ക്രിസ്തുമസ് അത്താഴ വിരുന്നൊരുക്കി ചങ്ങനാശേരി അതിരൂപത; വിവിധ മേഖലകളിലെ നേതാക്കന്മാര്‍ പങ്കെടുത്തു

ക്രിസ്തുമസ് അത്താഴ വിരുന്നൊരുക്കി ചങ്ങനാശേരി അതിരൂപത; വിവിധ മേഖലകളിലെ നേതാക്കന്മാര്‍ പങ്കെടുത്തു

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ഒരുക്കിയ ക്രിസ്തുമസ് അത്താഴ വിരുന്നില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ നേതാക്കന്മാര്‍ പങ്കെടുത്തു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ക്രിസ്തുമസ് സന്ദേശം നല്‍കി. ഈശോ ജനിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്. ദൈവ പുത്രന്റെ മുന്‍പില്‍ വലുപ്പച്ചെറുപ്പങ്ങളില്ല, അതുകൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ എല്ലാവരോടും സമഭാവനയോടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വലിയവന്‍ ചെറിയവനെ വിഴുങ്ങുന്നതല്ല യഥാര്‍ത്ഥ ക്രിസ്തുമസ്. എല്ലാവരും ഒരുമിച്ച് ആഘോഷിക്കണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം തന്റെ മുഖ്യ പ്രഭാഷണത്തില്‍ ആഹ്വാനം ചെയ്തു. ചിലര്‍ക്ക് ദൈവത്തെ ആവശ്യമില്ലായിരിക്കാം എന്നാല്‍ ദൈവത്തിന് എല്ലാവരെയും ആവശ്യമുണ്ട്. അങ്ങനെ എല്ലാവരെയും തേടി വന്ന ദൈവപുത്രനായ ഈശോയുടെ ജന്മദിനം ലോകത്തെ ഒന്നിപ്പിക്കട്ടെ എന്ന ആശംസയോടെയാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത് .

അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ സ്വാഗതവും വികാരി ജനറല്‍ ഫാ. ജോസഫ് വാണിയപ്പുരക്കല്‍ കൃതജ്ഞതയും പറഞ്ഞു.
സഹകരണ മന്ത്രി വി.എം വാസവന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, തോമസ് ചാഴികാടന്‍ എം പി, സുരേഷ് കൊടിക്കുന്നില്‍ എം പി, മോന്‍സ് ജോസഫ് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, കോട്ടയം ജില്ല കളക്ടര്‍ ഡോ ജയലക്ഷി, കോട്ടയം എസ്പി കെ. കാര്‍ത്തിക് ഐപിഎസ്, വിവിധ സാമുദായിക നേതാക്കന്മാര്‍ എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.