കണ്ണൂര്‍: കണ്ണൂരിലെ ആയുര്‍വേദ റിസോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ആരോപണവുമായി രംഗത്തു വന്ന മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതൃത്വത്തിന് പരാതി പ്രളയം.
കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം, വടകരയിലെ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളാണ് പി ജയരാജനെതിരായ പരാതിയില്‍ ഉള്ളത്.
ഇ.പി ജയരാജനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതി നല്‍കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പി. ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍, പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കിയില്ലെന്നും ഈ തുക ജയരാജന്‍ വെട്ടിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.
കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് പി ജയരാജനെതിരായ പരാതിയെന്നാണ് സൂചന.
അതിനിടെ ഇന്നലെ വൈകുന്നേരം കണ്ണൂരില്‍ പി. ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. പാനൂരില്‍ നടന്ന പാറപ്രം സമ്മേളനത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഇരുവരും പിണറായിയില്‍ എത്തിയത്.
അവിടെ എത്തിയ പി. ജയരാജന്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന് ഒരു വാഹനത്തിലാണ് ഇരുവരും പാറപ്രം സമ്മേളനത്തിന്റെ വാര്‍ഷിക സമ്മേളന ചടങ്ങിലേക്ക് എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.