വടക്ക്-കിഴക്ക് മേഖലയെ ലക്ഷ്യമാക്കി യുദ്ധ സന്നാഹങ്ങളോടെ ചൈന; അതിര്‍ത്തിയില്‍ 1748 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കാന്‍ ഇന്ത്യ

വടക്ക്-കിഴക്ക് മേഖലയെ ലക്ഷ്യമാക്കി യുദ്ധ സന്നാഹങ്ങളോടെ ചൈന; അതിര്‍ത്തിയില്‍ 1748 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കാന്‍ ഇന്ത്യ

ഡ്രോണുകളുടെയും യുദ്ധ വിമാനങ്ങളുടെയും ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്.
അരുണാചല്‍ പ്രദേശ് വ്യോമ പാതകളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ്.
ദേശീയപാത നിര്‍മിക്കുന്നത് ചൈനയുടെ നീക്കങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിരീക്ഷിക്കാന്‍.


ന്യൂഡല്‍ഹി: ഇന്ത്യയുമായി ചൈന യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്ക്-കിഴക്ക് മേഖലയെ ലക്ഷ്യമാക്കിയാണ് ചൈനയുടെ യുദ്ധ സന്നാഹമെന്നാണ് പുറത്തു വരുന്ന വിവരം.

ഇതിന് മുന്നോടിയായി ടിബറ്റന്‍ മേഖലയിലെ പ്രധാന വ്യോമ താവളങ്ങളില്‍ വന്‍ തോതില്‍ ഡ്രോണുകളും യുദ്ധ വിമാനങ്ങളും സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തു വന്നു. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ നിന്ന് 150 കിലോ മീറ്റര്‍ മാത്രം ദൂരത്തുള്ള ചൈനയുടെ ബാങ്ദ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണിത്.

അരുണാചല്‍ പ്രദേശിലെ തവാങില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് ചൈനയുടെ സൈനിക സന്നാഹങ്ങളുടെ ചിത്രം പുറത്തു വരുന്നത്. എന്‍.ഡി ടി.വിയാണ് ചൈനയുടെനീക്കം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രം പുറത്തു വിട്ടിരിക്കുന്നത്.

ചൈനയുടെ അത്യാധുനിക ഡ്രോണ്‍ ആയ സോറിങ് ഡ്രാഗണിന്റെ സാന്നിധ്യവും ചിത്രങ്ങളില്‍ കാണുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ 2021 ല്‍ ചൈന പുറത്തിറക്കിയ സോറിങ് ഡ്രാഗണ്‍ 10 മണിക്കൂറോളം നിര്‍ത്താതെ പറക്കും. ചാരവൃത്തി, രഹസ്യാന്വേഷണ ദൗത്യങ്ങള്‍, ക്രൂയിസ് മിസൈലുകളിലേക്ക് ഡാറ്റകള്‍ കൈമാറല്‍ തുടങ്ങിയവയാണ് ഡ്രോണുകളുടെ ദൗത്യങ്ങള്‍.


വ്യോമപാത വഴി ചൈനയുടെ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ജാഗരൂകരായി അരുണാചല്‍ പ്രദേശ് വ്യോമ പാതകളില്‍ പട്രോളിങ് നടത്തുന്നുണ്ട്.

ഭീഷണി നിലനില്‍ക്കെ തന്നെ കഴിഞ്ഞ ആഴ്ചകളിലായി രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ വ്യോമസേന തുരത്തുകയും ചെയ്തിരുന്നു. അതേസമയം ചൈനയുടെ ചലനങ്ങള്‍ കൂടുതല്‍ ഫലപ്രദായി നിരീക്ഷിക്കുന്നതിന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ഇന്ത്യ-ടിബറ്റ്-ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന് പുതിയ ദേശീയപാത നിര്‍മിക്കും.

1748 കിലോമീറ്റര്‍ നീളമുള്ള രണ്ടുവരിപ്പാത ചിലയിടത്ത് രാജ്യാന്തര അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍ വരെ അടുത്തായിരിക്കും. സമീപകാലത്ത് കേന്ദ്രം വിജ്ഞാപനം ചെയ്യുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയ പാതയാണിത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളുടെ കുടിയേറ്റം തടയുകയാണ് എന്‍.എച്ച് 913 എന്നു പേരിട്ടിട്ടുള്ള പദ്ധതിയുടെ ലക്ഷ്യം.

കൂടാതെ അതിര്‍ത്തിയിലേക്കുള്ള പ്രതിരോധ സേനയുടെയും സൈനിക സാമഗ്രികളുടെയും തടസമില്ലാത്ത നീക്കത്തിന് പാത സഹായകമാകും. ബോംഡില മുതല്‍ ഇന്ത്യ-ടിബറ്റ് അതിര്‍ത്തിക്ക് ഏറ്റവും അടുത്തുള്ള സ്ഥലങ്ങളായ നഫ്ര, ഹുറി, മോനിഗോംങ്, ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജിഡോ, ചെന്‍ക്വന്റി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന പാത ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള വിജയനഗര്‍ വരെയാണ് നിര്‍മ്മിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.