ഗര്‍ഭസ്ഥ ശിശു മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം; ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

ഗര്‍ഭസ്ഥ ശിശു മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം; ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

കൊച്ചി: ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍ സംഘര്‍ഷം. മൂവാറ്റുപുഴ പേഴക്കാപിള്ളി സബയ്ന്‍ ആശുപത്രിയിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളാണ് ആശുപത്രി ആക്രമിച്ചത്. സംഭവത്തില്‍ ഡോക്ടര്‍ക്കും പി ആര്‍ ഒയ്ക്കും അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവമുണ്ടായത്. പേഴയ്ക്കാപിള്ളി സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് കുഞ്ഞ് മരിച്ചുവെന്ന വിവരമാണ് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. ഇതോടെ കുടുംബം പ്രതിഷേധവുമായി എത്തുകയായിരുന്നു.

ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രി അധികൃതരുമായി വാക്കുതര്‍ക്കമുണ്ടാകുകയും അത് ഉന്തിലും തല്ലിലും കലാശിക്കുകയുമായിരുന്നു. ഇതിലാണ് ഡോക്ടര്‍ക്കടക്കം പരിക്കേറ്റത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്‌കാനിങില്‍ പ്രശ്നം ഉണ്ടായതിനെത്തുടര്‍ന്ന് യുവതിയോട് ഉടന്‍ അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിന് കൂട്ടാക്കാതെ യുവതിയുമായി കുടുംബം വീട്ടിലേക്കു പോകുകയായിരുന്നു. പിന്നീട് കുഞ്ഞിന് അനക്കമില്ലെന്ന് തോന്നിയാണ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.