വത്തിക്കാൻ സിറ്റി: ബാല്യം മുതൽ അടിയുറച്ച വിശ്വാസത്തിൽ വളർന്ന ജോസഫ് റാറ്റ്സിങ്ങർ എന്ന ബാലൻ സെമിനാരിയിൽ ചേർന്ന് ദൈവവേലയ്ക്കായി തന്റെ ജീവിതം മാറ്റിവെക്കാൻ ആഗ്രഹിച്ച പതിനാലാം വയസിലാണ് ഹിറ്റ്‌ലർ യൂത്തിൽ നിർബന്ധിത സൈനികസേവനത്തിന് നിയോഗിക്കപ്പെട്ടത്.
എന്നാൽ അപ്പോഴും അവന്റെയുള്ളിൽ തെളിഞ്ഞുകിടന്നത് ദൈവസ്നേഹത്തിന്റെ കെടാവിളക്കായിരുന്നു. അതുകൊണ്ട് തന്നെ 1941 ൽ സൈന്യത്തിൽ ചേർന്നെങ്കിലും ജോസഫ് റാറ്റ്സിങ്ങർ സജീവമായി പ്രവർത്തിച്ചില്ല. അവൻ തന്റെ തോക്കിൽ തിര നിറയ്ക്കുന്നത് രഹസ്യമായി ഒഴിവാക്കി. കോൺസൻട്രേഷൻ ക്യാംപുകളിൽ ജൂതർ നേരിട്ട കൊടിയ പീഡനങ്ങൾക്ക് കണ്ണീരോടെ സാക്ഷിയായി.
ജോസഫ് റാറ്റ്സിങ്ങർ (ഇടത് നിന്ന് ആദ്യം)കുടുംബത്തോടൊപ്പം
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ സേനയുടെ ആന്റി എയർക്രാഫ്‌റ്റ് കോർപ്‌സിൽ സേവനമനുഷ്‌ഠിക്കുമ്പോൾ മനുഷ്യരുടെ യുദ്ധവെറി ഭൂമിയിൽ നരകങ്ങൾ സൃഷ്ടിക്കുന്നത് കണ്ട് അവന് മനസുമടുത്തു. ആ ഉള്ളുപൊള്ളിക്കുന്ന കാഴ്ചകൾ ഉറക്കം കെടുത്തിയ വേളയിൽ ദൈവസ്നേഹം ലോകത്തിൽ ഒന്നാകെ പ്രഘോഷിക്കാൻ ജോസഫ് റാറ്റ്സിങ്ങർ വീണ്ടും ദൃഢനിശ്ചയമെടുത്തു.
ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ജോസഫിന്റെ പിതാവ് ജോസഫ് റാറ്റ്‌സിങ്ങർ സീനിയർ. പക്ഷേ നാത്‌സി ജർമനി ജൂതർക്കെതിരെ നടത്തുന്ന കൊടിയ പീഡനങ്ങളോടു വിയോജിച്ച് അദ്ദേഹം സർവീസിൽ നിന്നു വിരമിക്കുകയായിരുന്നു.
യുദ്ധത്തിനിടെ സഖ്യസേനയുടെ പിടിയിലായ ജോസഫ് യുദ്ധം കഴിഞ്ഞതോടെ മോചിപ്പിക്കപ്പെട്ടു. 1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം ട്രോൺസ്റ്റീനിലെ സെന്റ് മൈക്കിൾ സെമിനാരിയിൽ തത്ത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും പഠിക്കാൻ ചേർന്നു.
അവിടെവച്ച് റൊമാനോ ഗാർദിനിയെന്ന പണ്ഡിതനായ പുരോഹിതനെ കണ്ടുമുട്ടി. തുടർന്ന് പുരോഹിതൻ എന്ന നിലയിൽ നിന്ന് ദൈവശാസ്ത്ര പണ്ഡിതനും ചിന്തകനും എന്ന തലത്തിലേക്കുള്ള ജോസഫിന്റെ വളർച്ചയുടെ തുടക്കം ഗാർദീനിയുമായുള്ള സഹവാസവും സംവാദങ്ങളുമായിരുന്നു.
മികച്ച വിദ്യാഭ്യാസ അടിത്തറ ഉണ്ടായിരുന്ന ബെനഡിക്ട് പതിനാറാമന്‍ മാർപ്പാപ്പ സഭയിലെ എല്ലാവരോടും വിദ്യാഭ്യാസത്തിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കുന്നതില്‍ വിജയിച്ചിരുന്നു. മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ് ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്റ് ഫ്രെയ്‌സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍,വിശ്വാസ തിരുസംഘത്തിന്റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു എന്നിവയടക്കം എട്ടു ഭാഷകള്‍ അദ്ദേഹത്തിന് വശമായിരുന്നു. ഒരേസമയം, യാഥാസ്‌ഥിതികനും പുരോഗമനവാദിയുമായ മാർപ്പാപ്പ എന്നറിയപ്പെട്ട ബെനഡിക്‌ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. മുൻഗാമിയായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധജീവിതത്തിന്റെ തുടർച്ചയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ദൈവശാസ്‌ത്രത്തിനും തത്വജ്‌ഞാനത്തിനും ചിന്തയുടെ പുതിയ വെളിച്ചം പകരുന്നതിനൊപ്പം വിശ്വാസത്തിനും സഭയുടെ ഘടനാപരമായ അടിത്തറയ്‌ക്കും കൂടുതൽ ഉറപ്പുപകരാനും ബനഡിക്ട് പാപ്പയ്ക്ക് കഴിഞ്ഞു. തന്റെ ദൈവശാസ്‌ത്രപരമായ ബോധ്യങ്ങളിൽ കടുകിട ചലിക്കാതെ ഉറച്ചുനിൽക്കുമ്പോഴും പുതിയ കാലത്തോടു സംവദിക്കാൻ അദ്ദേഹം മടികാട്ടിയില്ല.
കൃത്രിമ ഗർഭധാരണ മാർഗങ്ങൾ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ വിമർശനങ്ങളുയർന്നു. സ്‌ത്രീകൾ വൈദികരാകുന്നതിനും വിവാഹേതര ബന്ധങ്ങൾക്കുമെതിരെ അദ്ദേഹം കടുത്ത നിലപാടെടുത്തു. ഗര്‍ഭച്ഛിദ്രത്തെയും സ്വവര്‍ഗവിവാഹങ്ങളെയും നഖശിഖാന്തം അദ്ദേഹം എതിര്‍ത്തു. വിട്ടുവീഴ്ചകള്‍ക്ക് ഒരിക്കലും തയ്യാറായില്ല. കുടുംബമൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
സഭാകാര്യങ്ങളിൽ പഴമയുടെ വക്‌താവായിക്കെ മറ്റുചില കാര്യങ്ങളിൽ ബനഡിക്ട് പാപ്പ അതിപുരോഗമനവാദിയായി. സഭയിൽനിന്ന് അകന്നു പോകുന്ന യുവാക്കളെ തിരിച്ചെത്തിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗം സഭാനേതൃത്വത്തിലെ പുരോഗമനവാദികളെപ്പോലും അതിശയിപ്പിച്ചു. ട്വിറ്ററിൽ സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങി.
യുവാക്കളുമായി ആശയവിനിമയത്തിന് എസ്‌എംഎസ് വത്തിക്കാൻ ഉപയോഗിച്ചു തുടങ്ങിയത് ബനഡിക്‌ട് പതിനാറാമന്റെ നിർദേശപ്രകാരമായിരുന്നു. പുതിയ കാലത്തിന്റെ മാധ്യമം സോഷ്യൽ മീഡിയ ആണെന്നും യുവതീയുവാക്കൾ അവ മാതൃകാപരമായി ഉപയോഗിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്‌തു.
പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകളോടു മാർപാപ്പ മുഖം തിരിക്കുന്നുവെന്നു പരാതിപ്പെട്ടവരെയാകെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ബെനഡിക്ട് പപ്പാ ട്വിറ്റർ അക്കൗണ്ട് തുടങ്ങി ചെറുപ്പക്കാരിലേക്കെത്തിയത്. പിന്നീട് ക്യൂബയിൽ ഫിഡൽ കാസ്ട്രോയുമായി അദ്ദേഹം നടത്തിയ സന്ദർശനത്തെ ‘വിപ്ലവകരം’ എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
തിരുസഭയ്ക്കുളളിലും പുറത്തും ഉടലെടുത്ത കാറും കോളുമെല്ലാം ദൈവാശ്രയത്തിലൂന്നി അദ്ദേഹം തരണം ചെയ്തു. നീതിബോധവും ദൈവഹിതം തിരിച്ചറിയുവാനുളള കഴിവും ഒന്നുപോലെ സമ്മേളിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ബെനഡിക്ട് പതിനാറമൻ മാർപ്പാപ്പ. അതിനാലായിരിക്കാം കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം, സഭയുടെ ഉപരിനന്മയ്ക്കായി ഏറ്റവും ഉചിതമായ സമയത്ത് ത്യജിക്കുവാനും അതുവഴി തിരുസഭയുടെ ചരിത്രത്തിൽ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റാകുവാനും ബെനഡിക്ട് പതിനാറമൻ മാർപ്പാപ്പയ്ക്ക് സാധിച്ചത്.
കൂടുതൽ വായനയ്ക്ക്...
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിത്യ സമ്മാനത്തിനായി വിളിയ്ക്കപ്പെട്ടു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.