സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് തുടങ്ങും; ജയരാജ വിഷയം യോഗം ചര്‍ച്ച ചെയ്തേക്കും

സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് തുടങ്ങും; ജയരാജ വിഷയം യോഗം ചര്‍ച്ച ചെയ്തേക്കും

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരേ സംസ്ഥാനസമിതിയിൽ പി. ജയരാജൻ ഉന്നയിച്ച ആരോപണം ചൂടുപിടിച്ച ചർച്ചയായിരിക്കെ രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിച്ചു. എ.കെ.ജി ഭവനിൽ രാവിലെ 11ന് ആരംഭിക്കുന്ന യോഗത്തിന്റെ അജണ്ടയിൽ കേരളത്തിന്റെ വിവാദം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ ഉയർന്ന ആരോപണമെന്ന നിലയിൽ അജണ്ടക്ക് പുറത്ത് വിഷയം ചർച്ച ചെയ്യാൻ സാധ്യത. 

ആരോപണം സംബന്ധിച്ച് പി. ജയരാജൻ ഇതുവരെ പരാതി എഴുതിനൽകിയിട്ടില്ല. അതിനാൽ, രേഖാമൂലം വരുന്നമുറയ്ക്ക് കേന്ദ്രകമ്മിറ്റിയിൽ ചർച്ചയ്ക്കെടുക്കാമെന്ന നിലപാടിലാണ് നേതൃത്വം. 

ഇതിനകം തന്നെ, നേതാക്കൾ തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നു കഴിഞ്ഞതായാണ് അറിവ്. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയാതെ പിണറായി വിജയൻ മാറിയതിനു പിന്നിൽ വിഷയം ഗൗരവമുള്ളതല്ലെന്ന് പുറത്തുള്ള നേതാക്കളെ ബോധ്യപ്പെടുത്താനാണെന്നുള്ള സംശയം ​ഉയരുന്നുണ്ട്. എന്നാൽ, ആരോപണത്തിൽ നിന്നും പിന്നോട്ട് പോകാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പി. ജയരാജൻ. ഈ സാഹചര്യത്തിൽ പിണറായിയുടെ നിലപാട് നിർണായകമാണ്. 

മുൻകൂട്ടി നിശ്ചയിച്ച പിബി യുടെ അജൻഡയിൽ സംഘടനാവിഷയങ്ങളില്ല. എന്നാൽ, സംസ്ഥാനസമിതി അംഗീകരിച്ച തെറ്റുതിരുത്തൽരേഖയും അതിന്റെ ചർച്ചയിൽ പി. ജയരാജൻ ഉന്നയിച്ച ആരോപണവും സെക്രട്ടറി എം.വി. ഗോവിന്ദന്‌ പിബി യിൽ വിശദീകരിക്കേണ്ടിവരും. 

കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായുള്ള പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന പരാതിയും കേന്ദ്രനേതൃത്വ​ത്തിന്റെ മുന്നിലുണ്ട്. മുൻ തീരുമാന പ്രകാരം ജനുവരിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. 

കേരളത്തിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാനാവും പിബി നിർദേശം. അതനുസരിച്ച്, സംസ്ഥാനസെക്രട്ടേറിയറ്റിന്റെ മേൽനോട്ടത്തിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സിസിക്കു നൽകണം. അവിടെ ചർച്ചചെയ്തുമാത്രമേ പരാതിയിൽ നടപടി തീരുമാനിക്കൂ. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.