കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കള്‍ ജയിലിലായതോടെ രണ്ടാം നിര നേതാക്കളും പ്രവര്‍ത്തകരും ചില പുതിയ സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടരുന്നുണ്ടന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് എന്‍ഐഎ ഇന്ന് പലര്‍ച്ചെ മുതല്‍ സംസ്ഥാന വ്യാപകമായി 56 കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തിയത്. തങ്ങള്‍ നിഴല്‍ പോലെ പിന്നാലെയുണ്ടന്ന് പോപ്പുലര്‍ ഫ്രണ്ടിനെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു വീണ്ടും നടന്ന റെയ്ഡിലൂടെ എന്‍ഐഎ ലക്ഷ്യമാക്കിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളുടെ വീടുകളിലായിരുന്നു ഇത്തവണത്തെ എന്‍ഐഎയുടെ പരിശോധന. പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലെത്തിയ എന്‍ഐഎ സംഘം വിശദമായ പരിശോധനയാണ് നടത്തിയത്. ചിലയിടങ്ങളില്‍നിന്ന് ഡിജിറ്റല്‍ തെളിവുകളും ചില രേഖകളും പിടിച്ചെടുത്തെന്നാണ് സൂചന.
തിരുവനന്തപുരത്ത് തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് മുന്‍ സോണല്‍ പ്രസിഡന്റ് നവാസ് തോന്നയ്ക്കല്‍, സുള്‍ഫി വിതുര, പള്ളിക്കല്‍ നാസര്‍ എന്നിവരുടെ വീടുകളിലാണ് പുലര്‍ച്ചെ എന്‍ഐഎ സംഘമെത്തിയത്.
എന്‍ഐഎ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ റെയ്ഡ് നടത്തിയതെന്നും തന്റെ മൊബൈല്‍ ഫോണും മൂന്ന് മാസികകളും ചില നോട്ടീസുകളും കസ്റ്റഡിയിലെടുത്തതായും തോന്നയ്ക്കല്‍ നവാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് വാറന്റുമായി എന്‍ഐഎ സംഘം എത്തിയത്.
കൊല്ലം ജില്ലയിലെ ചക്കുവള്ളിയിലും കരുനാഗപ്പള്ളിയിലും ഓച്ചിറയിലുമാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ പ്രസിഡന്റ് സിദ്ദിഖ് റാവുത്തറുടെ വീട്ടില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തു. ഓച്ചിറയിലെ അന്‍സാരിയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍, സിംകാര്‍ഡ്, പോപ്പുലര്‍ ഫ്രണ്ടിന്റെ യൂണിഫോം എന്നിവയും കണ്ടെടുത്തു.
കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഷെമീറിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവിടെ നിന്ന് ചില ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തതായാണ് വിവരം. നാലുമണിക്കൂറോളം നീണ്ടുനിന്ന പരിശോധന രാവിലെ ഏഴിന് അവസാനിച്ചു.
പത്തനംതിട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന കമ്മിറ്റി അംഗം നിസാറിന്റെ കണ്ണങ്കരയിലെ വീട്ടില്‍ പരിശോധന നടന്നു. ജില്ലാ നേതാവായിരുന്ന സജീവിന്റെ അടൂര്‍ പഴകുളത്തെ വീട്ടിലും മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദിന്റെ വീട്ടിലും എന്‍ഐഎ സംഘമെത്തി. എന്നാല്‍ സജീവും നിസാറും ഏതാനും ദിവസമായി വീട്ടില്‍ ഇല്ലെന്നാണ് വിവരം. മുഹമ്മദ് റാഷിദ് റെയ്ഡിന് മുന്‍പ് വീട്ടില്‍ നിന്ന് പോയതായും വിവരങ്ങളുണ്ട്. പത്തനംതിട്ടയിലെ റെയ്ഡ് വിവരം ചോര്‍ന്നോ എന്നതിലും സംശയമുണ്ട്.
കോട്ടയത്ത് രണ്ടിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഈരാറ്റുപേട്ടയിലെ ഷാഫിയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ സുനീര്‍ മൗലവിയുടെ വീട്ടിലും പരിശോധന നടന്നു. ഇവിടെനിന്ന് പാസ്പോര്‍ട്ടും മറ്റുചില രേഖകളും കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
എറണാകുളത്ത് 12 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നത്. കാക്കനാട് നിലംപതിഞ്ഞമുകളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന അന്‍സാരിയുടെ വീട്ടിലായിരുന്നു റെയ്ഡ്. പെരുമ്പാവൂരിലും കളമശേരിയിലും ആലുവയിലും പരിശോധന നടന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമായിരുന്ന ആലുവയിലെ പെരിയാര്‍ വാലിയിലും പരിശോധനയുണ്ടായി. എറണാകുളത്തെ റെയ്ഡില്‍ ചില രേഖകള്‍ കണ്ടെടുത്തായാണ് വിവരം.
മലപ്പുറം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ദേശീയ നേതാവ് ഒ.എം.എ സലാമിന്റെ മഞ്ചേരിയിലെ സഹോദരന്റെ വീട്ടിലും വളാഞ്ചേരി, കോട്ടയ്ക്കല്‍, കൊണ്ടോട്ടിയിലും പരിശോധനയുണ്ടായി.
കോഴിക്കോട്ട് നാദാപുരത്തും കുറ്റിക്കാട്ടൂരിലും പാലേരിയിലും റെയ്ഡ് നടന്നു. കുറ്റിക്കാട്ടൂരില്‍ മുഹമ്മദ് റഫീഖിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും ചില രേഖകളും പിടിച്ചെടുത്തെന്നാണ് സൂചന. പാലേരിയില്‍ സാദത്ത് മാസ്റ്ററുടെ വീട്ടിലായിരുന്നു റെയ്ഡ്. കണ്ണൂരില്‍ കണ്ണൂര്‍ സിറ്റി, കക്കാട്, മട്ടന്നൂര്‍, പഴയങ്ങാടി, താഴെചൊവ്വ തുടങ്ങിയ ഒന്‍പതിടങ്ങളിലാണ് പരിശോധന നടന്നത്.
സെപ്റ്റംബര്‍ അവസാനവും സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ദേശീയ നേതാക്കള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് രണ്ടാംനിര നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയതെന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം നല്‍കിയ താഴെത്തട്ടിലുള്ള നേതാക്കള്‍, ഇവരുടെ ബിസിനസുകള്‍ എന്നിവയെല്ലാം എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.