ക്രിസ്തുമസ്- ഉള്ളിന്റെ ഉള്ളിലേക്കുള്ള ദൂരം

ക്രിസ്തുമസ്- ഉള്ളിന്റെ ഉള്ളിലേക്കുള്ള ദൂരം

കുളിരു കൂടുതല്‍ ചോദിച്ചു വാങ്ങുന്ന പുലരികള്‍...കതിരു കൂടുതല്‍ പൂവിട്ടുലയുന്ന വാടികള്‍, തളിരു താനേ താളം പിടിക്കുന്ന ലതികകള്‍.. വെയിലിനോട് കൈകോര്‍ത്തലിയുന്ന നിഴലുകള്‍. വീണ്ടും പുതിയ പുളകവുമായി ക്രിസ്തുമസ് വരവായി. മനുഷ്യത്വത്തിന്റെ നെറുകയില്‍ ദൈവത്വത്തിനൊരു പുല്‍ക്കൂടു തീര്‍ത്ത ലോകം കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നു... ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ വായന സാധ്യമാക്കിയത് വിവിധ മതധാരകളിലെ തിരുമൊഴികളാണ്.

ആത്മീയത എന്ന വ്യക്തിനിഷ്ഠ അനുഭവത്തിന്റെ സംഘാത രൂപകമാണ് മതം എന്ന മാനകം. ലോകത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ അടുത്തേക്കു വന്ന, തങ്ങള്‍ക്കു സംലഭ്യമായ ഏതെങ്കിലും ഒരു മതധാരയിലൂടെ ഈശ്വര വിശ്വാസത്തിന്റെ അനുഭൂതികളിലേക്ക് വഴി കണ്ടെത്തിയവരാണ്. പുരാണ മതങ്ങളിലൊന്നായ യഹൂദ മതത്തിലെ അംഗമായി മനുഷ്യരൂപം സ്വീകരിച്ചു പിറന്ന യേശുക്രിസ്തുവിന്റെ ജീവനില്‍ പങ്കുചേര്‍ന്നവരുടെ കൂട്ടായ്മയായി ക്രിസ്തുമതം ലോകത്തില്‍ പടര്‍ന്നൊഴുകാന്‍ തുടങ്ങിയിട്ട് രണ്ടു സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞു.

ക്രിസ്തുമൊഴികളുടെ ജൈവരൂപങ്ങളായി ബൈബിള്‍ രൂപപ്പെട്ടതും പഴയ നിയമവും പുതിയ നിയമവുമടങ്ങുന്ന വേദപുസ്തകം മനുഷ്യത്വത്തിന്റെ ആകാശങ്ങളില്‍ സൂര്യനും ചന്ദ്രനുമായതും ലോക ചരിത്രം ക്രിസ്തുവിനു മുന്‍പും പിന്‍പുമായി വിഭജിക്കപ്പെട്ടതും ജനകോടികളുടെ അനുഭവസത്യം! സ്വന്തമാക്കുന്നവരേയും തിരസ്‌കരിക്കുന്നവരേയും ഒരുപോലെ ജീവിക്കാന്‍ കൊതിപ്പിക്കുന്ന ഒരേയൊരു ദൈവമാണ് ക്രിസ്തു.

ക്രിസ്തുമസ് ഒരു ഉത്സവമാണ്. അഖില ലോകവും ആഹ്ലാദത്താല്‍ നിറയുന്ന ദിനങ്ങളാണിത്. പുല്‍ക്കൂടുകളും നക്ഷത്ര വിളക്കുകളും മഞ്ഞു പൊഴിഞ്ഞു പുതഞ്ഞു നില്‍ക്കുന്ന ക്രിസ്തുമസ് മരങ്ങളും ശാന്തിഗീതം മുഴക്കുന്ന കരോള്‍ ഗാന ധ്വനികളുമെല്ലാം ചേര്‍ന്ന് എല്ലാ മനുഷ്യരുടെയും ഉള്ളുണര്‍ത്തുന്ന ഉത്സവമാണ് ക്രിസ്തുമസ്.

ക്രിസ്തുമസ് ഒരു സംസ്‌കാരമാണ്. ക്രിസ്തു സൃഷ്ടിച്ച തനിമയാര്‍ന്ന ഒരു സംസ്‌കാരം. സ്‌നേഹമാണ് സര്‍വോല്‍കൃഷ്ടം എന്ന സംസ്‌കാരം, സ്‌നേഹിതനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ കൊതിപ്പിക്കുന്ന സംസ്‌കാരം. ശത്രുവില്ലാത്ത ഒരു ലോകത്തില്‍ മൈത്രിയുടെ ആഴവും ധരിത്രിയുടെ ആയുസും ഒന്നായലിയുന്ന സംസ്‌കാരം, ക്ഷമയുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും ശൂന്യവല്‍ക്കരണത്തിന്റെയും പുഴകള്‍ പുല്‍ക്കൂട്ടില്‍ നിന്നൊഴുകി കുരിശിന്റെ ചുവട്ടില്‍ ഒരു സാഗരം തീര്‍ക്കുന്ന സംസ്‌കാരം.

ക്രിസ്തുമസ് ഒരു കല്‍പനയാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും തമ്മില്‍ത്തമ്മില്‍ സ്‌നേഹിക്കുവിന്‍ എന്ന കല്‍പന. ശത്രു, ശത്രുവാണെന്നു തിരിച്ചറിയുമ്പോഴും അവനെ ക്ഷമകൊണ്ടുഴിഞ്ഞ്, സ്‌നേഹം കൊണ്ടു കുളിപ്പിക്കുവാനുള്ള കല്‍പന.

ക്രിസ്തുമസ് ഒരു അളവാണ്. നിന്റെ കണ്ണില്‍ എന്റെ മുഖം തിരിച്ചറിയുവാന്‍ കഴിയുന്ന അടുപ്പത്തിന്റെ അളവ്. നിന്റെ വിശപ്പിനു മുന്നില്‍ എന്റെ അപ്പക്കഷണങ്ങള്‍ക്ക് അയ്യായിരമായി പെരുകുവാനുള്ള അപാര സാധ്യതയുടെ അളവ്.

നിന്നെ പുണ്യപ്പെടുത്താന്‍ ഞാന്‍ കൈയിലെടുത്ത കാപട്യത്തിന്റെ കല്ലുകള്‍ ഊര്‍ന്നു വീഴുന്ന ഒച്ചയുടെ അളവ്. സ്വയം കുഴഞ്ഞു വീഴാറാവുമ്പോഴും കരള്‍ പിഴിഞ്ഞ് പകരാന്‍ തുടിച്ച് അവസാനത്തെ നിലവിളിയും തേടിയുള്ള പദചലനങ്ങളുടെ അളവ്.

ക്രിസ്തുമസ് എന്റെ ഉള്ളിലേക്കുള്ള നിന്റെ ദൂരമാണ്. എന്റെ ഉള്ളിന്റെ ഉള്ളിലേക്കുള്ള നിന്റെ ദൂരമാണ്. നമുക്ക് നമ്മുടെ ഉള്ളിലേക്കു പോകാം. ഉള്ളിന്റെ ഉള്ളിലേക്കു യാത്ര ചെയ്യാം. തിരുപ്പിറവിക്ക് ഉള്ളാരുക്കാം. ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍.

ഫാ. റോയി കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും.


ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.