ഭൂപടത്തിൽ സർവത്ര ആശയക്കുഴപ്പം; പ്രതിഷേധം അയയാതെ ബഫർസോൺ

ഭൂപടത്തിൽ സർവത്ര ആശയക്കുഴപ്പം; പ്രതിഷേധം അയയാതെ ബഫർസോൺ

തിരുവനന്തപുരം: സാറ്റലൈറ്റ് സർവ്വേയുടെ ആശങ്കകളും ആക്ഷേപങ്ങളും പരിഹരിക്കാനായി സർക്കാർ 2021ൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് സമർപ്പിച്ച ഭൂപടം, ബഫർസോൺ വിഷയത്തിൽ അല്പമൊന്ന് ശമിച്ച പ്രതിഷേധം വീണ്ടും ശക്തമാക്കി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചർച്ചകളിലൂടെ തത്കാലം ശമിച്ചെന്ന് ആശ്വസിച്ച പ്രതിഷേധകൊടുങ്കാറ്റാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തെ ചൊല്ലി വീണ്ടും ശക്തമായത്.

ഭൂപടം ജനവാസ മേഖലയെ ബാധിക്കുന്നതും മൊത്തം ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്നാണ് പ്രതിഷേധക്കാരുടെ പരാതി. ജനവാസമേഖലകളും കെട്ടിടങ്ങളുമടക്കം ഭൂപടത്തിലുൾപ്പെട്ടിട്ടുണ്ടെന്നതാണ് കാരണം. ഇതിനെതിരെ മുപ്പതിനായിരത്തിന് മുകളിൽ പരാതികൾ ഇതിനോടകം എത്തിക്കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത ക്രൈസ്തവസഭകൾ വനംവകുപ്പിനെ പ്രതിക്കൂട്ടിൽ നിറുത്തിയാണ് വീണ്ടും ആരോപണം ശക്തമാക്കിയത്. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ഇടപെടൽ ശരിയല്ലെന്ന് താമരശ്ശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയൽ ഒരു അഭിമുഖത്തിൽ തുറന്നടിച്ചു. വനംവകുപ്പിന്റെ ബോർഡ് പിഴുതെടുത്താണ് എരുമേലിയിൽ പ്രതിഷേധക്കാർ ഇന്നലെ കരി ഓയിൽ ഒഴിച്ചത്. കാർബൺ എമിഷനുമായി ബന്ധപ്പെട്ട വിദേശ ഫണ്ട് നേടിയെടുക്കാൻ വനവിസ്തൃതി കൂട്ടിക്കാണിക്കാനുള്ള നീക്കമാണ് വനംവകുപ്പിന്റേതെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു.

ജനത്തിന്റെ ആശങ്കകളും സുപ്രീംകോടതിയെ അറിയിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് തുടർനടപടികളെ ക്ഷമയോടെ വീക്ഷിക്കാനാണ് ക്രൈസ്തവസഭാനേതൃത്വങ്ങൾ തീരുമാനിച്ചത്. എന്നാൽ, സുപ്രീംകോടതി എന്ത് പറയുമെന്ന ചോദ്യം സർക്കാരിന്റെയും പ്രതിഷേധക്കാരുടെയും നെഞ്ചിടിപ്പുയർത്തുന്നു.

ജനുവരി 11നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജനുവരി ഏഴ് വരെ പരാതികൾ നൽകാമെങ്കിലും 11ന് മുമ്പ് സർക്കാർ എങ്ങനെ പരിഹാരം കാണുമെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു.

സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേരാൻ അനുമതിതേടി മലയോര മേഖലയിലെ പഞ്ചായത്തുകൾ കൂട്ടത്തോടെ സർക്കാരിനെ സമീപിക്കുകയാണ്. സുപ്രീംകോടതിയുടെ ജൂൺ മൂന്നിലെ വിധിയിൽ നിർദ്ദേശിച്ചത് പ്രകാരമാണ് സാറ്റലൈറ്റ് സർവ്വേ സർക്കാർ നടത്തിയത്. അതുകൊണ്ടു തന്നെ ഇത് കോടതിയിൽ സമർപ്പിച്ചേ പറ്റൂ. ജനങ്ങളുടെ ആശങ്ക സർക്കാർ അറിയിച്ചാലും സുപ്രീംകോടതി അത് നിരാകരിക്കുകയും സാറ്റലൈറ്റ് മാപ്പ് അംഗീകരിച്ച് വിധി പുറപ്പെടുവിക്കുകയും ചെയ്താൽ ഇടതുമുന്നണിയിൽ തന്നെ ഉലച്ചിലുണ്ടാകും. പ്രത്യേകിച്ച് കേരള കോൺഗ്രസ്-എമ്മിന്റെ കാര്യത്തിൽ.

ബഫർസോണിലെ ജനവാസമേഖലകളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ജനുവരി ഏഴിന് മുമ്പ് പൂർത്തിയാക്കാണം. 13 ദിവസം കൊണ്ട് അത് എത്രത്തോളം സാധ്യമാകുമെന്ന് ആശങ്കയുണ്ട്. 87 തദ്ദേശസ്ഥാപനങ്ങളിലെ രണ്ടുലക്ഷത്തിലേറെ വീടുകളും വാണിജ്യസ്ഥാപനങ്ങളും കൃഷിയിടങ്ങളും ബഫർസോണിൽ നിന്ന് ഒഴിവാക്കണം. ഉപഗ്രഹസർവ്വേയിൽ ഇതുസംബന്ധിച്ച് വ്യക്തതയില്ലെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. 

ഫീൽഡ് സർവ്വേ നടത്തി ജനങ്ങളുടെ പരാതികളും ഭൂപടത്തിനൊപ്പം സുപ്രീംകോടതിയിലും കേന്ദ്ര എംപവർ കമ്മിറ്റിയ്ക്കും നൽകാനാണ് സർക്കാർ നീക്കം. പരാതികൾ പ്രത്യേക ഫോറത്തിൽ തയ്യാറാക്കി ജിയോടാഗ് ചെയ്ത് ഇ.മെയിലായി അറിയിക്കണം. ഇതിന് പ്രത്യേക ഹെൽപ് ഡെസ്ക് ചില ജില്ലകളിൽ തുടങ്ങിയെങ്കിലും ജീവനക്കാരെ കണ്ടെത്തി സാങ്കേതികപരിശീലനം നൽകണം. അവർക്ക് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുകയോ,മൊബൈൽ യൂണിറ്റ് സജ്ജമാക്കുകയോ വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.