ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ്: ദിവ്യയുടെ ഡയറിയില്‍ കോടികളുടെ കണക്കുകള്‍

ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ്: ദിവ്യയുടെ ഡയറിയില്‍ കോടികളുടെ കണക്കുകള്‍

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസില്‍, ടൈറ്റാനിയത്തിലെ ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശശികുമാരന്‍ തമ്പിയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പലരില്‍ നിന്നായി ഇത്രയും തുക കൈപ്പറ്റിയതായി മുഖ്യപ്രതി ദിവ്യാനായര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിവ്യയുടെ ഡയറിയില്‍ ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യാ നായരെ ഞായറാഴ്ച വെഞ്ഞാറമൂട് പൊലീസാണ് അറസ്റ്റു ചെയ്തത്. ശശികുമാരന്‍ തമ്പിയുടെ സുഹൃത്തുക്കളായ പ്രേംകുമാര്‍, ശ്യാംലാല്‍, ദിവ്യാ നായരുടെ ഭര്‍ത്താവ് രാജേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവരെല്ലാം ഒളിവിലാണ്. ബോഡി ബില്‍ഡറും പവര്‍ ലിഫ്റ്ററുമായ മണക്കാട് സ്വദേശിയായ ശ്യാംലാലും ശശികുമാരന്‍ തമ്പിയും സഹപാഠികളാണ്.

ഈ സൗഹൃദം ശ്യാംലാലിന് ടൈറ്റാനിയം ഓഫീസിലേയ്ക്കുള്ള പ്രവേശനം സുഗമമാക്കി. ശ്യാംലാലിന് ടൈറ്റാനിയത്തിലുള്ള സ്വാധീനമാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പില്‍ കുരുക്കാന്‍ സഹായകമായത്. കന്റോണ്‍മെന്റ്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശശികുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്. ഇടനിലക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ടൈറ്റാനിയത്തില്‍ എത്തിക്കുന്ന ഉദ്യോഗാര്‍ഥികളെ ശശികുമാരന്‍ തമ്പിയാണ് ഇന്റര്‍വ്യൂ നടത്തിയിരുന്നത്.

ദിവ്യ ഫെയ്സ്ബുക്കിലൂടെ നല്‍കുന്ന പരസ്യം കണ്ട് ബന്ധപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ശ്യാം ലാലും മറ്റുള്ളവരും ചേര്‍ന്ന് ഇന്റര്‍വ്യൂവിനെന്ന പേരില്‍ ടൈറ്റാനിയത്തില്‍ എത്തിക്കും. ശശികുമാരന്‍ തമ്പിയുടെ കാബിനില്‍ വച്ച് ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ഥികളുടെ വിശ്വാസം പിടിച്ചു പറ്റിയാണ് തുക വാങ്ങുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ ആറിന് കേസെടുത്തിട്ടും കന്റോണ്‍മെന്റ് പൊലീസ് നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരി ഡി.സി.പിക്ക് പരാതി കൊടുത്തു. പണം കൈമാറുന്നതിന്റെ വീഡിയോയും പ്രതികളുമായുള്ള ഫോണ്‍ സംഭാഷണങ്ങളും ഉപ്പെടുന്ന തെളിവുകളുമായാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. പൂജപ്പുര പൊലീസാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

നേരത്തെ കേരള ബാങ്കില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്ന് ദിവ്യാനായര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.