കോവിഡ് പുതിയ വകഭേദം ഇന്ത്യയിലും; ലക്ഷണങ്ങള്‍ അറിയാം

കോവിഡ് പുതിയ വകഭേദം ഇന്ത്യയിലും; ലക്ഷണങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: കോവിഡ് നാലാം തരംഗ ഭീതിയിലാണ് ഇപ്പോള്‍ ലോകം. ചൈനയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ ഇന്ത്യയിലും ജാഗ്രത ശക്തമാക്കി. ഒമിക്രോണ്‍ വൈറസിന്റെ പുതിയ വകഭേദമായ ബിഎഫ്.7 ആണ് പുതിയ വ്യാപനത്തിനു കാരണമായിരിക്കുന്നത്.

ഇന്ത്യയിലും ബിഎഫ്.7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ നാല് കേസുകളാണ് ഇത്തരത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ട് കേസുകള്‍ ഗുജറാത്തില്‍ നിന്നും രണ്ട് കേസുകള്‍ ഒഡീഷയില്‍ നിന്നുമാണ് സ്ഥിരീകരിച്ചത്.

ഇന്ത്യക്ക് പുറമെ ബെല്‍ജിയം, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, യുഎസ്, യുകെ എന്നിവിടങ്ങളിലെല്ലാം ബിഎഫ്.7 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ചൈന, കൊറിയ, യുഎസ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ കൂടുതലായി കാണുന്നത്.

വേഗത്തില്‍ വ്യാപിക്കുന്ന ബിഎഫ്.7

ഒമിക്രോണ്‍ തന്നെ വ്യതിയാനം സംഭവിച്ച് പല ഉപവകഭേദങ്ങളായി പിന്നീട് വന്നിരുന്നു. ഇതില്‍ ബിഎ.5 എന്ന വകഭേദത്തില്‍ നിന്നാണത്രേ ബിഎഫ്.7 ഉണ്ടായിരിക്കുന്നത്.

വളരെ വേഗത്തില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. രോഗമുക്തി നേടിയവരില്‍ തന്നെ വീണ്ടും കൊവിഡ് എത്തിക്കാനും വാക്‌സിനെടുത്തവരില്‍ പോലും കൊവിഡ് പകര്‍ത്താനും ഇതിനുള്ള കഴിവ് കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലുള്ള വാക്‌സിനുകള്‍ക്കൊന്നും ബിഎ.7 പ്രതിരോധിക്കാന്‍ സാധിക്കില്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലക്ഷണങ്ങള്‍

കൊവിഡ് 19 രോഗത്തില്‍ അടിസ്ഥാനപരമായി ചില ലക്ഷണങ്ങള്‍ പൊതുവില്‍ എല്ലാ വകഭേദത്തിലും കാണാം. ഇവ തന്നെയാണ് ബിഎഫ്.7ലും കാര്യമായി കാണുന്നത്. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ എന്നിവ തന്നെയാണ് ലക്ഷണങ്ങളായി കാണുന്നതത്രേ. ശ്വാസകോശത്തിന്റെ മുകള്‍ഭാഗത്ത് അണുബാധയുണ്ടാക്കുന്ന രീതി തന്നെ ഈ വൈറസ് വകഭേദത്തിനും കണ്ടുവരുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.