവുകയാണ്. ഇതു ചെറിയ കേസാണെന്നു തോന്നും. എന്നാല്‍ വ്യക്തി സ്വാതന്ത്ര്യം എന്നത് പ്രധാനപ്പെട്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി ചെറിയ കേസുകളില്‍ ഇടപെട്ട് സമയം കളയരുതെന്ന് കഴിഞ്ഞ ദിവസം നിയമ മന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടിരുന്നു. ഒട്ടേറെ കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ജാമ്യ ഹര്‍ജികളും പൊതുതാത്പര്യ ഹര്‍ജികളും പരിഗണിച്ച് കോടതി സമയം കളയരുത് എന്നായിരുന്നു റിജിജുവിന്റെ പ്രസ്താവന.

ഇലക്ട്രിസിറ്റി നിയമ പ്രകാരം ഒന്‍പതു കേസുകളിലായി പതിനെട്ടു വര്‍ഷം തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇമ്രാന്‍ ആണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഓരോ കേസിലും രണ്ടു വര്‍ഷമാണ് ശിക്ഷയെങ്കിലും അത് വെവ്വേറെ അനുഭവിക്കേണ്ടതുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.

ഇതു ശരിവച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇമ്രാന്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അലബാഹാദ് ഹൈക്കോടതിയുടേത് തെറ്റായ നീതി നടപ്പാക്കല്‍ ആയിരുന്നെന്ന് സുപ്രീം കോടതി വിലയിരുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.