വെടിവെപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാനൊരുങ്ങവേ വെടിയേറ്റു വീണു; ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ ഞെട്ടി അമേരിക്ക

വെടിവെപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാനൊരുങ്ങവേ വെടിയേറ്റു വീണു; ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ ഞെട്ടി അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കയിലെ യൂട്ടാവാലി യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രസംഗിക്കവേ വെടിവെപ്പ് സംബന്ധിച്ച് ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടി പറയാനൊരുങ്ങവേയാണ് ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് വീണത്.

വിദ്യാര്‍ഥികളുമായി രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കുന്നതിനിടെ, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യു.എസില്‍ എത്ര ട്രാന്‍സ്ജെന്‍ഡര്‍ കൊലപാതകങ്ങളുണ്ടായിട്ടുണ്ടെന്ന് താങ്കള്‍ക്കറിയാമോ എന്നൊരു വിദ്യാര്‍ഥി ചോദ്യമുന്നയിച്ചു. 'വളരെയധികം' എന്ന് കിര്‍ക്ക് മറുപടി നല്‍കി.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യു.എസില്‍ എത്ര കൂട്ടക്കൊലപാതകങ്ങളുണ്ടായിട്ടുണ്ട് എന്നതായിരുന്നു ചോദ്യ കര്‍ത്താവിന്റെ അടുത്ത ചോദ്യം. 'ഗുണ്ടാ സംഘങ്ങളുടെ അക്രമങ്ങള്‍ കൂട്ടിയോ കൂട്ടാതെയോ' എന്ന് കിര്‍ക്ക് തിരിച്ചു ചോദിച്ചു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു വെടി വെപ്പ്. പിന്നീട് കിര്‍ക്കിന്റെ കഴുത്തിന്റെ ഇടതു വശത്തുകൂടി ചോര ഒഴുകുന്നതാണ് കൂടി നിന്നവര്‍ കണ്ടത്.

വെടിവെച്ചുള്ള കൊലപാതകങ്ങളെക്കുറിച്ച് അദേഹം മുന്‍പും സംസാരിച്ചിട്ടുണ്ട്. ആയുധധാരികളായ പൗരന്മാരുള്ള സമൂഹത്തില്‍ ഇത്തരത്തിലുള്ള കൊലകള്‍ തീരെ ഇല്ലാതാക്കാനാവില്ലെന്നും അതിനെ യാഥാര്‍ഥ്യ ബോധത്തോടെ അംഗീകരിക്കേണ്ടതുണ്ടെന്നുമായിരുന്നു അദേഹത്തിന്റെ നിലപാട്.

പ്രതിവര്‍ഷം എത്രയോ ആളുകള്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നു. എന്നുവെച്ച് ഡ്രൈവിങ് ഒഴിവാക്കി വാഹനങ്ങള്‍ക്കൊണ്ടുള്ള പ്രയോജനങ്ങള്‍ വേണ്ടെന്നു വെക്കാനാവുമോ? അതുപോലെയാണ് തോക്കിന്റെ കാര്യമെന്നും അദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

വലതുപക്ഷ ആക്ടിവിസ്റ്റും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം അമേരിക്കയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

രാഷ്ട്രീയ കൊലപാതകമാണിതെന്നാണ് സംസ്ഥാന ഗവര്‍ണവര്‍ സ്പെന്‍സര്‍ കോക്ക്സ് വിശേഷിപ്പിച്ചിരിക്കുന്നത്. കഴുത്തില്‍ വെടിയേറ്റ ചാര്‍ലി കിര്‍ക്കിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂവായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ആക്രമണം. സമീപത്തെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വെടിവെപ്പുണ്ടായത്. സംഭവത്തിനു ശേഷം രണ്ട് പേരെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍, ഇരുവര്‍ക്കും കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

മറ്റൊരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണമെന്നും പേര് വെളിപ്പെടുത്താനാവില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അപലപിച്ചു. കിര്‍ക്കിനോടുളള ആദര സൂചകമായി ഞായറാഴ്ച വൈകുന്നേരം വരെ യു.എസ് പതാക താഴ്ത്തിക്കെട്ടാന്‍ ട്രംപ് ഉത്തരവിട്ടു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.