പ്രതിസന്ധികളെ പുതിയ തുടക്കമാക്കി ദൈവം നമ്മെ ആശ്ചര്യപ്പെടുത്തുന്നു, യൗസേപ്പിതാവിന്റെ പാത പിന്തുടരാം; മാര്‍പ്പാപ്പ

പ്രതിസന്ധികളെ പുതിയ തുടക്കമാക്കി ദൈവം നമ്മെ ആശ്ചര്യപ്പെടുത്തുന്നു, യൗസേപ്പിതാവിന്റെ പാത പിന്തുടരാം; മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ ജീവിതത്തിലെ പ്രയാസകരമായ സന്ദര്‍ഭങ്ങളെയും പ്രതിസന്ധികളെയും ദൈവം പുതിയ തുടക്കത്തിനായുള്ള അവസരങ്ങളാക്കി മാറ്റുമെന്ന് ഫ്രാന്‍സിസ് പാപ്പ. അതിന്റെ ഏറ്റവും വലിയ മാതൃകയാണ് യൗസേപ്പിതാവ്. വ്യക്തിപരമായി തളര്‍ന്നിരിക്കുന്ന ഘട്ടത്തില്‍ നാം ദൈവത്തിനായി വാതില്‍ തുറന്നിടുമ്പോള്‍, പ്രതിസന്ധികളെ സ്വപ്നങ്ങളാക്കി മാറ്റുന്നതില്‍ ദൈവത്തിന് ഇടപെടാന്‍ കഴിയുമെന്നും മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.

നോമ്പുകാലത്തിന്റെ അവസാന ഞായറാഴ്ച്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സന്നിഹിതരായ, വിവിധ രാജ്യത്തുനിന്നുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്.

ദിവ്യബലി മദ്ധ്യേ വായിച്ച മത്തായിയുടെ സുവിശേഷം ഒന്നാം അദ്ധ്യായം 18 മുതല്‍ 24 വരെയുള്ള വാക്യങ്ങളാണ് പാപ്പാ വിചിന്തനത്തിനായി തെരഞ്ഞെടുത്തത്. അതായത് വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ പ്രതിസന്ധികളെയും അതു ദൈവനിയോഗമായി മാറിയതെങ്ങനെയെന്നും വിവരിക്കുന്ന ഭാഗമായിരുന്നു അത്.

മറിയവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ യൗസേപ്പ് തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള്‍ കാണുന്നു. ഏതൊരു സാധാരണക്കാരനെയും പോലെ സ്‌നേഹനിധിയായ ഭാര്യയും അനേകം മക്കളുമുള്ള മനോഹരമായ കുടുംബവും മാന്യമായ ജോലിയുമുള്ള ജീവിതമാണ് യൗസേപ്പും ആഗ്രഹിക്കുന്നത്.

എന്നാല്‍ തനിക്ക് വിവാഹമുറപ്പിച്ചവളുടെ ഉദരത്തില്‍ തന്റേതല്ലാത്ത ഒരു കുഞ്ഞ് വളരുന്നുവെന്ന കണ്ടെത്തല്‍ യൗസേപ്പിന്റെ സ്വപ്‌നങ്ങളെ ഒറ്റയടിക്ക് തകര്‍ക്കുന്നു. അതില്‍ നിന്നുണ്ടായ ഞെട്ടല്‍ അദ്ദേഹത്തെ നിരാശയിലും പരിഭ്രാന്തിയിലുമാക്കുന്നു.

തന്റെ ഭാവി വധുവായ മറിയം ഗര്‍ഭിണിയാണ്. സ്വപ്‌നങ്ങള്‍ ശിഥിലമായ യൗസേപ്പിനു മുന്നില്‍ അന്നത്തെ നിയമം രണ്ട് സാദ്ധ്യതകളാണു നല്‍കുന്നത്. ഒന്നുകില്‍ മറിയത്തിനു നേരേ അവിശ്വസ്തത ആരോപിക്കുക. രണ്ടാമത്തേത്, മറിയത്തെ നാണക്കേടിലേക്കു തള്ളിവിടാതെയും കനത്ത പ്രത്യാഘാതങ്ങള്‍ക്ക് വിധേയയാക്കാതെയും വിവാഹനിശ്ചയം രഹസ്യമായി റദ്ദാക്കുക.

ഇവിടെ യൗസേപ്പ് രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുന്നതായി മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. അത് കരുണയുടെ വഴിയാണ്. പ്രതിസന്ധിയുടെ കൊടുമുടിയിലും യൗസേപ്പ് ഇതേക്കുറിച്ച് ചിന്തിക്കുകയും ആഴത്തില്‍ വിലയിരുത്തുകയും ചെയ്യുമ്പോള്‍ ദൈവം അവന്റെ ഹൃദയത്തില്‍ ഒരു പുതിയ വെളിച്ചം പ്രകാശിപ്പിക്കുന്നു.

മറിയത്തിന്റെ മാതൃത്വം വഞ്ചനയുടെ ഫലമല്ലെന്നു ദൈവം സ്വപ്‌നത്തിലൂടെ അവനോട് പ്രഖ്യാപിക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ജനിക്കാന്‍ പോകുന്ന ശിശു രക്ഷകനാണെന്നും ദൈവം യൗസേപ്പിനെ ബോധ്യപ്പെടുത്തുന്നു. ഭക്തനായ ഏതൊരു ഇസ്രായേല്‍ക്കാരന്റെയും ഏറ്റവും വലിയ സ്വപ്‌നമാണ് മിശിഹായുടെ പിതാവാകുക എന്നത്. തികച്ചും അപ്രതീക്ഷിതമായ വിധത്തില്‍ അതു തന്നില്‍ നിറവേറ്റപ്പെടുകയാണെന്ന് നിദ്രയില്‍ നിന്നുണര്‍ന്ന യൗസേപ്പ് തിരിച്ചറിയുന്നു.


മുന്‍പ് ചിന്തിച്ചിരുന്നതില്‍നിന്നു വ്യത്യസ്തമായി മറിയത്തെയും അവളുടെ പുത്രനെയും സ്വാഗതം ചെയ്തുകൊണ്ട് താന്‍ ദൈവത്തില്‍ പൂര്‍ണമായി ഭരമേല്‍പിക്കണമെന്ന് യൗസേപ്പ് മനസിലാക്കുന്നു - മാര്‍പാപ്പ തുടര്‍ന്നു.

ഇവിടെ യൗസേപ്പിന് തന്റെ ഉറപ്പുകളും പദ്ധതികളും പ്രതീക്ഷകളും ഉപേക്ഷിക്കേണ്ടി വരുന്നു. ഇനിയും കണ്ടെത്തേണ്ടതായ പുതിയ ഭാവിയിലേക്ക് സ്വയം തുറക്കുന്നു.

പ്രതിസന്ധിയില്‍ യൗസേപ്പ് എല്ലാറ്റിനുമുപരിയായി ദൈവത്തില്‍ വിശ്വസിച്ചു. തന്നില്‍ വിശ്വസിക്കാന്‍ ആവശ്യപ്പെടുന്ന ദൈവത്തോട്, 'അതെ' എന്ന് ജോസഫ് ഉത്തരം നല്‍കി. അദ്ദേഹത്തിന്റെ ധൈര്യം വീരോചിതവും നിശബ്ദവുമാണ്. അവന്‍ എല്ലാത്തിനും സന്നദ്ധനായിരുന്നു, കൂടുതല്‍ ഉറപ്പുകള്‍ ആവശ്യപ്പെടാതെ തന്നെ.

ഈ സുവിശേഷ ഭാഗം നമുക്കു നല്‍കുന്ന തിരിച്ചറിവ് എന്താണ്? നമുക്കെല്ലാവര്‍ക്കും സ്വന്തം ജീവിത ലക്ഷ്യങ്ങളുണ്ടാകാം. തിരുപ്പിറവിയുടെ വേളയില്‍ നാം അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നു, തകര്‍ന്ന സ്വപ്‌നങ്ങളെയോര്‍ത്ത് ദുഃഖിക്കുന്നു.

ഈ ഘട്ടത്തില്‍ യൗസേപ്പ് നമുക്ക് വഴി കാണിക്കുന്നു. കോപം, ഒറ്റപ്പെടല്‍ തുടങ്ങിയ നിഷേധാത്മക വികാരങ്ങള്‍ക്ക് നാം വഴങ്ങരുത്. ഇത് തെറ്റായ വഴിയാണ്. പകരം, ജീവിതത്തിലെ വിസ്മയങ്ങളെ, ആകസ്മിതകളെ, പ്രതിസന്ധികളെ നാം ശ്രദ്ധയോടെ സ്വാഗതം ചെയ്യുക.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു ആവേശത്തിന് എടുത്തുചാടാതെ യൗസേപ്പിനെ പോലെ സ്വയം വിശകലനവിധേയമാകണം. എല്ലാ കാര്യങ്ങളും പരിഗണിക്കണം - പാപ്പാ ഓര്‍മിപ്പിച്ചു.

വ്യക്തിപരമായ പ്രതിസന്ധികള്‍ക്കിടയിലും നമുക്ക് ദൈവത്തിനു മുന്നില്‍ വാതില്‍ തുറന്നിടാം. പ്രതിസന്ധികളെ സ്വപ്നങ്ങളാക്കി മാറ്റുന്നതില്‍ അവിടുന്ന് വിദഗ്ദ്ധനാണ്. ദൈവം പ്രതിസന്ധികളെ, നാം മുമ്പ് സങ്കല്‍പ്പിച്ചിട്ടില്ലാത്ത വിധമുള്ള പുതിയ കാഴ്ചപ്പാടുകളിലേക്ക് തുറക്കുന്നു, അത്, ഒരുപക്ഷേ നാം പ്രതീക്ഷിച്ചതുപോലെ ആയിരിക്കില്ല. അത് ദൈവത്തിന്റെ മാത്രം പദ്ധതിയാണ്. അവിടുത്തെ പദ്ധതികള്‍ നമ്മുടേതിനെക്കാള്‍ അനന്തമാംവിധം വിശാലവും മനോഹരവുമാണ് - പാപ്പ ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.