ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കം: സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ ബലിപീഠം തകര്‍ത്തു

ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കം: സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ ബലിപീഠം തകര്‍ത്തു

കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വീണ്ടും സംഘര്‍ഷം. പ്രതിഷേധക്കാര്‍ ബലിപീഠം തകര്‍ത്തു. വിളക്കുകള്‍ പൊട്ടി വീണു. കുര്‍ബാനയ്ക്കിടയില്‍ മേശയും ബലിപീഠവും തള്ളിമാറ്റിയാണ് വിശ്വാസികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കമാണ് അള്‍ത്താര വരെയെത്തിയിരിക്കുന്നത്.

സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. പ്രതിഷേധക്കാരെ പള്ളിയില്‍ നിന്ന് ഒഴിവാക്കി. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് സ്ഥലത്തെ ക്രമസമാധാനം പരിപാലിക്കുക മാത്രമാകും ചെയ്യുകയെന്ന് പൊലീസ് വ്യക്തമാക്കി. പള്ളിയില്‍ കുര്‍ബാന എങ്ങനെ നടത്തണമെന്നതില്‍ പൊലീസ് തീരുമാനമെടുക്കില്ലെന്നും അതിനുള്ള അധികാരമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇരു വിഭാഗങ്ങളെയും വിളിച്ചു വരുത്തി ചര്‍ച്ച നടത്താനാണ് പൊലീസ് നീക്കം. ഡിസിപിയുടെ സാന്നിധ്യത്തിലാകും ചര്‍ച്ച നടക്കുക.

കഴിഞ്ഞ 16 മണിക്കൂര്‍ ആയി സംഘര്‍ഷം നടക്കുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് കുര്‍ബാനയുടെ പേരില്‍ തര്‍ക്കം ആരംഭിച്ചത്. രാത്രി എട്ടുവരെ വിമത പക്ഷവും ഔദ്യോഗിക വിഭാഗം വൈദികരും ഒരു അള്‍ത്താരയില്‍ നേര്‍ക്കുനേര്‍ ഒരേ തരത്തിലുള്ള കുര്‍ബാനകള്‍ അര്‍പ്പിക്കുകയായിരുന്നു. ഇന്നലെ പള്ളിയ്ക്കകത്ത് പൊലീസ് കയറിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. ഇടവകയുടെ ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പുതുവേലില്‍ വി. കുര്‍ബാന അര്‍പ്പണത്തിനെത്തിയപ്പോള്‍ വിമത വൈദികര്‍ അദ്ദേഹത്തെ തടസപ്പെടുത്തിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.

അതേസമയം കൂടുതല്‍ പൊലീസുകാരെ പള്ളിയില്‍ വിന്യസിക്കുന്നുണ്ട്. ഇന്ന് ക്രിസ്തുമസ് കുര്‍ബാനക്കിടെ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഇന്ന് അരമനയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ക്രിസ്തുമസ് കുര്‍ബാന അര്‍പ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല. വൈദികര്‍ അതിരുവിട്ട പ്രതിഷേധങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ഒരു പരിധി കഴിഞ്ഞാല്‍ അച്ചടക്ക നടപടി എടുക്കേണ്ടി വരുമെന്നും ഇന്നലെ എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കയച്ച കത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടിരുന്നു.

മാര്‍പ്പാപ്പയും, സീറോ മലബാര്‍ സിനഡും അംഗീകരിച്ച രീതിയിലുള്ള അള്‍ത്താരാഭിമുഖ കുര്‍ബാന അര്‍പ്പിക്കാന്‍ മാത്രമേ അനുവദിക്കൂ എന്ന് ഔദ്യോഗിക പക്ഷവും, എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ ജനാഭിമുഖ കുര്‍ബാനയെ ചൊല്ലൂ എന്ന് വിമത പക്ഷവും നിര്‍ബന്ധം പിടിച്ചതോടെയാണ് ബസിലിക്ക പള്ളിയില്‍ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.