വത്തിക്കാൻ സിറ്റി: വിശ്വ ശാന്തിയാണ് താൻ ഈ തിരുപ്പിറവിത്തിരുന്നാളിൽ ചോദിക്കുന്ന സമ്മാനമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഈ ക്രിസ്തുമസ്സിന് എന്തു സമ്മാനമായിരിക്കും ആവശ്യപ്പെടുക എന്ന ചോദ്യത്തിനായിരുന്നു സ്പാനിഷ് വാർത്ത ഏജൻസിയായ എബിസിക്ക് നൽകിയ അഭിമുഖത്തിൽ മാർപാപ്പയുടെ പ്രതികരണം.
മ്യന്മാർ, യെമൻ, സിറിയ തുടങ്ങി ലോകത്തിൽ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങൾ നടക്കുന്നുണ്ടെന്നും സിറിയയിൽ യുദ്ധം ആരംഭിച്ചിട്ട് 13 വർഷമായെന്നും മാർപാപ്പ ഓർമിപ്പിച്ചു. എന്നാൽ ഉക്രൈയിൻ യുദ്ധം നമ്മെ കൂടുതൽ അടുത്തു നിന്ന് സ്പശിക്കുന്നുവെന്നും പാപ്പ പറഞ്ഞു.
മാർപാപ്പയായപ്പോൾ തന്നെ രാജിക്കത്ത് സമർപ്പിച്ചിരുന്നു
വിശുദ്ധ പോൾ ആറാമന്റെ പാത പിന്തുടർന്ന് ആരോഗ്യപ്രശ്നങ്ങളാൽ കർത്തവ്യനിർവഹണം സാധ്യമല്ലാതെ വന്നാൽ പരിഗണിക്കുന്നതിനായി തന്റെ രാജിക്കത്ത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ സമർപ്പിച്ചിരുന്നതായി മാർപാപ്പ പറഞ്ഞു. 2013 ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അന്നത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കർദിനാൾ തർസീസിയോ ബർതോണിനെയായിരുന്നു രാജിക്കത്ത് ഏൽപിച്ചിരുന്നതെന്നും പാപ്പ വ്യക്തമാക്കി.
"ഞാൻ ഇതിനകം എന്റെ രാജിയിൽ ഒപ്പുവച്ചിട്ടുണ്ട്. കർദിനാൾ തർസീസിയോ ബെർതോൺ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്താണ് അത്. കർദിനാൾ ബെർതോൺ ആ കത്ത് ആർക്കാണ് നൽകിയതെന്ന് എനിക്കറിയില്ല. പക്ഷെ അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ ഞാൻ കത്ത് അദ്ദേഹത്തിന് കൈമാറിയിരുന്നു. കത്തിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് ഇതാദ്യമായാണ്" എന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളോ മറ്റു അപകടങ്ങളോ മൂലം പെട്ടെന്ന് ചുമതലകൾ നിർവഹിക്കാൻ കഴിയാതെ വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന്റെ മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. നിങ്ങൾ ഒരുപക്ഷെ കർദിനാൾ ബർതോണിനോട് ആ കത്ത് എവിടെ എന്ന് ചോദിച്ചേക്കാമെന്ന് തമാശരൂപത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞ മാർപാപ്പ ഒരുപക്ഷെ അത് ഇപ്പോഴത്തെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയേത്രോ പരോലിന് അദ്ദേഹം കൈമാറിയിട്ടുണ്ടാകാമെന്നും കൂട്ടിച്ചേർത്തു.
കടമകള്‍ നിർവഹിക്കാനാകാത്തവിധം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ രാജിവെയ്ക്കുന്നതിനായി താൻ തന്നെ വിശുദ്ധനായി പ്രഖ്യാപിച്ച ബ്രെസിയൻ മുൻഗാമി പോൾ ആറാമനും രേഖാമൂലം കത്ത് നൽകിയിരുന്നതായി ഫ്രാൻസിസ് മാർപാപ്പ ഓർമ്മിച്ചു.പയസ് പന്ത്രണ്ടാമനും ഒരുപക്ഷെ അതുപോലെ ചെയ്തിട്ടുണ്ടാകുമെന്നും പാപ്പ വ്യക്തമാക്കി.
ഉക്രെയ്നിലെ യുദ്ധം
ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചും ആ വിഷയത്തിൽ മാർപാപ്പ നൂറിലധികം തവണ സംസാരിച്ചതിനെക്കുറിച്ചും അഭിമുഖത്തിൽ ചർച്ചകൾ ഉണ്ടായി. ഉക്രെയ്നിൽ നടക്കുന്നത് ഭയാനകമാണ്. അതിഭീകരമായ ക്രൂരത ആണവിടെ നടക്കുന്നതെന്നും അത് വളരെ ഗുരുതരമാണെന്നും പാപ്പ ആവർത്തിച്ച് പറഞ്ഞു. അതിനാൽ തന്നെ നൂറിലധികം തവണ യുദ്ധത്തിനെതിരെ മാർപാപ്പ സംസാരിച്ചിട്ടുണ്ട്.
അടുത്തൊന്നും ഈ യുദ്ധത്തിന് ഒരു അന്ത്യമുണ്ടാകുമെന്ന് മാർപാപ്പ കരുതുന്നില്ല. "ഇതൊരു ലോകയുദ്ധമാണ്. നമ്മൾ അത് നാം മറക്കരുത്. യുദ്ധത്തിൽ ഇതിനകം നിരവധി രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഒരു സാമ്രാജ്യം ദുർബലമാകാൻ തുടങ്ങുമ്പോൾ ഒരു യുദ്ധം നടക്കുമെന്ന് ഞാൻ കരുതുന്നു. കാരണം ഉപയോഗിക്കാനും വിൽക്കാനും പരീക്ഷിക്കാനും നിരവധി ആയുധങ്ങൾ ലഭ്യമാകുമ്പോൾ ഇതിൽ പല താൽപ്പര്യങ്ങളും ഉണ്ടെന്ന് എനിക്ക് തോന്നുന്നു" എന്നും പാപ്പ വിശദീകരിച്ചു.
"എനിക്ക് കഴിയുന്നത് ഞാൻ ചെയ്യുന്നു, എന്നാൽ അവർ കേൾക്കുന്നില്ല" എന്ന് മാർപാപ്പ ദുഖത്തോടെ വ്യക്തമാക്കി.
ജനങ്ങളുമായി ഇടപെഴകാൻ കഴിയുന്നില്ല
മാർപാപ്പയെന്ന നിലയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏതാണെന്ന ചോദ്യത്തിന്, പുറത്തേക്കിറങ്ങി തെരുവിലൂടെ സഞ്ചരിക്കാനാകാത്തതാണ് താൻ ഏറെ ആഗ്രഹിച്ചിട്ടും കഴിയാതെ പോകുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചു. ജനങ്ങളുമായി അടുത്തിടപഴകാൻ ഏറെ ഇഷ്ടമാണ്. അർജന്റീനയിലെ ബ്യുണസ് ഐറസിലായിരുന്നപ്പോൾ തനിക്ക് പൊതുവാഹനങ്ങളിൽ സഞ്ചരിക്കാനാകുമായിരുന്നുവെന്നും ജനങ്ങളുടെ ജീവിതരീതി കാണുക തനിക്കിഷ്ടമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
അതേസമയം ആളുകളുമായുള്ള സമ്പർക്കം തന്നെ വളരെയധികം ഊർജ്ജസ്വലനാക്കുന്നുവെന്നും അതുകൊണ്ടാണ് ബുധനാഴ്ചകളിൽ പൊതുജനങ്ങളെ കാണുന്നതിനുള്ള അവസരങ്ങളൊന്നും റദ്ദാക്കാത്തതെന്നും പാപ്പ വ്യക്തമാക്കി. "ഞാൻ മുമ്പ് തെരുവിലിറങ്ങിയപ്പോൾ, ഞാൻ കർദ്ദിനാൾ (ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പ്) ആണെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ തെരുവിലിറങ്ങുന്നത് എനിക്ക് സാധ്യമല്ല " എന്നും മാർപാപ്പ വിശദീകരിച്ചു.
മുട്ടുവേദനയും വീൽചെയറും
ഒട്ടേറെ നാളുകളായി കാൽമുട്ടിന് വേദന അനുഭവിക്കുന്ന വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ. ഇത് സംബന്ധമായ ചോദ്യത്തിന് "ഞാൻ ഇതിനകം തന്നെ നടക്കുകയാണ്" എന്നാണ് അദ്ദേഹം മറുപടി നൽകിയത്. "ഒരു ഓപ്പറേഷൻ വേണ്ടെന്ന തീരുമാനം ശരിയായിരുന്നു, അത് വളരെ നന്നായി തോന്നുന്നു" എന്ന് ചിരിച്ചുകൊണ്ട് മാർപാപ്പ വ്യക്തമാക്കി.
"ആളുകൾക്ക് ബഹുമാനം തോന്നുന്ന പ്രായത്തിൽ ഞാൻ ഇതിനകം എത്തിക്കഴിഞ്ഞു. എങ്കിലും നിങ്ങൾ നന്നായി കാണപ്പെടുന്നുവെന്ന് ആളുകൾക്ക് പറയാൻ കഴിയണം" എന്നും മാർപാപ്പ വിശദീകരിച്ചു.
മാർപാപ്പയെ വീൽചെയറിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ അനുദിന പരിപാടികളുടെ നീണ്ട നിര കുറയ്ക്കുമെന്ന് താൻ കരുതിയെന്നും എന്നാൽ പകരം അത് മൂന്നിരട്ടിയാഎന്നും ചോദ്യകർത്തവ് പറഞ്ഞപ്പോൾ "നമ്മൾ ഭരിക്കുന്നത് നമ്മുടെ തലകൊണ്ടാണ്, മുട്ടുകൊണ്ടല്ല" എന്നാണ് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചത്.
തന്റെ വാക്കുകൾ വളച്ചൊടിക്കുന്നു
തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും പാപ്പ പ്രതികരിച്ചു. തങ്ങൾ ഉദ്ദേശിക്കുന്നിടത്ത് എത്തിക്കുന്നതിന് ചിലപ്പോൾ തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് യഥേഷ്ടം വ്യാഖ്യാനിക്കുന്നവരുണ്ടെന്നും സന്ദർഭത്തിൽ നിന്നു മാറ്റി ഉപയോഗിക്കുമ്പോൾ വാക്കിന്റെ അർത്ഥം മാറുന്നുവെന്നും പാപ്പാ പറഞ്ഞു.
സ്വാർത്ഥതാല്പര്യ സംരക്ഷണാർത്ഥം തന്നെ ചിലർ കരുവാക്കാറുണ്ടെന്ന വസ്തുതയും മാർപാപ്പ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. തന്നെ ചിലർ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ നമ്മൾ ദൈവനാമം കൂടുതലായി ഉപയോഗിക്കുകയും മൗനം പാലിക്കുകയും മുന്നോട്ടു പോകുകയും ചെയ്യുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.
കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.