കൈക്കൂലി, ഭീഷണി, സ്വാധീനം തുടങ്ങി ഒന്നും ചെലവാകില്ല; അതി സുന്ദരിയാണ് ഡീയെല്ല... അവളാണ് ലോകത്തെ ആദ്യ എ.ഐ മന്ത്രി

കൈക്കൂലി, ഭീഷണി, സ്വാധീനം തുടങ്ങി ഒന്നും ചെലവാകില്ല;  അതി സുന്ദരിയാണ് ഡീയെല്ല... അവളാണ്  ലോകത്തെ ആദ്യ എ.ഐ മന്ത്രി

ടിറാന: അല്‍ബേനിയയ്ക്ക് പുതിയ 'മന്ത്രി'... പേര് ഡീയെല്ല. ഊണും ഉറക്കവുമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യും. ശമ്പളം വേണ്ട. കാവലിന് സുരക്ഷാ ഭടന്‍മാരുമില്ല. കൈക്കൂലി, ഭീഷണി, സ്വാധീനം തുടങ്ങി ഒന്നും ഈ മന്ത്രിയുടെ അടുക്കല്‍ ചെലവാകില്ല. അതി സുന്ദരിയാണ് ഡീയെല്ല... അവളാണ് ലോകത്തെ ആദ്യ എ.ഐ മന്ത്രി.

ഡീയെല്ല എന്ന വാക്കിന്റെ അല്‍ബേനിയന്‍ അര്‍ത്ഥം സൂര്യന്‍ എന്നാണ്. വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്കായി കരാര്‍ ചെയ്യുന്ന എല്ലാ പൊതു ടെന്‍ഡറുകളും ഇനി കൈകാര്യം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഡീയെല്ല ആയിരിക്കുമെന്ന് പ്രധാനമന്ത്രി എഡി റാമ പറഞ്ഞു.

പൊതു ടെന്‍ഡറുകള്‍ 100 ശതമാനം അഴിമതി രഹിതമാക്കി മാറ്റുകയാണ് ഡീയെല്ലയുടെ ഉത്തരവാദിത്വം. ഇത്തരം ടെന്‍ഡറുകള്‍ മുന്‍കാലങ്ങളില്‍ രാജ്യത്ത് നിരവധി അഴിമതി വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇ-അല്‍ബേനിയ പ്ലാറ്റ്‌ഫോമില്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന എ.ഐ വെര്‍ച്വല്‍ അസിസ്റ്റന്റ് ആയിട്ടായിരുന്നു ഡീയെല്ലയുടെ ആദ്യ പോസ്റ്റിങ്. ഇപ്പോള്‍ ഉന്നത പദവിയിലേക്ക് പ്രൊമോഷന്‍.

പരമ്പരാഗത അല്‍ബേനിയന്‍ വസ്ത്രം ധരിച്ച് അതി സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന ഡീയെല്ല, വോയ്‌സ് കമാന്‍ഡുകള്‍ വഴി സഹായിക്കുകയും ഇലക്ട്രോണിക് സ്റ്റാമ്പുകള്‍ അടങ്ങിയ രേഖകള്‍ നല്‍കുകയും ചെയ്യുന്നു.

അതേസമയം ഡീയെല്ലയുടെ പിന്നിലുള്ള മനുഷ്യരുടെ മേല്‍നോട്ടം സംബന്ധിച്ചോ, ഡീയെല്ലയെ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ചോ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അതിനിടെ രാജ്യത്തെ എ.ഐ മന്ത്രിയെ പ്രതികൂലിക്കുന്നവരും നിരവധിയാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.