ചെന്നൈ: തോല്‍വി അറിയാതെയുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തേരോട്ടം തുടരുന്നു. ഇന്ന് നടന്ന ഐഎസ്എല്‍ മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് തുടര്‍ച്ചായ ആറാം മത്സരത്തിലും തോല്‍വിക്ക് കീഴടങ്ങാതെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം തുടരുകയാണ്. ഇരുടീമും ഓരോ ഗോള്‍ വീതം നേടി.
കളിയുടെ തുടക്കത്തില്‍ തന്നെ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്‌റ്റേഴ്‌സ് മികച്ച അറ്റാക്കിങ് റണ്ണുകളും അപകടകരമായ ടാര്‍ജറ്റ് ഷോട്ടുകളും പുറത്തെടുത്തു. 21-ാം മിനിറ്റില്‍ മികച്ചൊരു ഫ്രീ കിക്കിലൂടെ അഡ്രിയാന്‍ ലൂണ ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിനെ പരീക്ഷിക്കുകയും ചെയ്തു.
അധികം വൈകാതെ തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ പിറന്നു. 23-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ വിന്‍സി ബാരെറ്റോയിലൂടെ ചെന്നൈയിന്‍ തിരിച്ചടിക്കുകയായിരുന്നു.
സമനില കണ്ടെത്തിയതോടെ ചെന്നൈയിന്‍ കൂടതല്‍ നേരം പന്ത് കൈവശം വച്ച് പതിയെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 61-ാം മിനിറ്റില്‍ നിഷുകുമാറില്‍ നിന്ന് ലഭിച്ച പന്തില്‍ ബോക്‌സിന് പുറത്ത് നിന്ന് സഹല്‍ ഒരു ശ്രമം നടത്തിയെങ്കിലും പുറത്തേക്ക് പോയി.
ബോക്‌സിന് പുറത്ത് നിന്നുള്ള പരിശ്രമങ്ങളാണ് പിന്നീട് ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ നടത്തിയത്. പക്ഷേ, ലക്ഷ്യം ഭേദിക്കാന്‍ മാത്രം കഴിഞ്ഞില്ല. അവസാന നിമിഷങ്ങളില്‍ ആക്രമണം കടുപ്പിച്ചെങ്കിലും മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.