ഇടുക്കി: ബഫർസോൺ വിഷയത്തിൽ ഫീൽഡ് സർവേ നാളെ മുതൽ തുടങ്ങും. ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിലാണ് സർവേ. ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്. ജനുവരി 11 നകം സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ സർവേ തീരുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.
പെരിയാർ, മതികെട്ടാൻ, ഇടുക്കി തുടങ്ങി ഇടുക്കിയിലെ സംരക്ഷിത മേഖലകൾക്കു ചുറ്റും ബഫർസോണിൽ ഉൾപ്പെടുത്തേണ്ട പല കെട്ടിടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദ പരിശോധന നടത്താൻ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
ഇതനുസരിച്ച് വിവിധ പഞ്ചായത്തുകളിൽ വനം-റവന്യൂ- പഞ്ചായത്ത് അധികൃതകുടെ നേതൃത്വത്തിൽ യോഗങ്ങൾ തുടങ്ങി. യോഗത്തിലെ തീരുമാന പ്രകാരമാണ് ഫീൽഡ് സർവേ തുടങ്ങുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമെ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ഓരോ വാർഡിലുമെത്തി നേരിട്ട് പരിശോധന നടത്തുക.
ഒഴിവാക്കപ്പെട്ടവ കൂട്ടിച്ചേർക്കാൻ ജനങ്ങളിൽ നിന്നും അപേക്ഷയും ഇതോടൊപ്പം സ്വീകരിക്കും. ജനവാസം കൂടുതലുള്ള മേഖലയാണ് ബഫർസോണിലുൾപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കാനാണിത്. പെരിയാർ കടുവസങ്കേതത്തോടു ചേർന്നുള്ള കുമളി പട്ടണം മുഴുവൻ ബഫർ സോണിലുൾപ്പെട്ടിട്ടുണ്ട്. ഇത് വ്യാപാര വിനോദ സഞ്ചാര മേഖലയിലുള്ളവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
ബഫർ സോണിൽ പരാതികൾ കിട്ടുന്ന മുറക്ക് അതാതിടങ്ങളിൽ ഫീൽഡ് സർവേ നടത്താൻ ആണ് സർക്കാർ തീരുമാനം. ജനുവരി ഏഴ് വരെ പരാതി നൽകാം. ഉപഗ്രഹ സർവേ റിപ്പോർട്ടിലും 2021 സർക്കാർ കേന്ദ്രത്തിനു നൽകിയ സീറോ ബഫർ സോൺ റിപ്പോർട്ടിലും ജനങ്ങൾക്ക് പരാതി നൽകാം. ഫീൽഡ് സർവേ കൂടി ചേർത്ത് കോടതിയിൽ അന്തിമ റിപ്പോർട്ട് നല്കാൻ ആണ് സർക്കാർ നീക്കം
അതേസമയം ബഫർ സോൺ വിരുദ്ധ സമിതി ഇന്ന് കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. രാവിലെ പത്ത് മണിക്കാണ് മാർച്ച്. ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കണമെന്നും വനമേഖലയിൽ മാത്രമായി സോൺ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്.
ബഫർ സോണുമായി ബന്ധപ്പെട്ട് സിപിഎം കൂരാച്ചുണ്ടിൽ ഇന്ന് ജനകീയ കൺവെൻഷനും സംഘടിപിക്കുന്നുണ്ട്. വൈകിട്ട് നാലിനാണ് പരിപാടി. ബഫർ സോൺ ആശങ്കയും പ്രശ്ന പരിഹാരവും എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ സച്ചിൻ ദേവ് എംഎൽഎ, ഇടുക്കി മുൻ എംപി ജോയ്സ് ജോർജ് എന്നിവർ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.