നവാല്‍നിയെ കൊന്നത് വിഷം കൊടുത്തെന്ന് ഭാര്യ യൂലിയ; പരിശോധനാ ഫലങ്ങള്‍ ലാബുകള്‍ പരസ്യമാക്കണമെന്നും ആവശ്യം

നവാല്‍നിയെ കൊന്നത് വിഷം കൊടുത്തെന്ന് ഭാര്യ യൂലിയ; പരിശോധനാ ഫലങ്ങള്‍ ലാബുകള്‍ പരസ്യമാക്കണമെന്നും  ആവശ്യം

ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായിരുന്ന അലക്‌സി നവാല്‍നിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണന്ന് ആരോപിച്ച് ഭാര്യ യൂലിയ.

നവാല്‍നിയുടെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ രണ്ട് വിദേശ രാജ്യങ്ങളിലെ ലബോറട്ടറികളില്‍ പരിശോധിച്ചെന്നും രണ്ടിടങ്ങളിലും വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു. എന്ത് തരം വിഷമാണ് കണ്ടെത്തിയതെന്ന് യൂലിയ വ്യക്തമാക്കിയില്ല.

പരിശോധനാ ഫലങ്ങള്‍ ലാബുകള്‍ പരസ്യമാക്കണമെന്നും റഷ്യന്‍ അധികൃതര്‍ നവാല്‍നിയെ കൊന്നതാണെന്നും യൂലിയ പറഞ്ഞു. റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയാതെയാണ് സാമ്പിളുകള്‍ റഷ്യയ്ക്ക് പുറത്തെത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ യൂലിയയുടെ ആരോപണത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.

2024 ഫെബ്രുവരി 16 നാണ് നവാല്‍നി (47) ആര്‍ട്ടിക് മേഖലയിലെ ജയിലില്‍ മരണമടഞ്ഞത്. ബോധ രഹിതനായി വീണ നവാല്‍നി മെഡിക്കല്‍ ടീം എത്തിയപ്പോഴേക്കും മരിച്ചെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ നവാല്‍നിയെ പുട്ടിന്റെ അറിവോടെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണം. 2021 മുതല്‍ ജയിലില്‍ കഴിഞ്ഞിരുന്ന നവാല്‍നിക്ക് തീവ്രവാദം, വഞ്ചന, അഴിമതിയടക്കമുള്ള വിവിധ കേസുകളിലായി 30 വര്‍ഷം തടവാണ് വിധിച്ചിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.