ജനീവ: യുദ്ധം, കാലാവസ്ഥ വ്യതിയാനം, രക്തരൂക്ഷിത സംഘർഷങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങൾ 2022 ല്‍ 10 കോടി ജനങ്ങള്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നതായി യുഎന്‍ ഹൈ കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് (യുഎന്‍എച്ച്‌സിആര്‍). 'ഒരിക്കലും സ്ഥാപിക്കാന്‍ പാടില്ലാത്തൊരു റെക്കോഡ്' എന്നാണ് അഭയാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതിനെകുറിച്ച് യുഎന്‍എച്ച്‌സിആര്‍ തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡി പ്രതികരിച്ചത്.
യെമന്‍, സിറിയ, മ്യാന്മര്‍, ഉക്രെയ്ന്‍, എത്യോപ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലെ ബുർക്കിന ഫാസോ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം, രക്തരൂക്ഷിത അക്രമങ്ങള്‍, കാലാവസ്ഥ വ്യതിയാനം, മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങൾ പ്രധാന കുടിയേറ്റ ഘടകങ്ങളായിരുന്നു.
സുരക്ഷിതസ്ഥാനം തേടിയുള്ള യാത്രക്കിടെ മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ടവരും മെഡിറ്ററേനിയനിലൂടെ അപകടകരമായ യാത്രകള്‍ ചെയ്തവരും ഏറെയാണെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കുന്നു. 2021 ല്‍ ഒന്‍പത് കോടി ജനങ്ങള്‍ക്കാണ് സ്വന്തം നാടും വീടും വിട്ട് ഓടിപ്പോരേണ്ടി വന്നത്.

യെമനില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം ആരംഭിച്ചിട്ട് ഏഴ് വര്‍ഷത്തിലേറെയായി. അത് തീര്‍ത്ത മാനുഷിക ദുരന്തം സമാനതകളില്ലാത്തതാണ്. 4.3 കോടിയോളം ജനങ്ങളാണ് നാടും വീടും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് കുടിയേറിയ 3,25,000 ത്തിലധികം പേരുടെയും അവര്‍ക്ക് ആതിഥ്യമൊരുക്കിയ സമൂഹങ്ങളുടെയും മാനുഷിക സഹായ അഭ്യര്‍ഥനകള്‍ ഉള്‍പ്പെടെ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണെന്ന് മെയ് മാസം യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയും (ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷേന്‍ -ഐഒഎം) യുറോപ്യന്‍ യൂണിയന്റെ മാനുഷിക സഹായ വിഭാഗവും അറിയിച്ചിരുന്നു.
യെമനിലെ കുടിയേറ്റക്കാരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് രാജ്യത്തെ ഐഒഎം മിഷന്‍ മേധാവി ക്രിസ്റ്റ ക്രിസ്റ്റ റോട്ടന്‍സ്റ്റീനറും സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളുടെ ജീവിതത്തിന്മേൽ യാതൊരു വിലയും കല്പിക്കപ്പെടാതെ അവർ യെമനിൽ വളരെ മോശമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്നും റോട്ടൻസ്റ്റൈനർ വ്യക്തമാക്കി.

സിറിയ 11 വര്‍ഷമായി സംഘര്‍ഷഭരിതമാണ്. രാജ്യത്ത് ജനിച്ച ഏകദേശം 50 ലക്ഷം കുട്ടികള്‍ സമാധാനം അറിഞ്ഞിട്ടില്ലെന്നാണ് യുഎന്‍ ഏജന്‍സി അഭിപ്രായപ്പെടുന്നത്. 80,000 ത്തിലധികം സിറിയക്കാരും ജോര്‍ദാനിലെ വലിയ സതാരി ക്യാംപിനെയാണ് 'വീട്' എന്ന് വിശേഷിപ്പിക്കുന്നത്. ഇവരില്‍ പലരും ഭാവിയില്‍ രാജ്യത്തിന് പുറത്ത് തുടരേണ്ടി വന്നേക്കാം..
“തൽക്കാലം മടങ്ങിവരാവിനുള്ള സാധ്യതകൾ ഒന്നും പ്രതീക്ഷ നൽകുന്നതല്ല” എന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ യുഎന്‍എച്ച്‌സിആര്‍ പ്രതിനിധി ഡൊമിനിക് ബാര്‍ട്ട്ഷ് പ്രതികരിച്ചത്. തിരിച്ചുവരവിന് അനുകൂലമായ അന്തരീക്ഷം സിറിയയില്‍ ഉടലെടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
ജോര്‍ദാനില്‍ സിറിയയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 6.75 ലക്ഷം അഭയാര്‍ഥികളുണ്ട്. അവരിൽ ഭൂരിഭാഗവും ജോര്‍ദാൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രാദേശിക സമൂഹങ്ങൾക്കിടയിൽ താമസിക്കുന്നു. 17 ശതമാനം പേർ മാത്രമാണ് രണ്ട് പ്രധാന അഭയാർത്ഥി ക്യാമ്പുകളായ സതാരിയിലും അസ്റാഖിലുമായി താമസിക്കുന്നത്.

മ്യാന്മറില്‍നിന്ന് പലായനം ചെയ്യപ്പെട്ട റോഹിങ്ക്യകളുടെ ദുരവസ്ഥ സമാനതകളില്ലാത്തതാണ്. അഞ്ച് വര്‍ഷം മുമ്പ് സ്വന്തം രാജ്യത്തുനിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലെ കോക്സ് ബസാര്‍ ക്യാംപിലാണ് ദുരിതജീവിതം തള്ളിനീക്കുന്നത്. ഏകദേശം ഒരു ദശലക്ഷം ആളുകളാണ് ക്യാംപിലുള്ളത്.
മാർച്ചിൽ അഭയാർഥികൾക്കും അയൽ സമൂഹങ്ങൾക്കും (അര ദശലക്ഷത്തിലധികം ബംഗ്ലാദേശികൾ) 881 മില്യൺ ഡോളറിലധികം സഹായം ലഭ്യമാക്കാൻ യുഎൻ അതിന്റെ ഏറ്റവും പുതിയ പ്രതികരണ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
റഷ്യന്‍ ആക്രമണത്തിന് പിന്നാലെയാണ് ഉക്രെയ്‌നില്‍ നിന്നുള്ള ജനത സുരക്ഷിതസ്ഥാനം തേടി പലായനം തുടങ്ങിയത്. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലുതും വേഗത്തിലുള്ളതുമായ പലായനം എന്നായിരുന്നു ഫിലിപ്പോ ഗ്രാന്‍ഡി അതിനെ വിശേഷിപ്പിച്ചത്.
ഉക്രെയ്ന്‍ യുദ്ധഭൂമിയായി പത്ത് മാസം പിന്നിട്ടപ്പോൾ തന്നെ 1.4 കോടി ജനങ്ങള്‍ തങ്ങളുടെ വീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായതായെന്ന് കഴിഞ്ഞമാസം യുഎന്‍എച്ച്‌സിആര്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ആയിരുന്നു അവരുടെ അഭയസ്ഥാനം. യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കുകൾ കാണിക്കുന്നത് ഡിസംബറോടെ യൂറോപ്പിലുടനീളം 7.8 ദശലക്ഷത്തിലധികം ഉക്രെയ്‌നിയൻ അഭയാർത്ഥികൾ ഉണ്ടെന്നാണ്.

ഇതിടൊപ്പം തന്നെ എത്യോപ്യയില്‍ 2020 നവംബറിൽ ആരംഭിച്ച ടിഗ്രേ മേഖലയിലെ സായുധ സംഘട്ടനം മൂലം ദശലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ മേഖലയിലെ അഭയാർത്ഥികൾ ആവശ്യത്തിന് ഭക്ഷണവും മരുന്നും ശുദ്ധജലവും ലഭിക്കാൻ പാടുപെടുകയാണെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ലെങ്കിൽ കൂട്ടമരണം ഉൾപ്പെടെയുള്ള ദുരിതങ്ങൾ സംഭവിക്കാമെന്നും ജനുവരിയിൽ യുഎൻ അഭയാർത്ഥി ഏജൻസി ശക്തമായ മുന്നറിയിപ്പ് നൽകി.
പലയിടത്തും അഭയാര്‍ഥികളുടെ അവസ്ഥ ദുരിതപൂര്‍ണമാണ്. ആവശ്യത്തിന് ഭക്ഷണവും മരുന്നും കുടിവെള്ളവുമൊക്കെ കിട്ടാത്ത സാഹചര്യങ്ങളുമുണ്ട്. കുട്ടികളുടെ പഠനം മുടങ്ങുന്നതും പോഷകാഹാരക്കുറവുമൊക്കെ പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്. ചിലയിടത്തെങ്കിലും അഭയാര്‍ഥികള്‍ ആക്രമണത്തിന് ഇരയാക്കപ്പെടുന്നുണ്ട്.

കോക്‌സ് ബസാറില്‍ റോഹിങ്ക്യകളും അഫാര്‍ മേഖലയിലെ ക്യാംപില്‍ എറിട്രിയക്കാരും അതിന് ഉദാഹരണങ്ങളാണ്. ഫെബ്രുവരിയിൽ ആയിരക്കണക്കിന് എറിട്രിയക്കാർ അഫാർ മേഖലയിലെ ഒരു ക്യാമ്പിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായപ്പോൾ സായുധരായ ആളുകൾ അതിക്രമിച്ച് കയറി അവരുടെ സാധനങ്ങൾ മോഷ്ടിക്കുകയും ആളുകളെ കൊല്ലുകയും ചെയ്തിരുന്നു.
യുദ്ധം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയാൽ സ്വന്തം നാടും വീടും വിട്ട് അഭയാര്‍ഥി ജീവിതം നയിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ഏകദേശം 1.13 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യുഎന്‍എച്ച്‌സിആര്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക് ഈ ശൈത്യകാലം വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് യുഎന്‍എച്ച്‌സിആര്‍ അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു.
ഓഗസ്റ്റ് മാസത്തോടെ എത്യോപ്യയിൽ അഭയം തേടിയ 7,50,000 ത്തിലധികം ആളുകളെ സഹായിക്കുന്നതിന് യുഎൻ ഏജൻസികൾ അടിയന്തര അഭ്യർത്ഥന നടത്തിയിരുന്നു. ധനസഹായം ലഭിച്ചില്ലെങ്കിൽ പല അഭയാർത്ഥികൾക്കും ഭക്ഷണം ഒന്നും കഴിക്കാൻ കഴിയില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി.

ഉദാരമതികളായവര്‍ അവരെ പിന്തുണയ്ക്കുന്നത് തുടരുന്നത് നല്ല കാര്യമാണെന്ന് ഗ്രാന്‍സി പറഞ്ഞു. അത് അഭയാര്‍ഥികളാക്കപ്പെട്ടവരുടെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരവസ്ഥ ഏതൊരു മാനുഷിക പ്രശ്നത്തേക്കാളും ഗൗരവമേറിയതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും അഭിപ്രായപ്പെട്ടിരുന്നു. വികസനം, സമാധാനസ്ഥാപനം, മനുഷ്യാവകാശ സംരക്ഷണം, കാലാവസ്ഥാ പ്രവര്‍ത്തനം, ദുരന്തസാധ്യത കുറയ്ക്കല്‍ പോലുള്ള ശ്രമങ്ങളില്‍ സംയോജിത സമീപനമാണ് ആവശ്യം. എല്ലാവര്‍ക്കും ഒന്നുചേർന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.