ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിത്യ സമ്മാനത്തിനായി വിളിയ്ക്കപ്പെട്ടു

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിത്യ സമ്മാനത്തിനായി വിളിയ്ക്കപ്പെട്ടു

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിത്യതയുടെ സ്വര്‍ഗീയ തീരം തേടി യാത്രയായി. പ്രാദേശിക സമയം ഇന്ന് രാവിലെ 9.34 ന് തൊണ്ണൂറ്റഞ്ചാം വയസിലാണ് പാപ്പ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ദേഹവിയോഗം.

വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് വത്തിക്കാനിലെ മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ പൂര്‍ണ വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലായിരുന്നു.

ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മാര്‍പാപ്പയെന്ന ഖ്യാതി സ്വന്തമാക്കിയാണ് വെനഡിക്ട് പതിനാറാമന്‍ വിട പറയുന്നത്. 2005 ഏപ്രില്‍ 19 ന് പരിശുദ്ധ സിംഹാസനത്തില്‍ ഉപവിഷ്ടനായ അദേഹം ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്യുകയായിരുന്നു.

മാര്‍പാപ്പമാരുടെ സ്ഥാനത്യാഗം സഭാ ചരിത്രത്തില്‍ വളരെ വിരളമാണ്. 1294 ല്‍ സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പ രാജി വച്ചതിനു ശേഷം സ്വന്തമായ തീരുമാനത്തില്‍ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യ മാര്‍പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍.

ജര്‍മ്മനിയിലെ ബവേറിയ പ്രദേശത്തുള്ള മാര്‍ക്ക്റ്റില്‍ ഗ്രാമത്തില്‍ ജോസഫ് റാറ്റ്‌സിംഗര്‍-മരിയ ദമ്പതിമാരുടെ മൂന്നു മക്കളില്‍ ഇളയവനായി 1927 ഏപ്രില്‍ 16 നാണ് ജോസഫ് അലോസിയൂസ് റാറ്റ്‌സിംഗര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. മോണ്‍. ജോര്‍ജ് റേഗന്‍സ്ബുര്‍ഗാണ് ജോസഫിന്റെ മൂത്ത സഹോദരന്‍. അവിവാഹിതയായിരുന്ന സഹോദരി മരിയ 1991 ല്‍ മരിക്കുന്നതു വരെ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗറിനൊപ്പമായിരുന്നു താമസം.

ബാല്യകാലം മുതല്‍ അടിയുറച്ച ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നു വന്ന ജോസഫ് റാറ്റ്‌സിംഗര്‍ 1943 ല്‍ സെമിനാരിയില്‍ ചേര്‍ന്നെങ്കിലും നിര്‍ബന്ധിത സൈനിക പരിശീലനത്തിനായി നാസികള്‍ അദേഹത്തെ പിടിച്ചുകൊണ്ടു പോയി. എന്നാല്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഈ പ്രദേശം കീഴടക്കുകയും കുറേ നാള്‍ റാറ്റ്‌സിംഗറെ യുദ്ധത്തടവുകാരനായി വച്ചതിനു ശേഷം 1945 മെയ് മാസത്തില്‍ വിട്ടയക്കുകയും ചെയ്തു.

പിന്നീട് സെമിനാരി പരിശീലനം പൂര്‍ത്തിയാക്കിയ ജോസഫ്, സഹോദരന്‍ ജോര്‍ജിനോടൊപ്പം 1951 ജൂണ്‍ 29 ന് കര്‍ദ്ദിനാള്‍ മൈക്കിള്‍ ഫൗള്‍ ബാഹറില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. മ്യൂണിക്കിനടുത്തുള്ള മ്യൂസാഹിലെ സെന്റ് മാര്‍ട്ടിന്‍ ദേവാലയത്തിലെ ചാപ്ലിന്‍ ജോലി ചെയ്തു കൊണ്ടാണ് റാറ്റ്‌സിംഗര്‍ തന്റെ അജപാലന ദൗത്യം ആരംഭിക്കുന്നത്.

1977 മാര്‍ച്ച് 24 ന് മ്യൂണിക്-ഫ്രയ്‌സിക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു. ആ വര്‍ഷം ജൂണ്‍ 27 ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 1981 നവംബര്‍ 25 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗറെ വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായി നിയമിച്ചു.

ജനന നിയന്ത്രണം, സ്വവര്‍ഗ പ്രേമം, മതാന്തര സംവാദം എന്നീ മേഖലകളിലെല്ലാം പരമ്പരാഗത കത്തോലിക്കാ വിശ്വാസങ്ങള്‍ പരിപാലിക്കുന്നതിന് അദ്ദേഹം പ്രാധാന്യം നല്‍കി. കൂടാതെ സഭാ വിശ്വാസത്തില്‍ നിന്നും വ്യത്യസ്തമായി പ്രസിദ്ധീകരണങ്ങളിലൂടെ ആശയങ്ങള്‍ സംവേദനം ചെയ്ത ചില ദൈവശാസ്ത്രജ്ഞര്‍ക്ക് ഇക്കാലയളവില്‍ വിശ്വാസ തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

2005 ഏപ്രില്‍ രണ്ടിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കാലം ചെയ്തതിനു ശേഷം നടന്ന കോണ്‍ക്ലേവില്‍ 78 വയസുള്ള കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും ബെനഡിക്ട് പതിനാറാമന്‍ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധ കാലത്ത് സഭയ്ക്ക് ശക്തമായ നേതൃത്വം നല്‍കിയ ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയോടും യൂറോപ്പിലെ ക്രിസ്തീയ സംസ്‌കാരത്തിന് വേരു പാകിയ നൂര്‍സിയായിലെ വിശുദ്ധ ബെനഡിക്ടിനോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണ് താന്‍ ഈ പേര് സ്വീകരിച്ചതെന്ന് മാര്‍പാപ്പ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

2013 ഫെബ്രുവരിയില്‍ സ്ഥാനത്യാഗം ചെയ്ത ശേഷം വത്തിക്കാനിലുള്ള മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ വിശ്രമ ജീവിതം നയിച്ചു വന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പിന്നീട് ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊത്ത് പൊതുചടങ്ങുകളില്‍ സംബന്ധിച്ചിരുന്നു. 2014 ഫെബ്രുവരി 22 ന് നടന്ന കര്‍ദ്ദിനാള്‍മാരുടെ കണ്‍സിസ്റ്ററിയിലും ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിച്ച വേളയിലും ബെനഡിക്ട് മാര്‍പാപ്പ സന്നിഹിതനായിരുന്നു.

മരണാസന്നനായ തന്റെ സഹോദരന്‍ മോണ്‍. ജോര്‍ജ് റേഗന്‍സ്ബുര്‍ഗിനെ 2020 ജൂണ്‍ മാസത്തില്‍ ജര്‍മ്മനിയിലെത്തി ബെനഡിക്ട് മാര്‍പാപ്പ സന്ദര്‍ശിച്ചു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന മാര്‍പാപ്പ എന്ന ലിയോ പതിമൂന്നാമന്റെ റെക്കോര്‍ഡ് 2020 സെപ്റ്റംബര്‍ നാലിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മറികടക്കുകയും ചെയ്തു.

കൂടുതൽ വായനയ്ക്ക്....

ബെനഡിക്ട് മാര്‍പ്പാപ്പായുടെ മൃതസംസ്‌ക്കാരം ജനുവരി അഞ്ചിന്; തിങ്കളാഴ്ച്ച പൊതുദര്‍ശനം

നാസി സൈനികനില്‍ നിന്ന് ധാർമികതയുടെ കാവലാളായി മാര്‍പ്പാപ്പയിലേക്ക്; ദൈവസ്നേഹത്തിന്റെ കെടാവിളക്ക് എന്നും ഉള്ളിൽ സൂക്ഷിച്ച ബെനഡിക്ട് പാപ്പ




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.