കൃഷി-മണ്ണിന്റെ വാസന, മനുഷ്യന്റെ വാസന

 കൃഷി-മണ്ണിന്റെ വാസന, മനുഷ്യന്റെ വാസന

'ഒന്നാം മഴ പെയ്തു മദം പൂണ്ട മണ്ണിനിതെന്തൊരു വാസന...' ഒ.എന്‍.വി. കുറുപ്പിന്റെ ഈ പഴയ സിനിമാ ഗാനത്തില്‍ മണ്ണിന്റെ ഗൃഹാതുരമായ ഒരു സുഗന്ധം പരക്കുന്നുണ്ട്. മണ്ണ് മനുഷ്യന്റെ ശരീരമാണ്. മനുഷ്യാ നീ മണ്ണാകുന്നു' എന്നത് ഒരു ബൈബിള്‍ ചിന്ത മാത്രമല്ല; മണ്ണിലേക്കു പിറന്നു വീഴുന്ന, എല്ലാ മനുഷ്യനും ഇന്നല്ലെങ്കില്‍ നാളെ മണ്ണടിയേണ്ടവരാണ് എന്ന ആഹ്വാനമാണ്. അതിനാല്‍ മണ്ണിനെ മറന്നുകൊണ്ട് ഒരു മനുഷ്യജീവിതമില്ല.

മനുഷ്യന്‍ ഒരു സമൂഹമെന്ന രീതിയില്‍ വളര്‍ച്ച തുടങ്ങുന്നത്, മണ്ണില്‍ കൃഷി ചെയ്തു കൊണ്ടാണ്. അതു കൊണ്ടാണ് കാര്‍ഷികവൃത്തി, മനുഷ്യന്റെ അടിസ്ഥാന വളര്‍ച്ചയുടെ ആണിക്കല്ലാണെന്നു പറയുന്നത്.

ശിലായുഗ മനുഷ്യന്‍ വേട്ടയാടിയാണ് ഉപജീവനം കഴിച്ചത്. കായ്കനികളും കിഴങ്ങുകളും ശേഖരിച്ചും നായാടിയും ജീവിച്ച മനുഷ്യര്‍ കാര്‍ഷിക വൃത്തിയിലേക്കു നീങ്ങിയതു നവീന ശിലായുഗത്തിലാണ്. അതു പുതിയൊരു സംസ്‌കാരത്തിന്റെ ഉദയമാണ് കുറിച്ചത് എന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ ജോണ്‍ ലെവിസ് നിരീക്ഷിക്കുന്നു.

കായ്കനികള്‍ ശേഖരിക്കുന്നതിനായി കാടും മലയും താണ്ടുന്നതിനേക്കാള്‍, അവ കൃഷി ചെയ്യുന്നതു മെച്ചമാണെന്നു കാലക്രമത്തില്‍ മനുഷ്യന്‍ അനുഭവിച്ചറിഞ്ഞു. നായാട്ടിന്റെ ബുദ്ധിമുട്ടുകളേക്കാള്‍, മൃഗങ്ങളെ വളര്‍ത്തുന്നതാണു മാംസ ഭക്ഷണം ലഭിക്കാന്‍ എളുപ്പമെന്നുള്ള നിഗമനവും ഇങ്ങനെ വികസിപ്പിച്ചതാവാം.

ആധുനിക കാലമായപ്പോഴേക്കും കൃഷി ഒരു വ്യവസായമായി മാറി. ലോകത്തെ മുഴുവന്‍ തീറ്റിപ്പോറ്റാന്‍ ശേഷിയുള്ള ധാന്യവിളകളുടെയും പച്ചക്കറികളുടെയും ശേഖരമായി മൂന്നാം ലോക രാജ്യങ്ങളെ മാറ്റിയ ഒന്നാം ലോക രാജ്യങ്ങള്‍ സ്വയം തിന്നു കൊഴുത്തു. അങ്ങനെ സാധാരണ കര്‍ഷകര്‍ കൂടുതലുള്ള രാജ്യങ്ങള്‍ പട്ടിണി കൊണ്ടു വീര്‍പ്പുമുട്ടിയപ്പോള്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ശേഖരിച്ചു വയ്ക്കാന്‍ ഇടമില്ലാതെ ടണ്‍ കണക്കിനു ധാന്യങ്ങള്‍ ഉപയോഗശൂന്യമായി.
ഇന്ത്യ, കര്‍ഷക വൃത്തിയിലൂടെ വളര്‍ന്ന രാജ്യമാണ്. കേരളം കര്‍ഷകരുടെ കളരിയായിരുന്നു. ആധുനിക കേരളത്തില്‍ കര്‍ഷകവൃത്തി, നിലനില്‍പിനു ഭീഷണി നേരിടുന്നുണ്ട്. മണ്ണു കാണാതെ ഉണ്ണുകയാണ് പുതിയ കേര ളത്തിന്റെ ഉണ്ണികള്‍. ഗ്രാമങ്ങള്‍ പോലും ഇന്നു നഗര സംസ്‌കാരത്തിന്റെ അനുകരണമാകുമ്പോള്‍, കൃഷിയിടങ്ങള്‍ നികത്തി നമ്മള്‍ ഫ്‌ളാറ്റുകളും വ്യവസായ ശാലകളും കൂണു പോലെ മുളപ്പിക്കുകയാണ്.

കൃഷിയില്‍ നിന്നുള്ള മലയാളിയുടെ യാത്ര, മണ്ണില്‍ നിന്നുള്ള യാത്രയാണ്. മണ്ണിനോടു യാത്ര പറഞ്ഞാല്‍ നമുക്കു മനുഷ്യനായി ജീവിക്കാനാവില്ല. മണ്ണില്‍ കിളച്ചു മണ്ണിന്റെ ഗന്ധം നുണഞ്ഞു ജലസേചനത്തോടൊപ്പം സ്വന്തം വിയര്‍പ്പും ചാലിച്ച്, വയലുകളെ ഊട്ടി വളര്‍ത്തിയിരുന്ന മലയാളിയുടെ തൊപ്പിപ്പാള ഇന്നു ചാനല്‍ കാമറകള്‍ക്കു മുന്നില്‍ കൃഷി മന്ത്രിമാര്‍ക്കു തലയില്‍ ചൂടാനുള്ള അലങ്കാര വസ്തു മാത്രമായി.

മണ്ണില്‍ കൃഷി ചെയ്തിരുന്ന കര്‍ഷകന്, പ്രകൃതിയുടെ ഒരു നേരുണ്ടായിരുന്നു. പ്രകൃതിയുടെ വികൃതികള്‍ ദുരന്തമായും വിളനാശമായും ക്ഷോഭമായുമൊക്കെ പ്രത്യക്ഷപ്പെടുമ്പോള്‍, അതിനെയെല്ലാം അതിജീവിച്ച് ജീവിത വയലില്‍ കഠിനാധ്വാനം വളമാക്കി ജീവിത വിജയം കൊയ്തിരുന്നവരാണ് നമ്മുടെ പൂര്‍വികര്‍. അവര്‍ക്കു മര ങ്ങള്‍ മക്കളായിരുന്നു. മുറ്റത്തെ ചെടികള്‍ കൊച്ചുമക്കളായിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ വീട്ടിലെ അംഗങ്ങളായിരുന്നു.

പ്രകൃതിയുമായും ജന്തു ജീവജാലങ്ങളുമായും അന്നു മനുഷ്യന്‍ പുലര്‍ത്തിയ സജീവമായ ഹൃദയബന്ധം അവനില്‍ നിറച്ചതു മൃഗീയതയല്ല, മനുഷ്യത്വമാണ്. അയല്‍ക്കാരന് അത്താഴമില്ലെന്നറിഞ്ഞാല്‍ തന്റെ അരനാഴിയിലെ ഉരിയരിയുമായി അവിടെ ഓടിയെത്താനുള്ള നന്മ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ സുന്ദര മനസ് അവര്‍ക്കുണ്ടായിരുന്നു.

മണ്ണില്‍ നിന്നകന്ന മനുഷ്യന്‍ നഗര നാട്യങ്ങളുടെ നാടകശാലയാണ്. മുറ്റമില്ലാത്ത വീടുകള്‍ ഇന്നു നമ്മില്‍ പലര്‍ക്കും അലങ്കാരമാണ്. മുല്ലപ്പൂവിന്റെ ഗന്ധമറിയാന്‍ നമുക്കിന്നു ജാസ്മിന്‍ എന്നെഴുതിയ ഗള്‍ഫുകാരന്റെ സെന്റ് കുപ്പിയുണ്ട്. അഞ്ചു രൂപ കൊടുത്താല്‍ പ്ലാസ്റ്റിക് ചുരുളില്‍ വാടാതെ വരുന്ന റോസാപ്പൂക്കള്‍ നമുക്കുണ്ട്.
ചെത്തിയും മന്ദാരവും തുളസിയും പിച്ചകവും പൂത്തു നില്‍ക്കുന്നതു കാണാന്‍, നമുക്കു സത്യന്‍ അന്തിക്കാടിന്റെ സിനിമയുണ്ട്. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കൊയ്ത്തു യന്ത്രമിറക്കാന്‍ നോക്കുകൂലി വാങ്ങിക്കുന്ന മലയാളി തൊഴിലാളിക്കു കൈയില്‍ മണ്ണു പറ്റുന്നത് അറപ്പാണ്. ആന്ധ്രാക്കാരന്റെ അരി വാങ്ങി ഒരു രൂപയ്ക്ക് അര കവിള്‍ പായസം നുണഞ്ഞു ജനാധിപത്യപരമായി കേരളത്തിന്റെ ഇടതും വലതും നിന്നു നമ്മള്‍ ഏമ്പക്കം വിട്ടു രസിക്കും. നടീലിന്റെയും കൊയ്ത്തിന്റെയും ഞാറ്റുപാട്ടുകളും കൊയ്ത്തുപാട്ടുകളും നാടന്‍പാട്ടിന്റെ സി.ഡി വാങ്ങിക്കേട്ടു താളം പിടിക്കും. ഒടുക്കം മണ്ണിന്റെ സൗന്ദര്യമായ, പ്രകൃതിയുടെ മൂക്കുത്തിയെന്നു വിളിക്കുന്ന ഒരു മുക്കുറ്റിപ്പൂവു പോലും കാണാതെ മരിച്ചു മണ്ണടിയും.

നമുക്ക് മണ്ണിനെ സ്‌നേഹിക്കാം. മണ്ണ് അമ്മയാണെന്നോര്‍ക്കാം. കൃഷി എന്നതു മണ്ണിന്റെ വാസനയറിഞ്ഞു വിളവു കൊയ്യാനുള്ള മനുഷ്യന്റെ വാസനയാണെന്നു തിരിച്ചറിയാം. ഭൂമിയുടെ അവകാശികളാവാം...


ഫാ. റോയി കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും.

ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.